മായാവതി മത്സരിക്കില്ല; അധികാരം പിടിക്കുമെന്ന് ബിഎസ്പി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 11th January 2022 03:01 PM  |  

Last Updated: 11th January 2022 03:01 PM  |   A+A-   |  

mayawati

മായാവതി/ഫയല്‍


ലഖ്‌നൗ: ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പില്‍ മുന്‍മുഖ്യമന്ത്രിയും ബിഎസ്പി മേധാവിയുമായ മായാവതി മത്സരിക്കില്ല. പാര്‍ട്ടി എംപിയായ സതീഷ് ചന്ദ്ര മിശ്രയാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പുകളിലും മായാവതി മത്സരിച്ചിരുന്നില്ല. എംഎല്‍സി തെരഞ്ഞെടുപ്പുകളിലൂടെയാണ് മായാവതി നിയമസഭയിലെത്തിയതും മുഖ്യമന്ത്രിയായും. 

തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കേണ്ടതിനാലാണ് മായാവതി മത്സരിക്കാതിരിക്കുന്നതെന്നും മിശ്ര കൂട്ടിച്ചേര്‍ത്തു. ബിഎസ്പി ഉത്തര്‍പ്രദേശില്‍ സര്‍ക്കാരുണ്ടാക്കുമെന്നും മിശ്ര അവകാശപ്പെട്ടു. '400 സ്ഥാനാര്‍ത്ഥികളെ കണ്ടെത്താന്‍ കഴിയാത്ത സമാജ്‌വാദി പാര്‍ട്ടി എങ്ങനെ 400 സീറ്റുകള്‍ ജയിക്കും' എന്നും മിശ്ര ചോദിച്ചു. എസ്പിയോ ബിജെപിയോ അല്ല ഉത്തര്‍പ്രദേശില്‍ അധികാരത്തിലെത്താന്‍ പോകുന്നത്, ബിഎസ്പിയാണ് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

ബിജെപിയെ ഞെട്ടിച്ച് മന്ത്രി രാജിവച്ചു, എസ്പിയിലേക്ക്

നിയമസഭാ തെരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ എത്തിനില്‍ക്കെ ഉത്തര്‍പ്രദേശില്‍ ബിജെപിക്കു തിരിച്ചടി. യോഗി ആദിത്യനാഥ് സര്‍ക്കാരിലെ തൊഴില്‍മന്ത്രി സ്വാമി പ്രസാദ് മൗര്യ രാജിവച്ചു.

ഗവര്‍ണര്‍ക്കാണ് മൗര്യ രാജിക്കത്ത് നല്‍കിയത്. സര്‍ക്കാര്‍ ഒബിസി വിഭാഗക്കാരെയും ദലിതുകളെയും യുവാക്കളെയും അവഗണിക്കുകയാണെന്ന് മൗര്യ രാജിക്കത്തില്‍ ആരോപിച്ചു.

മൗര്യയുടെ മകള്‍ ബദായൂമില്‍നിന്നുള്ള ബിജെപി എംപിയാണ്.മൗര്യ സമാജ്‌വാദി പാര്‍ട്ടിയില്‍ ചേരുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. 2017 തെരഞ്ഞെടുപ്പിനു മുന്നോടിയായാണ് മൗര്യ ബിജെപിയില്‍ ചേര്‍ന്നത്.