എല്ലാ കോവിഡ് പോസിറ്റീവ് കേസുകളുടെയും സാമ്പിളുകള്‍ ജനിതക ശ്രേണീകരണത്തിന് അയക്കണം; നിരീക്ഷണം ശക്തമാക്കി കേന്ദ്രം 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 20th December 2022 08:35 PM  |  

Last Updated: 20th December 2022 08:35 PM  |   A+A-   |  

COVID UPDATES

ഫയല്‍ ചിത്രം

 

ന്യൂഡല്‍ഹി: ചൈനയില്‍ കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ രാജ്യത്ത് മുന്‍കരുതല്‍ നടപടികള്‍ ശക്തമാക്കി കേന്ദ്രം. പുതിയ കോവിഡ് വകഭേദങ്ങള്‍ ഉണ്ടാവുന്നുണ്ടോ എന്ന് തിരിച്ചറിയുന്നതിന് പോസിറ്റീവ് കേസുകളുടെ ജനിതക ശ്രേണീകരണം വര്‍ധിപ്പിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര ആരോഗ്യമന്ത്രാലയം കത്തയച്ചു. 

ചൈനയ്ക്ക് പുറമേ ജപ്പാന്‍, അമേരിക്ക, ബ്രസീല്‍, തുടങ്ങിയ രാജ്യങ്ങളിലും കോവിഡ് കേസുകള്‍ ഉയര്‍ന്നുവരികയാണ്. പുതിയ സാഹചര്യത്തില്‍ കോവിഡ് പോസിറ്റീവ് കേസുകളുടെ സാമ്പിളുകള്‍ ജനിതക ശ്രേണീകരണത്തിന് വിധേയമാക്കുന്നത് വര്‍ധിപ്പിക്കേണ്ടതുണ്ട്. കൊറോണ വൈറസുകളെ ട്രാക്ക് ചെയ്യുന്നതിന് ഇത് അനിവാര്യമാണെന്നും സംസ്ഥാനങ്ങള്‍ക്ക് അയച്ച കത്തില്‍ ആരോഗ്യസെക്രട്ടറി രാജേഷ് ഭൂഷണ്‍ പറയുന്നു.

മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചാല്‍ പുതിയ വകഭേദങ്ങളെ നേരത്തെ തന്നെ തിരിച്ചറിയാന്‍ സഹായിക്കും. അതുവഴി ആരോഗ്യരംഗത്ത് ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. ലാബുകളുടെ കൂട്ടായ്മയായ ഇന്‍സാകോഗ് വഴി ജനിതക ശ്രേണീകരണം നടത്തിയാണ് വൈറസുകളെ നിരീക്ഷിക്കുന്നത്. 

എല്ലാ പോസിറ്റീവ് കേസുകളുടെയും സാമ്പിളുകള്‍ ജനിതക ശ്രേണീകരണത്തിന് ഇന്‍സാകോഗിലേക്ക് അയക്കാന്‍ കേന്ദ്രം നിര്‍ദേശിച്ചു. ഇന്നലെ 112 പേര്‍ക്കാണ് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്. നിലവില്‍ രാജ്യത്ത് 3490 പേരാണ് കോവിഡ് ബാധിച്ച് ചികിത്സയിലുള്ളതെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

2021ല്‍ രാജ്യത്ത് ആത്മഹത്യ ചെയ്തത് 1,64,033 പേര്‍; ദിനം പ്രതി 63 വീട്ടമ്മമാരും 115 ദിവസവേതനക്കാരും ജീവനൊടുക്കി

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ