ട്രെയിനുകള്‍ക്ക് തീവെച്ചു, റെയില്‍- റോഡ് ഗതാഗതം തടഞ്ഞു; അഗ്നിപഥ് പദ്ധതിക്കെതിരെ ബിഹാറില്‍ വന്‍ പ്രതിഷേധം ( വീഡിയോ)

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 16th June 2022 01:06 PM  |  

Last Updated: 16th June 2022 01:38 PM  |   A+A-   |  

agnipath_protest

സമരക്കാര്‍ ട്രെയിനിന് തീവെച്ചപ്പോള്‍/ ട്വിറ്റര്‍ ചിത്രം

 

പട്‌ന: സൈന്യത്തിലേക്ക് നാലുവര്‍ഷത്തേക്ക് നിയമനം നല്‍കുന്ന കേന്ദ്രസര്‍ക്കാരിന്റെ അഗ്നിപഥ് പദ്ധതിക്കെതിരെ ബിഹാറില്‍ പ്രതിഷേധം തുടരുന്നു. നിര്‍ദ്ദിഷ്ട പദ്ധതി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് സമര രംഗത്തുള്ള ഉദ്യോഗാര്‍ത്ഥികള്‍ റെയില്‍, റോഡ് ഗതാഗതം തടസ്സപ്പെടുത്തി. സമരക്കാര്‍ ട്രെയിന് തീയിട്ടു. 

പ്രതിഷേധക്കാരെ പിരിച്ചുവിടാന്‍ പൊലീസിന് കണ്ണീര്‍ വാതകം പ്രയോഗിക്കേണ്ടി വന്നു. നവാഡയില്‍ പ്രതിഷേധക്കാര്‍ റോഡില്‍ ടയറുകള്‍ കൂട്ടിയിട്ട് തീവെച്ചു. ജഹാനാബാദിലും വിദ്യാര്‍ത്ഥികള്‍ അടക്കം നൂറുകണക്കിന് പേരാണ് പദ്ധതിക്കെതിരെ പ്രതിഷേധവുമായി തെരുവികളിലിറങ്ങിയത്. റെയില്‍- റോഡ് ഗതാഗതം തടഞ്ഞ സമരക്കാര്‍ റോഡില്‍ ടയറുകള്‍ക്ക് തീയിടുകയും ചെയ്തു. 

ചപ്രയില്‍ പ്രതിഷേധ മാര്‍ച്ച് നടത്തിയ സമരക്കാര്‍ ബസ് തല്ലിത്തകര്‍ത്തു. ബുക്‌സര്‍ റെയില്‍വേ സ്റ്റേഷനിലേക്കെത്തിയ പ്രതിഷേധക്കാര്‍ റെയില്‍വേ സ്റ്റേഷന്‍ ഓഫീസ് കല്ലെറിഞ്ഞ് തകര്‍ത്തു. റെയില്‍വേ ട്രാക്കുകള്‍ക്കും കേടുപാട് വരുത്തി. ആരാ റെയില്‍വേ സ്റ്റേഷനു നേര്‍ക്കും കല്ലേറും ആക്രമണവും ഉണ്ടായി. ബിഹാറിന് പുറമേ, രാജസ്ഥാനിലും യുപിയിലും അഗ്നിപഥ് പദ്ധതിക്കെതിരെ പ്രതിഷേധം രൂക്ഷമാണ്. 

ജോലി സുരക്ഷ, പെന്‍ഷന്‍ തുടങ്ങിയ കാര്യങ്ങളില്‍ ആശങ്ക ഉന്നയിച്ചാണ് ബിഹാറില്‍ ഉദ്യോഗാര്‍ത്ഥികള്‍ സമരരംഗത്തുള്ളത്. കേന്ദ്രസര്‍ക്കാരിന്റെ അഗ്നിപഥ് പദ്ധതിക്കെതിരെ ബിജെപി എംപി വരുണ്‍ ഗാന്ധി വിമര്‍ശനവുമായി രംഗത്തുവന്നു. 

ഒരു സര്‍ക്കാര്‍ അഞ്ച് വര്‍ഷത്തേക്കാണ് തെരഞ്ഞെടുക്കപ്പെടുന്നത്, പിന്നെ എന്തിനാണ് യുവാക്കള്‍ക്ക് രാജ്യത്തെ സേവിക്കാന്‍ നാല് വര്‍ഷം നല്‍കുന്നത്. പുതിയ പദ്ധതിയെപ്പറ്റി യുവാക്കളുടെ മനസ്സില്‍ നിരവധി സംശയങ്ങളും ചോദ്യങ്ങളുമുണ്ട്. അത് ദുരീകരിക്കാന്‍ സര്‍ക്കാര്‍ ബാധ്യസ്ഥമാണെന്നും വരുണ്‍ഗാന്ധി അഭിപ്രായപ്പെട്ടിരുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കൂ

എലിമാളത്തില്‍ 'സ്വര്‍ണപ്പൊതി', 15 പവന്‍; കഥ ഇങ്ങനെ...

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ