അതിഖിന്റെ വധം: കേന്ദ്ര സര്‍ക്കാര്‍ റിപ്പോര്‍ട്ട് തേടി; യുപിയില്‍ കനത്ത ജാഗ്രത; പ്രയാഗ് രാജില്‍ ഇന്റര്‍നെറ്റ് വിലക്ക്

സംഭവത്തിന്റ പേരില്‍ ക്രമസമാധാനം തകര്‍ക്കാനുള്ള ശ്രമങ്ങള്‍ തടയണമെന്ന് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം നല്‍കി
അതിഖ് കൊല്ലപ്പെട്ട സ്ഥലത്ത് പൊലീസിന്റെ പരിശോധന/ പിടിഐ
അതിഖ് കൊല്ലപ്പെട്ട സ്ഥലത്ത് പൊലീസിന്റെ പരിശോധന/ പിടിഐ

ന്യൂഡല്‍ഹി: മുന്‍ എംപിയും ഗുണ്ടാത്തലവനുമായ അതിഖ് അഹമ്മദിനെയും സഹോദരനെയും പൊലീസ് കസ്റ്റഡിയിലിരിക്കെ അക്രമികള്‍ വെടിവെച്ചു കൊലപ്പെടുത്തിയ സംഭവത്തില്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയം റിപ്പോര്‍ട്ട് തേടി. യുപി സര്‍ക്കാരിനോടാണ് റിപ്പോര്‍ട്ട് തേടിയത്. സംഭവത്തിന്റ പേരില്‍ ക്രമസമാധാനം തകര്‍ക്കാനുള്ള ശ്രമങ്ങള്‍ തടയണമെന്ന് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം നല്‍കി. 

സംസ്ഥാനത്തേക്ക് ആവശ്യമെങ്കില്‍ കൂടുതല്‍ കേന്ദ്ര സേനയെ അയക്കാമെന്നും കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. ഗുണ്ടാ സംഘങ്ങളെ അമര്‍ച്ച ചെയ്യാന്‍ കേന്ദ്രത്തിന്റെ എല്ലാ പിന്തുണയും യുപി സര്‍ക്കാരിന് കേന്ദ്രം വാഗ്ദാനം ചെയ്തു. സംഘര്‍ഷ സാധ്യത പരിഗണിച്ച് യുപിയില്‍ അതീവ ജാഗ്രത പ്രഖ്യാപിച്ചിട്ടുണ്ട്. ഉത്തര്‍പ്രദേശിലെ എല്ലാ ജില്ലകളിലും നിരോധനാജ്ഞ പ്രഖ്യാപിച്ചു. 

സംഘര്‍ഷസാധ്യത ഒഴിവാക്കാന്‍ അതിഖിന്റെ കൊലപാതകം നടന്ന പ്രയാഗ് രാജില്‍ ഇന്റര്‍നെറ്റ് സേവനം വിച്ഛേദിച്ചതായും റിപ്പോര്‍ട്ടുണ്ട്. അതിഖ് അഹമ്മദ്, സഹോദരന്‍ അഷ്‌റഫ് അഹമ്മദ് എന്നിവരെ വധിച്ച സംഭവത്തില്‍ മൂന്നുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. അക്രമത്തിന് പിന്നാലെയാണ് ഇവരെ പൊലീസ് കസ്റ്റഡിയിലെടുത്തത്. സംഭവത്തില്‍ യുപി പൊലീസ് കേസെടുത്തിരുന്നു. പിടിയിലായ മൂന്നു പ്രതികളും മറ്റു രണ്ടുപേരും അടക്കം അഞ്ചുപേര്‍ക്കെതിരെയാണ് യുപി പൊലീസ് കേസെടുത്തത്. 

സമാജ് വാദി പാര്‍ട്ടി മുന്‍ എംപിയും ഉമേഷ് പാല്‍ വധക്കേസിലെ പ്രതിയുമായ അതിഖ് അഹമ്മദും സഹോദരന്‍ അഷ്റഫ് അഹമ്മദുമാണ് ഇന്നലെ രാത്രി വെടിയേറ്റ് കൊല്ലപ്പെട്ടത്. മെഡിക്കല്‍ പരിശോധനകള്‍ക്കായി കൊണ്ടുപോകുന്നതിനിടെ പ്രയാഗ് രാജില്‍ വെച്ചായിരുന്നു ആക്രമണം. മാധ്യമപ്രവർത്തകരെന്ന വ്യാജേന എത്തിയ അക്രമികൾ ഇരുവർക്കും നേരെ വെടിയുതിർക്കുകയായിരുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com