എഐസിസി ഓഫീസ് പരിസരത്ത് നിരോധനാജ്ഞ; രാഹുൽ ​ഗാന്ധി 11 മണിക്ക് ഇഡി ഓഫിസിലെത്തും, മാർച്ച് നടത്തിയാൽ അറസ്റ്റെന്ന് പൊലീസ്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 13th June 2022 09:22 AM  |  

Last Updated: 13th June 2022 09:25 AM  |   A+A-   |  

rahul_gandhi_delhi

ഇഡി ഓഫിസിന് മുന്നിൽ പൊലീസ് സുരക്ഷ, രാഹുൽ ​ഗാന്ധിയെ പിന്തുണച്ചുകൊണ്ട് പോസ്റ്റർ/ എഎൻഐ

 

ന്യൂഡൽഹി; കോൺ​ഗ്രസ് നേതാവ് രാഹുൽ ​ഗാന്ധി ഇന്ന് ഇഡിക്കു മുന്നിൽ ചോദ്യം ചെയ്യലിന് ഹാജരാകാനിരിക്കെ എഐസിസി ഓഫിസ് പരിസരത്ത് സുരക്ഷ കടുപ്പിച്ച് ഡൽഹി പൊലീസ്. എഐസിസി ഓഫീസ് പരിസരത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചു. കൂടാതെ ഡൽഹി ന​ഗരത്തിലും എഐസിസി ഓഫീസ് പരിസരത്തും ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. ഇഡി ഓഫീസിന്റെ രണ്ട് കിലോമീറ്റർ ചുറ്റള്ളവ് മുഴുവനായി പൊലീസ് കെട്ടിയടച്ചു. ഓഫീസിലേക്കുള്ള വഴിയും അടച്ചു. 

പതിനൊന്നു മണിയോടെയാവും രാഹുൽ​ഗാന്ധി ഇഡി ഓഫിസിൽ ഹാജരാകുക. നാഷണല്‍ ഹെറാള്‍ഡ് കേസിലാണ് നടപടി. രാഷ്ട്രീയമായ വേട്ടയാടല്‍ എന്ന ആരോപണമുയര്‍ത്തി രാഹുലിനൊനൊപ്പം കോൺഗ്രസ് നേതാക്കളും ഇഡ‍ി ഓഫീസിലേക്ക് മാർച്ച് നടത്തുമെന്ന് കോൺ​ഗ്രസ് അറിയിച്ചിരുന്നു. അതിന്റെ ഭാ​ഗമായാണ് പൊലീസ് നടപടി. ഇതിനിടെ, രാഹുൽ ഗാന്ധിയെ അനുകൂലിച്ച് ദില്ലിയിൽ ഫ്ലക്സ് ബോർഡുകൾ സ്ഥാപിച്ചു. തുഗ്ലക്ക് ലൈനിലെ വീടിന് സമീപത്താണ് ബോർഡുകൾ സ്ഥാപിച്ചത്. മോദിക്കും അമിത് ഷാക്കും മുന്നിൽ മുട്ടുമടക്കാൻ ഞാൻ സവർക്കർ അല്ല, രാഹുൽ ഗാന്ധിയാണ് എന്നിങ്ങനെയുള്ള വാചകങ്ങളുമായാണ് പോസ്റ്ററുകൾ. 

എഐസിസി ആസ്ഥാനത്ത് നിന്ന് പ്രതിഷേധ മാര്‍ച്ചോടെ നേതാക്കള്‍ രാഹുല്‍ ഗാന്ധിക്ക് ഐക്യദാർഢ്യം അറിയിച്ച് ഇഡി ഓഫീസിലേക്ക് നീങ്ങുമെന്നാണ് അറിയിച്ചിട്ടുള്ളത്. രാജസ്ഥാന്‍, ഛത്തീസ്ഘട്ട് മുഖ്യമന്ത്രിമാര്‍, കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗങ്ങള്‍, എംപിമാര്‍ തുടങ്ങിയവര്‍ പ്രതിഷേധത്തില്‍ അണിനിരക്കാനും തീരുമാനിച്ചിട്ടുണ്ട്. റാലിക്ക് ഡൽഹി പൊലീസ് അനുമതി നിഷേധിച്ചിട്ടുണ്ട്. ക്രമസമാധാന പ്രശ്നം ഉണ്ടാകുമെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. ഇഡി ഓഫീസിലേക്ക് റാലി നടത്തിയാൽ അറസ്റ്റ് ചെയ്യുമെന്ന് നേതാക്കൾക്ക് ഡൽഹി പൊലീസ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കൂടാതെ രാജ്യമെമ്പാടുമുള്ള ഇഡി ഓഫിസിനു മുന്നിലും പ്രതിഷേധ സമരങ്ങൾ അരങ്ങേറും. 
 

ഈ വാര്‍ത്ത കൂടി വായിക്കാം 

കോഴിക്കോട് മലയോര മേഖലയിൽ ഇന്ന് ഹർത്താൽ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ