'സൊനാലിയെ ബലാത്സം​ഗം ചെയ്തു, വിഷം കൊടുത്തു കൊന്നു', പരാതിയുമായി സഹോദരൻ;  രണ്ടു സഹായികൾ അറസ്റ്റിൽ

സൊനാലിക്കൊപ്പം ഗോവയിലെത്തിയ പേഴ്സണൽ അസിസ്റ്റന്റ് സുധീർ സഗ്‍വാൻ, സുഹൃത്ത് സുഖ്‌വിന്ദർ വാസി എന്നിവരാണ് അറസ്റ്റിലായത്
സൊനാലി ഫോഗട്ട്/ ഫേസ്ബുക്ക്
സൊനാലി ഫോഗട്ട്/ ഫേസ്ബുക്ക്
Updated on
1 min read

പനാജി: നടിയും ഹരിയാണയിലെ ബിജെപി നേതാവുമായ സൊനാലി ഫൊഗട്ടിന്റെ (42) മരണത്തിൽ അവരുടെ രണ്ടു സഹായികൾ അറസ്റ്റിൽ. സൊനാലിക്കൊപ്പം ഗോവയിലെത്തിയ പേഴ്സണൽ അസിസ്റ്റന്റ് സുധീർ സഗ്‍വാൻ, സുഹൃത്ത് സുഖ്‌വിന്ദർ വാസി എന്നിവരാണ് അറസ്റ്റിലായത്. ഇരുവർക്കുമെതിരേ കൊലപാതകക്കുറ്റം ചുമത്തി ​ഗോവ പൊലീസ് കേസെടുത്തു. അതിനിടെ സൊനാലിയുടെ സംസ്കാരം ഇന്ന് നടക്കുമെന്നും ബന്ധുക്കൾ അറിയിച്ചു. 

സൊനാലി ഫൊഗട്ടിന്റെ ശരീരത്തിൽ മൂർച്ചയേറിയ ആയുധം ഉപയോഗിച്ചുള്ള മുറിവുകൾ ഉണ്ടെത്തിയതായി പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ പറയുന്നത്. എന്നാൽ ഇതാണോ മരണകാരണമെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ പറയുന്നില്ല. എന്നാൽ സൊനാലിയുടെ മൃതദേഹം പരിശോധിച്ച വനിതാ പൊലീസ് ഉദ്യോഗസ്ഥർക്ക് ഇത്തരമൊരു മുറിവു കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്നു പൊലീസ് അറിയിച്ചു.

സഹോദരി ബലാത്സംഗത്തിന് ഇരയായെന്നും സുധീറും സുഖ്‌വിന്ദറും ചേർന്നു കൊലപ്പെടുത്തുകയായിരുന്നുവെന്നുമാണ് സൊനാലിയുടെ സഹോദരൻ റിങ്കു ധാക്ക നൽകിയ പരാതിയിൽ പറയുന്നത്.  ഇതിന്റെ വിഡിയോ ചിത്രീകരിച്ച് അവർ ഭീഷണിപ്പെടുത്തിയിരുന്നതായും പരാതിയിൽ ഉണ്ട്. തുടർന്നാണ് കൊലപാതകക്കേസെടുക്കാൻ പൊലീസ് തയ്യാറായത്. ഹൃദയാഘാതത്തെത്തുടർന്നാണ് മരണമെന്നായിരുന്നു പൊലീസിന്റെ ആദ്യനിലപാട്.

ഗോവയിലേക്കു കൊണ്ടുപോയത് ​ഗൂഢാലോചനയുടെ ഫലമായിട്ടാണെന്നും ആരോപണമുണ്ട്. മരിക്കുന്നതിന് ഏതാനും മണിക്കൂർമുമ്പ് അമ്മയോടും സഹോദരിയോടും സൊനാലി ഫോണിൽ സംസാരിച്ചിരുന്നു. ഈ സംഭാഷണത്തിനിടെ പേഴ്സണൽ അസിസ്റ്റന്റ് മോശമായി പെരുമാറുന്നതിനെക്കുറിച്ച് പരാതിപ്പെട്ടിരുന്നു. സുധീർ സഗ്‍വാൻ ഭക്ഷണത്തിൽ മയക്കുമരുന്ന് കലർത്തിനൽകിയാണ് ബലാത്സംഗം ചെയ്തത്. ഇതു വീഡിയോയിൽ പകർത്തിയിരുന്നു. വീഡിയോ സാമൂഹികമാധ്യമത്തിൽ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. രാത്രിഭക്ഷണത്തിൽ വിഷംനൽകിയാണ് കൊലപ്പെടുത്തിയത്. സുധീർ സൊനാലിയുടെ രാഷ്ട്രീയ-അഭിനയ ജീവിതത്തിൽ ഇടപെട്ടിരുന്നതായും ഫോണുകൾ, സ്വത്തുരേഖകൾ, എ.ടി.എം. കാർഡുകൾ, വീടിന്റെ താക്കോൽ എന്നിവ കൈവശപ്പെടുത്തിയതായും പരാതിയിൽ പറയുന്നു.

രണ്ടംഗ ഫൊറൻസിക് വിദഗ്ധസംഘത്തിന്റെ മേൽനോട്ടത്തിലാണ് മൃതദേഹപരിശോധന പൂർത്തിയാക്കിയത്. പോസ്റ്റ്മോർട്ടം ഗോവയ്ക്കുപകരം ഡൽഹി എയിംസിൽ നടത്തണമെന്ന് നിർബന്ധം പിടിച്ചിരുന്ന കുടുംബം സമ്മതമറിയിച്ചതോടെയാണ് അതിനുവഴിയൊരുങ്ങിയത്. ഗോവ ഡിജിപി ജസ്‌പാൽസിങ് കേസ് വിലയിരുത്തിവരുകയാണെന്ന് മുഖ്യമന്ത്രി പ്രമോദ് സാവന്ത് പറഞ്ഞു. ടിക്ടോക് വിഡിയോയിലൂടെ പ്രസിദ്ധിയാർജിച്ച സൊനാലി, 2019ൽ ബിജെപി സ്ഥാനാർഥിയായി ഹരിയാന തിരഞ്ഞെടുപ്പിൽ മത്സരിച്ചിരുന്നു. എന്നാൽ കോൺഗ്രസ് നേതാവ് കുൽദീപ് ബിഷ്ണോയിയോടു പരാജയപ്പെടുകയായിരുന്നു. 2020ൽ ബിഗ് ബോസ് റിയാലിറ്റി ഷോയിലും ഇവർ പങ്കെടുത്തിട്ടുണ്ട്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com