ലോക്‌സഭ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള പ്രതിപക്ഷ സഖ്യ നീക്കത്തെ, റഷ്യയില്‍ വാഗ്നര്‍ ഗ്രൂപ്പ് നടത്തിയ അട്ടിമറി നീക്കവുമായി താരതമ്യപ്പെടുത്തി ശിവസേന ഉദ്ദവ് താക്കറെ പക്ഷം. പാര്‍ട്ടി മുഖപത്രമായ സാമ്‌നയില്‍ പ്രസിദ്ധീകരിച്ച എഡിറ്റോറിയലിലാണ് നരേന്ദ്ര മോദിക്ക് പുടിന്റെ ഗതി വരുമെന്ന് പ്രഖ്യാപിച്ചിരിക്കുന്നത്. മോദിയുടെ ശക്തിയെ വെല്ലുവിളിക്കാന്‍ പട്‌നയില്‍'വാഗ്‌നര്‍ ഗ്രൂപ്പ്' ഒന്നിച്ചു. പക്ഷേ, ഈ ഗ്രൂപ്പ് വാടകയ്ക്കുള്ളതല്ല. പ്രധാനപ്പെട്ട ഒന്നാണ്. പുടിനെ പോലെ മോദിക്കും പോകേണ്ടിവരും. പക്ഷേ അത് ജനാധിപത്യ മാര്‍ഗത്തിലൂടെ ആയിരിക്കും'- എഡിറ്റോറിയല്‍ പറയുന്നു. 
'17 പ്രമുഖ രാഷ്ട്രീയ പാര്‍ട്ടികളുടെ യോഗം വെള്ളിയാഴ്ച പട്‌നയില്‍ ചേര്‍ന്നു. അഞ്ച് മുഖ്യമന്ത്രിമാരും മുന്‍ മുഖ്യമന്ത്രിമാരും ഇതില്‍ പങ്കെടുത്തു. 2024ലെ പൊതു തെരഞ്ഞെടുപ്പില്‍ ബിജപിക്ക് എതിരെ ഒറ്റക്കെട്ടായി പോരാടാന്‍ ഈ യോഗത്തില്‍ തീരുമാനമായി. ജനാധിപത്യത്തിന്റെ കാഴ്ചപ്പാടില്‍ ഇതൊരു നല്ല വാര്‍ത്തയാണ്. വോട്ടര്‍മാരെ സമ്മര്‍ദത്തിലാക്കാന്‍ അമിത് ഷായും മോദിയും കൂലിപ്പടയാളികളെയാണ് ഒരുക്കിയിരിക്കുന്നത്. ഈ കൂലിപ്പടയാളികളാണ് അവര്‍ക്ക് നേരെ ആദ്യം തിരിയുക. പുടിനെപ്പോലെ, മോദി ഏകാധിപത്യവും സമഗ്രാധിപത്യവും കൊണ്ടുവരാന്‍ ശ്രമിക്കുന്നു. ഇതിനായി എല്ലാ ദേശീയ സംവിധാനങ്ങളും അവര്‍ ഉപയോഗിക്കുന്നു. പക്ഷേ, മോദിക്കും പുടിന്റെ അവസ്ഥ വരും'- എഡിറ്റോറിയലില്‍ പറയുന്നു.
അതേസമയം, പ്രതിപക്ഷ സഖ്യത്തിന് പാട്രിയോട്ടിക് ഡെമോക്രാറ്റിക് അലയന്‍സ് (പിഡിഎ) എന്ന് പേരിട്ടേക്കുമെന്ന് സൂചന. സഖ്യത്തെ കുറിച്ചുള്ള ഷിംലയില്‍ നടക്കാന്‍ പോകുന്ന രണ്ടാമത്തെ യോഗത്തില്‍ ഇതു സംബന്ധിച്ച തീരുമാനം എടുത്തേക്കും എന്നാണ് റിപ്പോര്‍ട്ട്.
പട്‌നയില്‍ പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യുന്നതിനിടയില്‍ സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജ പേര് സംബന്ധിച്ച് സൂചന നല്‍കി. ഇക്കാര്യത്തില്‍ യോഗത്തില്‍ അന്തിമ തീരുമാനമുണ്ടായിട്ടില്ലെന്നും എന്‍ഡിഎയെ പരാജയപ്പെടുത്തുക എന്നതാണ് പ്രാഥമിക ലക്ഷ്യമെന്നു രാജ പറഞ്ഞു. മതനിരപേക്ഷവും ജനാധിപത്യപരവുമായ ആശയങ്ങളില്‍ വിശ്വസിക്കുന്ന പാര്‍ട്ടികളാണ് സഖ്യത്തിന്റെ ഭാഗമാകുന്നത്. പുതിയ മുന്നണിയുടെ പേരില്‍ ഇത്തരം ആശയങ്ങളുടെ പ്രതിഫലനം ഉണ്ടായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തങ്ങളെ പ്രതിപക്ഷം എന്ന് വിളിക്കുന്നതിന് പകരം രാജ്യസ്‌നേഹികളെന്ന് വിശേഷിപ്പിക്കണമെന്ന് ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയും പറഞ്ഞിരുന്നു.
വെള്ളിയാഴ്ചയാണ് പതിനഞ്ച് പ്രതിപക്ഷ പാര്‍ട്ടി നേതാക്കള്‍ പട്‌നയില്‍ യോഗം ചേര്‍ന്നത്. അടുത്ത മാസം ഷിംലയില്‍ ചേരുന്ന യോഗത്തില്‍ ഭാവി പരിപാടികള്‍ക്ക് രൂപം നല്‍കാനാണ് തീരുമാനം.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
