ഉദ്ധവ് താക്കറെയും മകനും ഗവര്‍ണര്‍ക്കൊപ്പം/ട്വിറ്റര്‍ ചിത്രം
ഉദ്ധവ് താക്കറെയും മകനും ഗവര്‍ണര്‍ക്കൊപ്പം/ട്വിറ്റര്‍ ചിത്രം

ഗവര്‍ണറുടെ തീരുമാനം നിയമവിരുദ്ധം; വിശ്വാസവോട്ടെടുപ്പിനെതിരെ ശിവസേന സുപ്രീംകോടതിയിലേക്ക്

നിയമസഭയില്‍ വിശ്വാസ വോട്ടെടുപ്പ് നേരിടാന്‍ തയ്യാറാണെന്ന് ശിവസേന വിമത നേതാവ് ഏക്‌നാഥ് ഷിന്‍ഡെ പറഞ്ഞു

മുംബൈ:  രാഷ്ട്രീയപ്രതിസന്ധി തുടരുന്ന മഹാരാഷ്ട്രയില്‍ നാളെ വിശ്വാസ വോട്ട് തേടണമെന്ന ഗവര്‍ണറുടെ തീരുമാനത്തിനെതിരെ ശിവസേന. ഗവര്‍ണറുടെ നിര്‍ദേശത്തിനെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്ന് ശിവസേന വക്താവ് സഞ്ജയ് റാവത്ത് എംപി അറിയിച്ചു. 16 വിമത എംഎല്‍എമാരെ അയോഗ്യരാക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ടുള്ള കേസ് സുപ്രീംകോടതിയുടെ പരിഗണനയിലാണെന്ന് റാവത്ത് പറഞ്ഞു. 

ഈ കേസില്‍ തീര്‍പ്പുണ്ടാകാതിരിക്കെ വിശ്വാസ വോട്ടെടുപ്പ് നടത്താനുള്ള ഗവര്‍ണറുടെ തീരുമാനം നിയമവിരുദ്ധ നടപടിയാണ്. നിലവിലെ സാഹചര്യത്തില്‍ കേസില്‍ തീര്‍പ്പുണ്ടാകുന്നതുവരെ കാത്തിരിക്കുക എന്നതാണ് ഗവര്‍ണര്‍ക്ക് അഭികാമ്യമെന്നും സഞ്ജയ് റാവത്ത് അഭിപ്രായപ്പെട്ടു. സഭയില്‍ വിശ്വാസവോട്ടെടുപ്പ് നടത്താനുള്ള ഗവര്‍ണറുടെ തീരുമാനത്തിനെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്ന് കോണ്‍ഗ്രസ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ പൃഥ്വിരാജ് ചവാനും വ്യക്തമാക്കി. 

നിയമസഭയില്‍ വിശ്വാസ വോട്ടെടുപ്പ് നേരിടാന്‍ തയ്യാറാണെന്ന് ശിവസേന വിമത നേതാവ് ഏക്‌നാഥ് ഷിന്‍ഡെ പറഞ്ഞു. 50 എംഎല്‍എമാര്‍ തന്നോടൊപ്പമുണ്ട്. ബാലാസാഹേബ് താക്കറെയുടെ പാരമ്പര്യം ഉയര്‍ത്തിപ്പിടിക്കുകയാണ് തങ്ങളുടെ ലക്ഷ്യം. വിശ്വാസ വോട്ടെടുപ്പില്‍ സംബന്ധിക്കാനായി നാളെ മുംബൈയില്‍ എത്തുമെന്നും ഷിന്‍ഡെ പറഞ്ഞു. ഏക്‌നാഥ് ഷിന്‍ഡെയും വിമത എംഎല്‍എമാരും രാവിലെ ഗുവാഹത്തി കാമാഖ്യ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി. 

മഹാരാഷ്ട്രയിലെ ജനങ്ങളുടെ ക്ഷേമത്തിന് വേണ്ടിയാണ് തങ്ങള്‍ പ്രാര്‍ത്ഥന നടത്തിയതെന്ന് ഏക്‌നാഥ് ഷിന്‍ഡെ പറഞ്ഞു. സംസ്ഥാനത്തെ രാഷ്ട്രീയപ്രതിസന്ധിക്ക് പരിഹാരം കണ്ടെത്തുന്നതിനായി നാളെ വൈകീട്ട് അഞ്ചുമണിക്കുള്ളില്‍ നിയമസഭയില്‍ വിശ്വാസം തെളിയിക്കാനാണ് ഉദ്ധവ് താക്കറെ സര്‍ക്കാരിനോട് ഗവര്‍ണര്‍ ഭഗത് സിങ് കോഷിയാരി ആവശ്യപ്പെട്ടിട്ടുള്ളത്. ഇതിനായി രാവിലെ 11 മണിക്ക് നിയമസഭ വിളിച്ചുചേര്‍ക്കാന്‍ അസംബ്ലി സെക്രട്ടറിക്ക് ഗവര്‍ണര്‍ കത്തു നല്‍കി. 

വിശ്വാസവോട്ടെടുപ്പ് മാത്രമാകും നിയമസഭയുടെ അടിയന്തര സമ്മേളനത്തിന്റെ അജന്‍ഡ്. വൈകീട്ട് അഞ്ചുമണിയ്ക്കകം സഭയില്‍ ഭൂരിപക്ഷം തെളിയിക്കാനാണ് ഗവര്‍ണര്‍ ആവശ്യപ്പെട്ടിട്ടുള്ളത്. ഏതെങ്കിലും തരത്തിലുള്ള അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കാന്‍ നിയമസഭയില്‍ കര്‍ശന സുരക്ഷാ നടപടികല്‍ ഒരുക്കണം. വോട്ടെടുപ്പ് വീഡിയോയില്‍ പകര്‍ത്തണം. വിശ്വാസ വോട്ടെടുപ്പ് സംപ്രേക്ഷണം ചെയ്യാനും ഗവര്‍ണര്‍ കത്തില്‍ നിര്‍ദേശിച്ചിട്ടുണ്ട്. 

ഏക്‌നാഥ് ഷിന്‍ഡെ നേതൃത്വത്തില്‍ 39 ശിവസേന എംഎല്‍എമാരും ഏഴ് സ്വതന്ത്രരും ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള മഹാ വികാസ് അഗാഡി സര്‍ക്കാരില്‍ അവിശ്വാസം രേഖപ്പെടുത്തി രംഗത്തെത്തിയതോടെയാണ് മഹാരാഷ്ട്രയില്‍ രാഷ്ട്രീയ പ്രതിസന്ധി ഉടലെടുത്തത്. ഷിന്‍ഡെ അടക്കം 16 എംഎല്‍എമാരെ അയോഗ്യരാക്കണമെന്ന് ഉദ്ധവ് താക്കറെ പക്ഷം ആവശ്യപ്പെട്ടിരിക്കുകയാണ്.

ഈ വാർത്ത കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com