മുസ്ലിം പെണ്‍കുട്ടികള്‍ക്ക് വേണ്ടി മാത്രം പ്രത്യേക കോളജുകള്‍; കര്‍ണാടകയില്‍ പുതിയ വിവാദം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 01st December 2022 03:25 PM  |  

Last Updated: 01st December 2022 03:25 PM  |   A+A-   |  

karnataka-hijab

ചിത്രം: എഎഫ്പി


ബെംഗളൂരു: മുസ്ലിം പെണ്‍കുട്ടികള്‍ക്ക് മാത്രമായി കോളജുകള്‍ നിര്‍മ്മിക്കുമെന്ന വഖഫ് ബോര്‍ഡ് ചെയര്‍മാന്റെ പ്രസ്താവനയ്ക്ക് പിന്നാലെ കര്‍ണാടകയില്‍ പുതിയ വിവാദം. സര്‍ക്കാരിന് അത്തരമൊരു ഉദ്ദേശമില്ലെന്ന് വ്യക്തമാക്കി കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ രംഗത്തെത്തി. കര്‍ണാട വഖഫ് ബോര്‍ഡ് ചെയര്‍ പേഴ്‌സണ്‍ ഷാഫി സാദിയുടെ വ്യക്തിപരമായ അഭിപ്രായമാണ് ഇതെന്ന് മുഖ്യമന്ത്രി പറഞ്ഞു. മുസ്ലിം പെണ്‍കുട്ടികള്‍ക്ക് മാത്രം പ്രത്യേക വിദ്യാലയങ്ങള്‍ തുടങ്ങുക എന്നത് സര്‍ക്കാരിന്റെ നയമല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഹിന്ദു സംഘടനകള്‍ എതിര്‍പ്പുമായി എത്തിയതിന് പിന്നാലെയാണ് പ്രത്യേക കോളജുകള്‍ നിര്‍മ്മിക്കുന്നില്ലെന്ന വിശദീകരണവുമായി മുഖ്യമന്ത്രി രംഗത്തെത്തിയത്.

മുസ്ലിം വിദ്യാര്‍ത്ഥിനികള്‍ക്ക് മാത്രമായി പുതുതായി പത്ത് കോളജുകള്‍ ആരംഭിക്കും എന്ന് കര്‍ണാടക വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ പറഞ്ഞത് വാര്‍ത്തയായിരുന്നു. ഇതിന് പിന്നാലെ കോളജുകള്‍ നിര്‍മ്മിക്കാന്‍ അനുവദിക്കില്ലെന്ന് പറഞ്ഞ് ഹിന്ദു സംഘടനകള്‍ രംഗത്തുവന്നു. 

മുസ്ലിം പെണ്‍കുട്ടികള്‍ക്ക് വേണ്ടി പ്രത്യേക കോളജുകള്‍ നിര്‍മ്മിക്കുമെന്ന് താന്‍ പറഞ്ഞിട്ടില്ലെന്ന് വ്യക്തമാക്കി വഖഫ് ബോര്‍ഡ് ചെയര്‍ പേഴ്‌സണ്‍ മൗലാന ഷാഫി സാദി രംഗത്തെത്തി. പെണ്‍കുട്ടികള്‍ക്ക് വേണ്ടി കോളജുകള്‍ ആരംഭിക്കുന്നതിനെ കുറിച്ചാണ് പരഞ്ഞത്. തന്റെ പ്രസ്താവന വളച്ചൊടിക്കുകയായിരുന്നു. സര്‍ക്കാര്‍ നിയമങ്ങള്‍ പാലിച്ച് വഖഫ് ബോര്‍ഡ് 112 വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നടത്തുന്നുണ്ട്. പുതിയ കോളജുകളും ഹിജാബ് വിവാദവും തമ്മില്‍ ബന്ധമില്ല. 'ബേഠി ബചാവോ ബേഠി പഠാവോ' എന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മുദ്രാവാക്യത്തിലൂന്നിയാണ് പുതിയ കോളജുകള്‍ നിര്‍മ്മിക്കാന്‍ പോകുന്നതെന്നും അദ്ദേഹം പറഞ്ഞു. 

മുസ്ലിം വിദ്യാര്‍ത്ഥികള്‍ക്ക് മാത്രമായി കോളജുകള്‍ വരികയാണെങ്കില്‍, ഹിന്ദുക്കള്‍ക്ക് വേണ്ടിയും കോളജുകളും യൂണിവേഴ്‌സിറ്റികളും നിര്‍മ്മിക്കണമെന്ന് ഹിന്ദു ജനജാഗ്രതി ആവശ്യപ്പെട്ടു. മുസ്ലിം പെണ്‍കുട്ടികള്‍ക്ക് മാത്രമായി കോളജുകള്‍ നിര്‍മ്മിക്കാന്‍ സര്‍ക്കാരിന് അനുവദിക്കില്ലെന്ന് പറഞ്ഞ് ശ്രീ രാമസേനയും രംഗത്തെത്തി. ഒരുവിഭാഗത്തിന് വേണ്ടി മാത്രം പ്രത്യേക കോളജുകള്‍ തുടങ്ങാന്‍ അനുമതി നല്‍കിയിട്ടില്ലെന്ന് വ്യക്തമാക്കി വഖഫ് ബോര്‍ഡ് മന്ത്രി ശശികല ജൊല്ലെയും രംഗത്തെത്തി. 

ഈ വാർത്ത കൂടി വായിക്കൂ‌ രണ്ടു കോടിയുടെ ഇന്‍ഷുറന്‍സ് തുക തട്ടിയെടുക്കാന്‍ ഭാര്യയെ കൊന്നു, വാഹനാപകടമെന്ന് വരുത്തിതീര്‍ക്കാന്‍ ശ്രമം; ചുരുളഴിച്ച് പൊലീസ്  

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ