ചിത്രം: പിടിഐ
ചിത്രം: പിടിഐ

ഉത്തരേന്ത്യയില്‍ മഴ ദുരിതം; ഡല്‍ഹിയില്‍ റെക്കോര്‍ഡ് മഴ, ഹിമാചലിലും രാജസ്ഥാനിലും ഗുരുതര സാഹചര്യം (വീഡിയോ)

ഉത്തരേന്ത്യയില്‍ കനത്ത മഴ തുടരുന്നു. വിവിധ സംസ്ഥാനങ്ങളിലായി ഇതുവരെ 12 മരണം റിപ്പോര്‍ട്ട് ചെയ്തു

ന്യൂഡല്‍ഹി: ഉത്തരേന്ത്യയില്‍ കനത്ത മഴ തുടരുന്നു. വിവിധ സംസ്ഥാനങ്ങളിലായി ഇതുവരെ 12 മരണം റിപ്പോര്‍ട്ട് ചെയ്തു. ഡല്‍ഹിയില്‍ കഴിഞ്ഞ ദിവസം 153 മില്ലിമീറ്റര്‍ മഴ ലഭിച്ചു. 1982ന് ശേഷം ജൂലൈയില്‍ ലഭിക്കുന്ന ഉയര്‍ന്ന മഴയാണ് ഇത്. ഡല്‍ഹി, ഹരിയാന, ഹിമാചല്‍ പ്രദേശ്, ഉത്തരാഖണ്ഡ്, രാജസ്ഥാന്‍, പഞ്ചാബ്, ജമ്മു കശ്മീര്‍ എന്നിവിടങ്ങളിലാണ് മഴ.

ഡല്‍ഹിയില്‍ ഫ്‌ലാറ്റിലെ സീലിങ് തകര്‍ന്ന് 58 വയസ്സുകാരി മരിച്ചു. രാജസ്ഥാനില്‍ മഴക്കെടുതിയില്‍ നാലു പേര്‍ മരിച്ചു. ഉത്തര്‍പ്രദേശിലെ മുസാഫര്‍നഗറില്‍ കനത്ത മഴയില്‍ വീട് തകര്‍ന്ന് ഇന്നു പുലര്‍ച്ചെ സ്ത്രീയും ആറു വയസ്സുള്ള മകളും മരിച്ചു. ഹിമാചല്‍ പ്രദേശിലെ ഷിംലയില്‍ സമാനമായ സംഭവത്തില്‍ ഒരു കുടുംബത്തിലെ മൂന്നു പേര്‍ മരിച്ചു. ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയില്‍ ഇന്നലെ രണ്ടു സൈനികര്‍ മുങ്ങിമരിച്ചിരുന്നു. ഡല്‍ഹിയില്‍ പല ഭാഗങ്ങളിലും വെള്ളം കയറിയതിനെ തുടര്‍ന്ന് ഗതാഗതം തടസ്സപ്പെട്ടു. 

അടുത്ത രണ്ടു ദിവസങ്ങളില്‍ മഴ കൂടുതല്‍ ശക്തിപ്രാപിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. അടിയന്തര സാഹചര്യം കണക്കിലെടുത്ത് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ഞായറാഴ്ച അവധി ഒഴിവാക്കി ജോലിയില്‍ പ്രവേശിക്കണമെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍ ഉത്തരവിട്ടു. 

രാജസ്ഥാനിലെ രാജ്‌സമന്ദ്, ജലോര്‍, പാലി, അജ്മീര്‍, അല്‍വാര്‍, ബന്‍സ്വാര, ഭരത്പുര്‍, ഭില്‍വാര, ബുന്ദി, ചിത്തോര്‍ഗഡ്, ദൗസ, ധൗല്‍പുര്‍, ജയ്പുര്‍, കോട്ട എന്നിവയുള്‍പ്പെടെ ഒമ്പതിലധികം ജില്ലകളില്‍ അതിശക്തമായ മഴ പെയ്യുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി. തുടര്‍ച്ചയായ മഴയെയും മണ്ണിടിച്ചിലിനെയും തുടര്‍ന്ന് അമര്‍നാഥ് യാത്ര തുടര്‍ച്ചയായ മൂന്നാം ദിവസവും നിര്‍ത്തിവച്ചു. ഇന്നലെ റോഡിന്റെ ഒരു ഭാഗം തകര്‍ന്ന ശ്രീനഗര്‍-ജമ്മു ഹൈവേയില്‍ മൂവായിരത്തോളം വാഹനങ്ങള്‍ കുടുങ്ങിക്കിടക്കുകയാണ്. പഞ്ചാബില്‍ വെള്ളപ്പൊക്കത്തിന് സമാനമായ സ്ഥിതിയാണ്.

ഹിമാചല്‍ പ്രദേശിലെ കുളുവിലെ ബീസ് നദിക്കരയില്‍ ദേശീയപാതയുടെ ഒരു ഭാഗം കനത്ത മണ്ണിടിച്ചിലിനെ തുടര്‍ന്ന് ഒലിച്ചുപോയി. നിരവധി വാഹനങ്ങള്‍ ഹൈവേയില്‍ കുടുങ്ങിക്കിടക്കുന്നതിനാല്‍ മാണ്ഡിക്കും കുളുവിനുമിടയില്‍ ഗതാഗതം തടസ്സപ്പെട്ടു. ഹിമാചല്‍ പ്രദേശിലെ ഏഴ് ജില്ലകളില്‍ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ബീസ് ഉള്‍പ്പെടെ നിരവധി നദികളില്‍ ജലനിരപ്പ് അപകടനിലയ്ക്കും മുകളിലാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com