യുവതിക്ക് പ്രസവ വേദന; ആശുപത്രിയില്‍ ഡോക്ടറില്ല, ചോദിക്കാന്‍ പോയ എഐവൈഎഫ് നേതാവിനെ അറസ്റ്റ് ചെയ്തു, സമരക്കാര്‍ക്ക് നേരെ തോക്ക് ചൂണ്ടി കവരത്തി എസ്‌ഐ

ലക്ഷദ്വീപ് ജനതയോടുള്ള കേന്ദ്ര സര്‍ക്കാറിന്റെ അനീതി അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് സമരം നടത്തിയവര്‍ക്കുനേരെ തോക്കുചൂണ്ടി കവരത്തി എസ്‌ഐ
കവരത്തി എസ്‌ഐ സമരക്കാര്‍ക്ക് നേരെ തോക്കു ചൂണ്ടുന്നു/വീഡിയോ സ്‌ക്രീന്‍ഷോട്ട്
കവരത്തി എസ്‌ഐ സമരക്കാര്‍ക്ക് നേരെ തോക്കു ചൂണ്ടുന്നു/വീഡിയോ സ്‌ക്രീന്‍ഷോട്ട്

കവരത്തി: ലക്ഷദ്വീപ് ജനതയോടുള്ള കേന്ദ്ര സര്‍ക്കാറിന്റെ അനീതി അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് സമരം നടത്തിയവര്‍ക്കുനേരെ തോക്കുചൂണ്ടി കവരത്തി എസ്‌ഐ. എന്‍സിപി നടത്തിയ സമരത്തിന് നേരെയാണ് എസ്‌ഐ അമീര്‍ ബിന്‍ മുഹമ്മദ് തോക്കു ചൂണ്ടിയത്. റദ്ദാക്കിയ യാത്രാക്കപ്പലുകള്‍ പുനഃസ്ഥാപിക്കുക, ചികിത്സ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുക, ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേഷന്റെ ജനദ്രോഹ നയങ്ങള്‍ പിന്‍വലിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു സമരം.

സ്ത്രീകളടക്കമുള്ള സമരക്കാരെ പൊലീസ് തടഞ്ഞു. അതിനിടെയാണ് സമരക്കാര്‍ക്കുനേരെ എസ്‌ഐ തോക്കുചൂണ്ടിയത്. സമരം നടത്തിയവരെ പൊലീസ് പിന്നീട് അറസ്റ്റ് ചെയ്ത് നീക്കി. സമരക്കാരെ ഭയപ്പെടുത്തി കീഴ്‌പ്പെടുത്താമെന്ന കേന്ദ്രത്തിന്റെ നയത്തിനെതിരെ പ്രതിഷേധം ശക്തമാക്കുമെന്നും ദ്വീപുകാര്‍ ഒറ്റക്കെട്ടായി നേരിടുമെന്നും നേതാക്കള്‍ പറഞ്ഞു.

ലക്ഷദ്വീപിന്റെ തലസ്ഥാനമായ കവരത്തി ദ്വീപില്‍ മാസങ്ങളായി ഗൈനകോളജി ഡോക്ടര്‍ ഇല്ലാത്തത് കാരണം ഗര്‍ഭിണികള്‍ ബുദ്ധിമുട്ടുകയാണെന്നും ഈ പ്രതിസന്ധി പരിഹരിക്കണമെന്നും ആവശ്യപ്പെട്ട് മെഡിക്കല്‍ ഡയറക്ടറെ കാണാന്‍ പോയ എഐവൈഎഫ് പ്രസിഡന്റ് നസീറിനെ ഒരു പ്രകോപനവുമില്ലാതെ പൊലിസ് അറസ്റ്റ് ചെയ്‌തെന്നും ആരോപണമുണ്ട്.

കവരത്തി ഇന്ദിരാഗാന്ധി ആശുപത്രിയിലെ ഗൈനക്കോളജി വിഭാഗത്തിന്റെ അനാസ്ഥ ദ്വീപിലെ നിരവധി ഗര്‍ഭിണികളെ ദുരിതത്തിലാക്കിയിരിന്നു. കഴിഞ്ഞ കുറച്ച ആഴ്ചകളായി ഗൈനക്കോളജി ഡോക്ടറിന്റെ സേവനം ആശുപത്രിയിലെത്തുന്ന ഗര്‍ഭണികള്‍ക്ക് കൃത്യമായി ലഭിച്ചിരുന്നില്ല. 

നിലവിലുണ്ടായിരുന്ന ഗൈനക്കോളജി ഡോക്ടര്‍ അവധിയില്‍ പ്രവേശിച്ച സാഹചര്യത്തിലാണ് ആശുപത്രിയലെ പ്രവര്‍ത്തനം തടസ്സപ്പെട്ടത്. പകരം മറ്റൊരു ഡോക്ടറെ താല്‍കാലികമായി നിയമിക്കുന്നതിലടക്കം ആശുപത്രി അധികൃതര്‍ വീഴ്ച വരുത്തി. കഴിഞ്ഞ ദിവസം പ്രസവവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഒരു യുവതിയെ ഈ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. എന്നാല്‍ കൃത്യമായ ചികിത്സ നല്‍കുവാന്‍ ഡോക്ടറുടെ അഭാവത്തില്‍ ഇന്ദിരാഗാന്ധി ആശുപത്രിയിലെ  ഗൈനക്കോളജി വിഭാഗത്തിനായില്ല. അതേ തുടര്‍ന്ന് യുവതിയുടെ ഭര്‍ത്താവ് ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേഷന്റെ ഇടപെടല്‍ ഉറപ്പാക്കുന്നതിനായി എഐവൈഎഫ് ലക്ഷദ്വീപ് പ്രസിഡന്റ് നസീറിന്റെ സഹായംതേടി. 

അതേ തുടര്‍ന്ന് നസീര്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന യുവതിയുടെ ഭര്‍ത്താവുമായി ലക്ഷദ്വീപ് മെഡിക്കല്‍ സെക്രട്ടറിയെ നേരില്‍ കാണുന്നതിനായി സെക്രട്ടേറിയറ്റിലെത്തി. എന്നാല്‍ ഇവരെ മെഡിക്കല്‍ സെക്രട്ടറിയെ കാണുന്നതില്‍ നിന്നും പൊലീസ് വിലക്കുകയായിരുന്നു. 

സെക്രട്ടേറിയറ്റിനു മുന്നില്‍ പ്രതിഷേധിച്ച എഐവൈഎഫ് നേതാവ് നസീറിനെ പിന്നീട് പൊലീസ് അറസ്റ്റ് ചെയ്തു മാറ്റുകയായിരുന്നു. പ്രതിഷേധത്തെ തുടര്‍ന്ന് അവധിയില്‍ പ്രവേശിപ്പിച്ചിരുന്ന ഡോക്ടറെ ആശുപത്രിയധികൃതര്‍ തിരികെ വിളിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com