പോപ്പുലര്‍ ഫ്രണ്ട് കേന്ദ്രങ്ങളില്‍ വീണ്ടും റെയ്ഡ്; എട്ടു സംസ്ഥാനങ്ങളില്‍ നിന്നായി 170 ഓളം പേര്‍ കസ്റ്റഡിയില്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 27th September 2022 09:42 AM  |  

Last Updated: 27th September 2022 10:40 AM  |   A+A-   |  

popular front

പോപ്പുലര്‍ ഫ്രണ്ട് മാര്‍ച്ച് / ഫയല്‍ ചിത്രം

 

ന്യൂഡല്‍ഹി: രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലായി പോപ്പുലര്‍ ഫ്രണ്ട് കേന്ദ്രങ്ങളില്‍ വീണ്ടും റെയ്ഡ്. എട്ടു സംസ്ഥാനങ്ങളിലെ പോപ്പുലര്‍ ഫ്രണ്ട് കേന്ദ്രങ്ങളിലാണ് പരിശോധന, എന്‍ഐഎ, സംസ്ഥാന ഭീകര വിരുദ്ധ സേന, സംസ്ഥാന പൊലീസ് തുടങ്ങിയവയുടെ നേതൃത്വത്തിലാണ് റെയ്ഡ്. വിവിധ സംസ്ഥാനങ്ങളിലായി 170 ഓളം പേര്‍ പിടിയിലായതായാണ് റിപ്പോര്‍ട്ടുകള്‍. 

മഹാരാഷ്ട്രയിലെ ഔറംഗാബാദ്, ജലാനാ, ഫര്‍ബാനി, പൂനെ ജില്ലകളിലും കര്‍ണാടകയില്‍ ഷിമോഗ, ബിഡര്‍, ബെല്ലാരി, ഹൂബ്ലി, കുല്‍ബര്‍ഗി ജില്ലകലിലും, അസമിലെ എട്ടു ജില്ലകളിലുമാണ് റെയ്ഡ് നടത്തിയത്. ഉത്തര്‍പ്രദേശിലെ, ലക്‌നൗ, ഇതോഞ്ച, ബക്ഷി തലബ്, ബുലന്ദ്‌ഷെഹര്‍, സരൂര്‍പൂര്‍, മീററ്റിലെ ലിസാരി ഗേറ്റ് പ്രദേശങ്ങളിലും റെയ്ഡ് നടന്നു. 

ഡല്‍ഹിയിലെ ഷഹീന്‍ബാഗിലും വീണ്ടും റെയ്ഡ് നടത്തി. ഡല്‍ഹിയില്‍ നിന്നും 30 പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്തു. ലഖ്‌നൗവില്‍ നിന്നും 10 പേരെയും മഹാരാഷ്ട്രയിലെ പൂനെയില്‍ നിന്നും ആറുപേരെയും പിടികൂടിയിട്ടുണ്ട്. അസമിലെ എട്ടു ജില്ലകളില്‍ നിന്നായി 21 പിഎഫ്‌ഐ, എസ്ഡിപിഐ പ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കര്‍ണാടകയില്‍ നിന്നും 45 പേരെയും ഗുജറാത്തില്‍ നിന്നും 15 പേരെയും കസ്റ്റഡിയിലെടുത്തു. 

പോപ്പുലര്‍ ഫ്രണ്ടിനെതിരായ ഓപ്പറേഷന്‍ ഒക്ടോപസിന്റെ രണ്ടാംഘട്ടം എന്ന നിലയിലാണ് വീണ്ടും റെയ്ഡ് നടത്തുന്നത്. കഴിഞ്ഞ റെയ്ഡില്‍ പിടിയിലായവരില്‍ നിന്നും ലഭിച്ച മൊഴികളുടെ അടിസ്ഥാനത്തിലാണ് വീണ്ടും റെയ്ഡ്. ചൊവ്വാഴ്ച പുലര്‍ച്ചെയാണ് റെയ്ഡ് ആരംഭിച്ചത്. പരിശോധനയുടെ ഭാഗമായി ഡല്‍ഹി ജാമിയ മിലിയ യൂണിവേഴ്‌സിറ്റി പ്രദേശത്ത് നിരോധനാജ്ഞ പുറപ്പെടുവിച്ചിട്ടുണ്ട്. കഴിഞ്ഞ തവണ നടന്ന റെയ്ഡിനെതിരായ അക്രമാസക്തമായ പ്രതിഷേധങ്ങള്‍ അരങ്ങേറിയ സ്ഥലങ്ങളിലും പരിശോധന നടക്കുന്നുണ്ട്. 

കസ്റ്റഡിയിലെടുത്തവരെ വിവിധ കേന്ദ്രങ്ങളിലായി ചോദ്യം ചെയ്തു വരികയാണെന്നും കൂടുതല്‍ തെളിവുകള്‍ ലഭിക്കുന്നതിന്റെ അടിസ്ഥാനത്തിലാകും അറസ്റ്റ് ചെയ്യുകയെന്നും അന്വേഷണ ഏജന്‍സികള്‍ അറിയിച്ചു. കഴിഞ്ഞ തവണ വിവിധ സംസ്ഥാനങ്ങളില്‍ നിന്നായി 106 പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരെയാണ് എന്‍ഐഎ, ഇഡി തുടങ്ങിയ കേന്ദ്ര ഏജന്‍സികള്‍ അറസ്റ്റു ചെയ്തത്. മലയാളികളായ രണ്ടു പോപ്പുലര്‍ ഫ്രണ്ട് നേതാക്കള്‍ക്കെതിരെ ലുക്കൗട്ട് നോട്ടീസും പുറപ്പെടുവിച്ചിട്ടുണ്ട്. തീവ്രവാദ പ്രവര്‍ത്തനം, ഇതിനായി ഫണ്ടുശേഖരണം, റിക്രൂട്ട് മെന്റ്, പരിശീലനം തുടങ്ങിയവയുമായി ബന്ധപ്പെട്ട് പോപ്പുലര്‍ ഫ്രണ്ട് ഉള്‍പ്പെട്ട 19 കേസുകളാണ് എന്‍ഐഎ അന്വേഷിച്ചുകൊണ്ടിരിക്കുന്നത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ

ഗെലോട്ടിനെതിരെ നടപടി?; ഹൈക്കമാന്‍ഡ് കടുത്ത അതൃപ്തിയില്‍; കേന്ദ്ര നിരീക്ഷകര്‍ ഇന്ന് സോണിയക്ക് റിപ്പോര്‍ട്ട് നല്‍കും

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ