ഡൽഹിയിൽ കനത്ത മഴയും കാറ്റും, വ്യാപകനാശനഷ്ടം, വൈദ്യുതി മുടങ്ങി; വിമാനങ്ങൾ വഴിതിരിച്ചുവിട്ടു

ശക്തമായ കാറ്റിലും മഴയിലും ഡൽഹിയുടെ ചില ഭാഗങ്ങളിൽ മരങ്ങൾ കടപുഴകി വീണതിനാൽ റോഡുകൾ തടസ്സപ്പെട്ടു
‍ഡൽഹിയിലുണ്ടായ ശക്തമായ കാറ്റിലും മഴയിലും മരം കടപുഴകിയപ്പോൾ/ എഎൻഐ
‍ഡൽഹിയിലുണ്ടായ ശക്തമായ കാറ്റിലും മഴയിലും മരം കടപുഴകിയപ്പോൾ/ എഎൻഐ

ന്യൂഡൽഹി; ന്യൂഡൽഹിയിൽ കനത്ത മഴയിലും കാറ്റിലും വ്യാപക നാശനഷ്ടം. രാജ്യ തലസ്ഥാനത്തിന്റെ വിവിധ ഭാ​ഗങ്ങളിലും സമീപ പ്രദേശങ്ങളിലും വൈദ്യുതി മുടങ്ങി. റോഡ് ​ഗതാ​ഗതം തടസപ്പെട്ടു. കൂടാതെ വിമാന സർവീസിനേയും സാരമായി ബാധിച്ചു. 

ഇന്ന് പുലർച്ചെയാണ് ശക്തമായ കാറ്റിനൊപ്പം കനത്ത മഴ പെയ്തത്. ശക്തമായ കാറ്റിലും മഴയിലും ഡൽഹിയുടെ ചില ഭാഗങ്ങളിൽ മരങ്ങൾ കടപുഴകി വീണതിനാൽ റോഡുകൾ തടസ്സപ്പെട്ടു. സാധ്യമെങ്കിൽ ആളുകൾ വീടിനുള്ളിൽതന്നെ തുടരാനും യാത്ര ഒഴിവാക്കാനും അധികൃതർ നിർദേശിച്ചു. കടുത്ത വേനലിനിടയിലായിരുന്നു അപ്രതീക്ഷിത മഴ പെയ്തത്. 

ഡൽഹി വിമാനത്താവളത്തിൽനിന്ന് വൈകിട്ട് പുറപ്പെടേണ്ട ആറു വിമാനങ്ങൾ മോശം കാലാവസ്ഥയെ തുടർന്ന് വഴിതിരിച്ചു വിട്ടതായും നിരവധി സർവീസുകൾ മുടങ്ങിയതായും അധികൃതർ അറിയിച്ചു. വിമാനങ്ങളുടെ പുതുക്കിയ സമയക്രമത്തിനായി ബന്ധപ്പെട്ട വിമാനകമ്പനികളുമായി ബന്ധപ്പെടാൻ വിമാനത്താവള അധികൃതർ യാത്രക്കാരോട് അഭ്യർഥിച്ചു.

വിസ്‌താരയുടെ മുംബൈയിൽ നിന്നുള്ള വിമാനവും, അലയൻസ് എയറിന്റെ രണ്ടു വിമാനങ്ങളും ലക്‌നൗ വിമാനത്താവളത്തിലേക്ക് വഴിതിരിച്ചുവിട്ടു. എയർ ഇന്ത്യയുടെ വഡോദരയിൽ നിന്നുള്ള വിമാന സർവീസും ഇൻഡിഗോയുടെ ജബല്‍പുരിൽനിന്നും പട്‌നയിൽനിന്നുമുള്ള വിമാന സർവീസുകൾ ജയ്പുർ വിമാനത്താവളത്തിലേക്കും വഴിതിരിച്ചു വിട്ടതായും അധികൃതർ അറിയിച്ചു.

ദുർബലമായ കെട്ടിടങ്ങൾക്കും വീടുകൾക്കും ഇടിമിന്നൽ മൂലം കേടുപാടുകൾ സംഭവിക്കാമെന്നും ഗതാഗത തടസ്സങ്ങൾക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. അടുത്ത രണ്ട് മണിക്കൂറിൽ 60-90 കിലോമീറ്റർ വേഗത്തിൽ, ഇടിമിന്നലോടുകൂടിയ മഴ തുടരുമെന്നും മുന്നറിയിപ്പുണ്ട്.

ഈ വാര്‍ത്ത കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com