ന്യൂഡല്‍ഹി: അതിര്‍ത്തിയിലെ ചൈനീസ് കടന്നുകയറ്റത്തെ കുറിച്ച് കടുത്ത വിമര്‍ശനം ഉന്നയിക്കുന്ന രാഹുല്‍ ഗാന്ധിക്ക് എതിരെ 2008ല്‍ ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും കോണ്‍ഗ്രസും തമ്മിലുണ്ടാക്കിയ ധാരണാപത്രം ആയുധമാക്കി ബിജെപി. 2008ല്‍ ഒപ്പുവച്ച ഈ ധാരണാപത്രത്തില്‍ ഇന്ത്യക്കെതിരെ ഗൂഢാലോചന നടത്താനും സൈനികരുടെ മനോവീര്യം തകര്‍ക്കാനുള്ള ചാരപ്പണിക്ക് രാഹുല്‍ ഗാന്ധിയെ ചുമതലപ്പെടുത്തിയിട്ടുണ്ടോ എന്ന് വ്യക്തമാക്കണമെന്ന് ബിജെപി വക്താവ് ഗൗരവ് ഭാട്ടിയ പറഞ്ഞു.
'കോണ്‍ഗ്രസും ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും തമ്മില്‍ ഒപ്പുവച്ച ധാരണാപത്രത്തിന്റെ വിശദാംശങ്ങള്‍ രാഹുല്‍ ഗാന്ധി വെളിപ്പെടുത്തണം. ഓരോ പൗരന്റേയും സംരക്ഷണ കവചമായി മാറുകയും രാജ്യത്തിന്റെ നിലവാരം രാജ്യാന്തര തലത്തില്‍ ഉയര്‍ത്തുകയും ചെയ്ത ഒരു പ്രധാനമന്ത്രിയെ 'കീഴടങ്ങുന്ന മോദി' എന്ന് പരിഹസിക്കാന്‍ ഈ ധാരണാപത്രം ആവശ്യപ്പെടുന്നുണ്ടോ?'- ഭാട്ടിയ ചോദിച്ചു.
'ഇന്ത്യക്ക് എതിരായ രാഹുല്‍ ഗാന്ധിയുടെ പ്രസ്താവനകള്‍ക്ക് കാരണം രാജീവ് ഗാന്ധി ഫൗണ്ടേഷന് ചൈന നല്‍കിയ സംഭാവനയാണോ? മോദി ഭരണത്തിന് കീഴില്‍ ഇന്ത്യയുടെ ഒരിഞ്ച് മണ്ണ് തട്ടിയെടുക്കാന്‍ ആര്‍ക്കും ധൈര്യമുണ്ടാകില്ല. നെഹ്‌റുവിന്റെ ഭരണകാലത്ത് ഇന്ത്യയുടെ 43,000 സ്‌ക്വയര്‍ കിലോമീറ്ററാണ് ചൈന പിടിച്ചെടുത്തത്. നെഹ്‌റു രാജ്യദ്രോഹിയാണെന്ന് രാഹുല്‍ ഗാന്ധി കരുതുന്നുണ്ടോ?' -ഭാട്ടിയ ചോദിച്ചു.
അരുണാചല്‍ പ്രദേശിനെ തങ്ങളുടെ ഭാഗമാക്കി ചൈന മാപ്പ് പുറത്തിറക്കിയതിന് പിന്നാലെ മോദി സര്‍ക്കാരിനെ രൂക്ഷഭാഷയില്‍ വിമര്‍ശിച്ച് രാഹുല്‍ ഗാന്ധി രംഗത്തുവന്നിരുന്നു. ചൈന ഇത്തരത്തില്‍ ഭൂപടം പ്രസിദ്ധീകരിച്ചത് അതീവ ഗൗരവമുള്ള കാര്യമാണ്. ഒരിഞ്ച് ഭൂമി പോലും നഷ്ടപ്പെട്ടിട്ടില്ല എന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വാദം പച്ചക്കള്ളമാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
ലഡാക്കില്‍ ചൈന ഇന്ത്യന്‍ അതിര്‍ത്തിയില്‍ അതിക്രമിച്ചു കയറിയെന്ന് രാഹുല്‍ ആവര്‍ത്തിച്ചു. ഇക്കാര്യം അവിടെ താമസിക്കുന്നവര്‍ക്കറിയാം. താന്‍ ഇക്കാര്യം വര്‍ഷങ്ങളായി പറയുന്നതാണ്. അരുണാചല്‍ പ്രദേശ്, അക്സായ് ചിന്‍ മേഖലകള്‍ ഉള്‍പ്പെടുത്തി ചൈന പ്രസിദ്ധീകരിച്ച സ്റ്റാന്‍ഡേര്‍ഡ് മാപ്പ് ഗൗരവമുള്ള വിഷയമാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.അരുണാചല്‍ പ്രദേശ്, അക്സായ് ചിന്‍, തയ്വാന്‍, ദക്ഷിണ ചൈനാക്കടല്‍ തുടങ്ങിയ സ്ഥലങ്ങള്‍ തങ്ങളുടെ പ്രദേശമായി കാണിച്ചുള്ള ഭൂപടമാണ് ചൈന പുറത്തുവിട്ടത്.
ഈ വാർത്ത കൂടി വായിക്കൂ 'സ്മൈല്‍ പ്ലീസ്, ഇതാണ് ഞാന്‍ വന്ന വാഹനം'; വിക്രം ലാന്‍ഡറിന്റെ ചിത്രം പങ്കുവെച്ച് റോവര്‍
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates