യുപിയില്‍ ബിജെപിയുടെ തേരോട്ടം; കോണ്‍ഗ്രസ് തകര്‍ന്നടിഞ്ഞു, പഞ്ചാബില്‍ ചരിത്രം കുറിച്ച് എഎപി

അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് മുന്നേറ്റം
ബിജെപി പ്രവര്‍ത്തകരുടെ ആഹ്ലാദപ്രകടനം/പിടിഐ
ബിജെപി പ്രവര്‍ത്തകരുടെ ആഹ്ലാദപ്രകടനം/പിടിഐ


ഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് മുന്നേറ്റം. നാല് സംസ്ഥാനങ്ങളില്‍ ബിജെപി മുന്നിലാണ്. ഉത്തര്‍ പ്രദേശില്‍ 275 സീറ്റ് നേടി ബിജെപി തുടര്‍ ഭരണം നേടി. അഖിലേഷ് യാദവിന്റെ എസ്പി 122 സീറ്റിലൊതുങ്ങി. കോണ്‍ഗ്രസിന് രണ്ട് സീറ്റ് മാത്രമാണ് നേടാനായത്.

ബിഎസ്പി ഒരു സീറ്റിലൊതുങ്ങി. 315 സീറ്റ് നേടിയ 2017ലെ പ്രകടനം ആവര്‍ത്തിക്കാന്‍ ബിജെപിക്ക് സാധിച്ചില്ലെങ്കിലും 37 വര്‍ഷത്തിന് ശേഷം യുപിയില്‍ തുടര്‍ ഭരണം നേടാന്‍ യോഗി ആദിത്യനാഥിനും കൂട്ടര്‍ക്കും സാധിച്ചു. കോണ്‍ഗ്രസിന്റെ ശക്തികേന്ദ്രങ്ങളായ റായ്ബറേലിയും അമേഠിയും നഷ്ടമായി. 

പഞ്ചാബില്‍ ചരിത്രം കുറിച്ച് എഎപി 

പഞ്ചാബില്‍ കോണ്‍ഗ്രസിനെ അട്ടിമറിച്ച് എഎപി അധികാരത്തിലെത്തി. 92 സീറ്റാണ് എഎപി നേടിയത്. കോണ്‍ഗ്രസ് പതിനെട്ട് സീറ്റിലൊതുങ്ങി. മുഖ്യമന്ത്രി ചരണ്‍ജിത് സിങ് ഛന്നി മത്സരിച്ച രണ്ട് മണ്ഡലങ്ങളിലും തോറ്റു. പിസിസി അധ്യക്ഷന്‍ നവ്‌ജ്യോത് സിങ് സിദ്ദു അമൃത്സറില്‍ തോറ്റു. കോണ്‍ഗ്രസ് വിട്ട് ബിജെപിയുമായി ചേര്‍ന്ന് മത്സരിച്ച ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ്ങും തോല്‍വിയുടെ രുചിയറിഞ്ഞു. അമരീന്ദര്‍-ബിജെപി സഖ്യത്തിന് രണ്ട് സീറ്റ് മാത്രമാണ് നേടാനായത്. 

ഉത്തരാഖണ്ഡില്‍ ബിജെപി

ഉത്തരാഖണ്ഡില്‍ ഭരണം ഉറപ്പിച്ച ബിജെപി 49 സീറ്റില്‍ ലീഡ് ചെയ്യുകയാണ്. എന്നാല്‍ മുഖ്യമന്ത്രി പുഷ്‌കര്‍ ധാമി ഖതിമ മണ്ഡലത്തില്‍ പരാജയപ്പെട്ടു. കോണ്‍ഗ്രസിന്റെ ഭുവന്‍ കാപ്രിയോട് 6,932 വോട്ടിനാണ് ധാമി പരാജയപ്പെട്ടത്. കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ഹരീഷ് റാവത്തും തോല്‍വിയറിഞ്ഞു. ബിജെപിയുടെ മോഹന്‍ ബിഷ്ടിനോട് 14,000വോട്ടിനാണ് ലാല്‍കൗന്‍ മണ്ഡലത്തില്‍ നിന്ന് റാവത്ത് തോറ്റത്. 

ഗോവയില്‍ ബിജെപി 

ഇഞ്ചോടിഞ്ച് പോരാട്ടം നടന്ന ഗോവയില്‍ ബിജെപിയാണ് മുന്നില്‍. 20 സീറ്റില്‍ ലീഡ് ചെയ്യുന്നു. 12 സീറ്റില്‍ കോണ്‍ഗ്രസ് ലീഡ് ചെയ്യുന്നു. എംജിപി രണ്ട് സീറ്റില്‍ ലീഡ് ചെയ്‌തെങ്കിലും പിന്നീട് പിന്നോട്ടുപോയി. എഎപി രണ്ട് സീറ്റില്‍ വിജയിച്ചു. മൂന്നു സ്വതന്ത്രരുടെ പിന്തുണയുണ്ടെന്നും സര്‍ക്കാരുണ്ടാക്കുമെന്നും മുഖ്യമന്ത്രി പ്രമോദ് സാവന്ത് അവകാശപ്പെട്ടു. കഷ്ടിച്ചാണ് സാവന്ത് കടന്നു കയറിയത്. സാന്‍ക്വിലിന്‍ മണ്ഡലത്തില്‍ 660 വോട്ടിനാണ് കോണ്‍ഗ്രസിന്റെ ധര്‍മേഷ് സഗലാനിയെ പരാജയപ്പെടുത്തിയത്. പനാജിയില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിച്ച മുന്‍ മുഖ്യമന്ത്രി മനോഹര്‍ പരീക്കറിന്റെ മകന്‍ ഉത്പല്‍ പരീക്കര്‍ ബിജെപിയോട് പരാജയപ്പെട്ടു.

മണിപ്പൂരില്‍ ബിജെപി 

മണിപ്പൂരില്‍ 28 ഇടത്ത് ബിജെപി ലീഡ് ചെയ്യുകയാണ്. കോണ്‍ഗ്രസ് 9 സീറ്റിലും എന്‍പിപി 8 ഇടത്തും ലീഡ് ചെയ്യുന്നുണ്ട്. 60 അംഗ നിയമസഭയില്‍ 31 സീറ്റാണ് കേവല ഭൂരിപക്ഷത്തിന് വേണ്ടത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com