വധശിക്ഷയ്ക്കു വിധിക്കപ്പെട്ടവരില്‍ മൂന്നു മലയാളികള്‍; ഒരാള്‍ക്കു മരണംവരെ ജീവപര്യന്തം; അഹമ്മദാബാദ് സ്‌ഫോടന കേസില്‍ വിധി

ഈരാട്ടുപേട്ട സ്വദേശികളായ ഷിബിലി അബ്ദുല്‍കരീം, ഷാദുലി അബ്ദുല്‍കരീം, കൊണ്ടോട്ടി സ്വദേശി ഷറഫുദ്ദീന്‍ എന്നിവരാണ് വധശിക്ഷയ്ക്കു വിധിക്കപ്പെട്ട മലയാളികള്‍
അഹമ്മദാബാദ് സ്‌ഫോടന ദൃശ്യം/ഫയല്‍
അഹമ്മദാബാദ് സ്‌ഫോടന ദൃശ്യം/ഫയല്‍

അഹമ്മദാബാദ്: അഹമ്മദാബാദ് സ്‌ഫോടന പരമ്പര കേസില്‍ പ്രത്യേക കോടതി വധശിക്ഷ വിധിച്ച 38 പേരില്‍ മൂന്നു മലയാളികള്‍. ഈരാട്ടുപേട്ട സ്വദേശികളായ ഷിബിലി അബ്ദുല്‍കരീം, ഷാദുലി അബ്ദുല്‍കരീം, കൊണ്ടോട്ടി സ്വദേശി ഷറഫുദ്ദീന്‍ എന്നിവരാണ് വധശിക്ഷയ്ക്കു വിധിക്കപ്പെട്ട മലയാളികള്‍. കേസില്‍ കുറ്റക്കാരനെന്നു കണ്ടെത്തിയ മറ്റൊരു മലയാളിയായ മുഹമ്മദ് അന്‍സാറിന് ജീവപര്യന്തം തടവുശിക്ഷയും വിധിച്ചു. 

കേസില്‍ കുറക്കാരെന്നു കണ്ടെത്തിയ 49ല്‍ 38 പേര്‍ക്കാണ് പ്രത്യേക കോടതി വധശിക്ഷ വിധിച്ചത്. സ്വതന്ത്ര ഇന്ത്യയില്‍ ഇത്രയും പേര്‍ക്കു ഒറ്റയടിക്കു തൂക്കുകയര്‍ വിധിക്കുന്നത് ആദ്യമാണ്. ശേഷിച്ച പതിനൊന്നു പേര്‍ക്കു മരണം വരെ ജീവപര്യന്തമാണ് ശിക്ഷ. 

പതിമൂന്നു വര്‍ഷം നീണ്ട വിചാരണയ്‌ക്കൊടുവിലാണ് അഹമ്മദാബാദ് സ്‌ഫോടന പരമ്പര കേസില്‍ വിധി വന്നത്. മൊത്തം 77 പേരായിരുന്നു പ്രതികള്‍. ഇതില്‍ 49 പേരാണ് കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയത്. കഴിഞ്ഞ സെപ്റ്റംബറില്‍ കേസിന്റെ വിചാരണ പൂര്‍ത്തയായിരുന്നു. ഇന്ത്യന്‍ മുജാഹിദ്ദീന്‍ പ്രവര്‍ത്തകരാണ് സ്‌ഫോടനം ആസൂത്രണം ചെയ്തത് എന്നായിരുന്നു പ്രോസിക്യൂഷന്‍ കേസ്. 

2008 ജൂലൈ 21നാണ് അഹമ്മദാബാദില്‍ സ്‌ഫോടന പരമ്പര അരങ്ങേറിയത്. 20 മിനിറ്റിനിടെ 21 സ്ഥലങ്ങളിലായാണ് സ്‌ഫോടനം നടന്നത്. സ്‌ഫോടനത്തില്‍ 56 പേരാണ് മരിച്ചത്. 200 പേര്‍ക്ക് പരിക്കേറ്റു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com