

മുംബൈ: പാകിസ്ഥാനു വേണ്ടി ചാരവൃത്തി ( Spy ) നടത്തിയതിന് യുവ എഞ്ചിനീയർ മഹാരാഷ്ട്രയിൽ അറസ്റ്റിൽ. താനെയിൽ നിന്നുള്ള ജൂനിയർ എഞ്ചിനീയർ രവീന്ദ്ര മുരളീധർ വർമ(27)യാണ് പിടിയിലായത്. സുരക്ഷാ ഏജൻസികളുടെ രഹസ്യവിവരത്തെ തുടർന്ന് മഹാരാഷ്ട്ര പൊലീസിന്റെ ഭീകര വിരുദ്ധ സ്‌ക്വാഡ് (എടിഎസ്) ആണ് ഇയാളെ അറസ്റ്റുചെയ്തത്.
പ്രതിരോധ സാങ്കേതിക സ്ഥാപനത്തിൽ ജൂനിയർ എഞ്ചിനീയറായിരുന്നു രവീന്ദ്ര വർമ. ഇതിനാൽത്തന്നെ നേവൽ ഡോക്ക്‌യാർഡ് ഉൾപ്പെടെയുള്ള സ്ഥലങ്ങളിലേക്ക് ഇയാൾക്ക് പ്രവേശനമുണ്ടായിരുന്നു. യുദ്ധക്കപ്പലുകളെയും അന്തർവാഹിനികളെയും കുറിച്ചുള്ള തന്ത്രപ്രധാനമായ വിവരങ്ങൾ സ്കെച്ചുകൾ, ഡയഗ്രമുകൾ, ഓഡിയോ കുറിപ്പുകൾ തുടങ്ങിയവ പാകിസ്ഥാൻ രഹസ്യാന്വേഷണ ഏജൻസികൾക്ക് ഇയാൾ നൽകിയെന്നാണ് എടിഎസ് വ്യക്തമാക്കിയത്.
ഹണിട്രാപ്പിൽ കുടുക്കിയായിരുന്നു പാകിസ്ഥാൻ ഏജൻസികൾ ഇയാളിൽ നിന്ന് വിവരങ്ങൾ ശേഖരിച്ചിരുന്നതെന്ന് എടിഎസ് പറയുന്നു. 2024 നവംബർമുതൽ 2025 മാർച്ചു വരെ വർമ വാട്സാപ്പ് വഴി പാകിസ്ഥാൻ ഏജൻസികൾക്ക് തന്ത്രപ്രധാനമായ വിവരങ്ങൾ കൈമാറിയതായിട്ടാണ് എടിഎസിന്റെ വെളിപ്പെടുത്തൽ. ഫെയ്സ്ബുക്കിൽ സ്ത്രീയായി നടിച്ച ഒരു പാക് ഏജന്റ് രവീന്ദ്ര വർമയെ ഹണിട്രാപ്പിൽ കുടുക്കി പല രഹസ്യവിവരങ്ങളും കൈമാറാൻ പ്രലോഭിപ്പിച്ചുകൊണ്ടിരുന്നതായി എടിഎസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി.
രവീന്ദ്ര വർമയുടെയും ഇയാളുമായി ബന്ധം പുലർത്തിയിരുന്ന മറ്റു രണ്ടു വ്യക്തികളുടെയും പേരിൽ ഔദ്യോഗിക രഹസ്യനിയമത്തിലെ സെക്‌ഷൻ മൂന്ന് പ്രകാരം ചാരവൃത്തിക്ക് കേസെടുത്തിട്ടുണ്ട്. കോടതിയിൽ ഹാജരാക്കിയ രവീന്ദ്രവർമ്മയെ തിങ്കളാഴ്ച വരെ എടിഎസ് കസ്റ്റഡിയിൽ വിട്ടിട്ടുണ്ട്. ഓപ്പറേഷൻ സിന്ദൂറിനുശേഷം വിവിധ സംസ്ഥാനങ്ങളിൽ നിന്നായി ചാരപ്രവർത്തനം നടത്തിയ നിരവധി പേർ പിടിയിലായിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates