
ഇന്നലെ വിവിധ രാജ്യങ്ങള്‍ക്ക് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് പ്രഖ്യാപിച്ച പകരച്ചുങ്കം അനുസരിച്ച് ഇന്ത്യയില്‍ നിന്ന് യുഎസിലേക്ക് ഇറക്കുമതി ചെയ്യുന്ന ഉല്‍പ്പന്നങ്ങള്‍ക്ക് 27 ശതമാനം തീരുവയാണ് വരിക. അമേരിക്ക ചുമത്തിയ തീരുവ ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് വെല്ലുവിളി സൃഷ്ടിക്കുമെങ്കിലും കയറ്റുമതി രംഗത്ത് ഇന്ത്യ മുഖ്യമായി മത്സരിക്കുന്ന മറ്റു രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ഇന്ത്യയുടെ നില മെച്ചമാണെന്ന് വിപണി വിദഗ്ധര്‍ അഭിപ്രായപ്പെട്ടു.
യഥാര്‍ഥത്തില്‍ താരിഫ് എന്താണ്?
സാധനങ്ങളുടെ ഇറക്കുമതിക്ക് ചുമത്തുന്ന നികുതിയാണ് താരിഫ്. ഇറക്കുമതി ചെയ്യുന്ന സ്ഥാപനം സര്‍ക്കാരിന് ഈ തീരുവ നല്‍കണം. സാധാരണയായി, ഇത്തരത്തില്‍ വരുന്ന നികുതി ബാധ്യത കമ്പനികള്‍ ഉപയോക്താക്കള്‍ക്ക് കൈമാറുന്നതാണ് രീതി.
എന്താണ് പകരച്ചുങ്കം?
മറ്റൊരു രാജ്യത്തിലേക്കുള്ള കയറ്റുമതിക്ക് ചുമത്തുന്ന ചുങ്കത്തിന് പകരമായി ആ രാജ്യങ്ങളില്‍ നിന്നുള്ള ഇറക്കുമതിക്ക് തീരുവ ചുമത്തുന്ന രീതിയാണ് പകരച്ചുങ്കം.
ഇന്ത്യയില്‍ നിന്നുള്ള ഉല്‍പ്പന്നങ്ങള്‍ക്ക് യുഎസ് എത്ര താരിഫ് ചുമത്തുന്നു?
ഇന്ത്യയില്‍ നിന്നുള്ള സ്റ്റീല്‍, അലുമിനിയം, ഓട്ടോ എന്നി ഉല്‍പ്പന്നങ്ങള്‍ക്ക് ഇതിനകം 25 ശതമാനം താരിഫ് അമേരിക്ക ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഏപ്രില്‍ 5 മുതല്‍ 8 വരെ ഇന്ത്യയില്‍ നിന്നുള്ള ശേഷിക്കുന്ന ഉല്‍പ്പന്നങ്ങള്‍ 10 ശതമാനം അടിസ്ഥാന താരിഫിന് വിധേയമാണ്. ഏപ്രില്‍ ഒന്‍പത് മുതല്‍ ഓരോ രാജ്യത്തിന്റെയും അടിസ്ഥാനത്തില്‍ അമേരിക്ക ചുമത്തിയ പകരച്ചുങ്കം അനുസരിച്ച് ഇന്ത്യയില്‍ നിന്നുള്ള ഉല്‍പ്പന്നങ്ങള്‍ക്ക് മേല്‍ 27 ശതമാനം തീരുവ ചുമത്തും.
യുഎസ് പകരച്ചുങ്കം പ്രഖ്യാപിച്ചത് എന്തുകൊണ്ട്?
വിവിധ രാജ്യങ്ങളുമായുള്ള വ്യാപാര കമ്മി കുറയ്ക്കുന്നതിന് വേണ്ടിയാണ് പകരച്ചുങ്കം പ്രഖ്യാപിച്ചത് എന്നാണ് അമേരിക്കയുടെ വിശദീകരണം. ഇത് വ്യാപാര കമ്മി കുറച്ച് ആഭ്യന്തര വിപണിയെ ശക്തിപ്പെടുത്തുമെന്നും അമേരിക്ക കരുതുന്നു. ചൈനയുമായി, അമേരിക്കയ്ക്ക് വലിയ തോതില്‍ വ്യാപാര കമ്മി ഉണ്ട്. ഇന്ത്യയുമായി, യുഎസിന് 3531 കോടി ഡോളറിന്റെ വ്യാപാര കമ്മിയാണ് ഉള്ളത്.
ഏതെല്ലാം മേഖലകളെയാണ് ഈ താരിഫ് നിന്ന് ഒഴിവാക്കിയിരിക്കുന്നത്?
ഫാര്‍മസ്യൂട്ടിക്കല്‍സ്, സെമികണ്ടക്ടറുകള്‍, ചെമ്പ്, എണ്ണ, പ്രകൃതി വാതകം, കല്‍ക്കരി, എല്‍എന്‍ജി തുടങ്ങിയ ഊര്‍ജ്ജ ഉല്‍പ്പന്നങ്ങള്‍ എന്നിവയെയാണ് പകരച്ചുങ്കത്തില്‍ നിന്ന് ഒഴിവാക്കിയിരിക്കുന്നത്. തന്ത്രപരമായ ഇനങ്ങളാണ് എന്ന് കണ്ടാണ് നടപടി.
ഈ താരിഫുകള്‍ ഇന്ത്യയില്‍ എന്ത് പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കും?
അമേരിക്ക ഇന്ത്യയില്‍ നിന്നുള്ള ഇറക്കുമതിക്ക് ഏര്‍പ്പെടുത്തിയ 26 ശതമാനം താരിഫ് ഇന്ത്യയിലെ ആഭ്യന്തര കമ്പനികള്‍ക്ക് വെല്ലുവിളികള്‍ സൃഷ്ടിക്കുമെങ്കിലും കയറ്റുമതി രംഗത്ത് ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന മറ്റു രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ഇന്ത്യയുടെ നില മെച്ചമാണെന്ന് വിപണി വിദഗ്ധര്‍ അഭിപ്രായപ്പെട്ടു. നിര്‍ദ്ദിഷ്ട ഉഭയകക്ഷി വ്യാപാര കരാര്‍ ആഭ്യന്തര വ്യവസായത്തെ ഈ തീരുവകളുടെ സാധ്യമായ ആഘാതം മറികടക്കാന്‍ സഹായിക്കുമെന്ന് കയറ്റുമതിക്കാര്‍ പ്രത്യാശ പ്രകടിപ്പിച്ചു. മൊത്തത്തില്‍, യുഎസ്എയുടെ നടപടി ആഗോള വിതരണ ശൃംഖല പുനഃക്രമീകരണങ്ങളില്‍ നിന്ന് ഇന്ത്യയ്ക്ക് നേട്ടമുണ്ടാക്കുന്നതിനുള്ള ഒരു ഉത്തേജകമായി പ്രവര്‍ത്തിക്കുമെന്നും വിപണി വിദഗ്ധര്‍ കണക്കുകൂട്ടുന്നു.
എന്നിരുന്നാലും, ഈ അവസരങ്ങള്‍ പൂര്‍ണ്ണമായും പ്രയോജനപ്പെടുത്തുന്നതിന്, ഇന്ത്യ ലോജിസ്റ്റിക്‌സിലും അടിസ്ഥാന സൗകര്യങ്ങളിലും നിക്ഷേപം നടത്തുകയും നയ സ്ഥിരത നിലനിര്‍ത്തുകയും വേണമെന്നും വിപണി വിദഗ്ധര്‍ ഓര്‍മ്മിപ്പിച്ചു.
ഇന്ത്യയും യുഎസും തമ്മിലുള്ള വ്യാപാര കരാര്‍?
ഫെബ്രുവരിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി വാഷിംഗ്ടണ്‍ സന്ദര്‍ശിച്ച വേളയില്‍, 2030 ഓടെ അമേരിക്കയുമായുള്ള ഇന്ത്യയുടെ ഉഭയകക്ഷി വ്യാപാരം 50,000 കോടി ഡോളറായി ഉയര്‍ത്താന്‍ ലക്ഷ്യമിടുന്നതായി പ്രഖ്യാപിച്ചിരുന്നു. മോദിയും ട്രംപും തമ്മിലുള്ള ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ രൂപം നല്‍കിയ കരാറിന്റെ ആദ്യ ഘട്ടം സെപ്റ്റംബര്‍- ഒക്ടോബര്‍ മാസത്തോടെ അന്തിമമാക്കാനാണ് ഇരുരാജ്യങ്ങളും ലക്ഷ്യമിടുന്നത്.
വ്യാപാര കരാര്‍ എന്താണ്?
പരമാവധി സാധനങ്ങളുടെ കസ്റ്റംസ് തീരുവ ഗണ്യമായി കുറയ്ക്കാന്‍ ലക്ഷ്യമിട്ട് രണ്ടു രാജ്യങ്ങള്‍ തമ്മില്‍ ധാരണയാകുന്നതാണ് വ്യാപാര കരാര്‍. കരാര്‍ അനുസരിച്ച് വ്യാപാരം പ്രോത്സാഹിപ്പിക്കുന്നതിന് മാനദണ്ഡങ്ങള്‍ ലഘൂകരിക്കുകയും ചെയ്യുന്നു.
ഇന്ത്യയും യുഎസും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരം എന്താണ്?
2021-22 മുതല്‍ 2023-24 വരെ, ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിയായിരുന്നു യുഎസ്. ഇന്ത്യയുടെ മൊത്തം ചരക്ക് കയറ്റുമതിയുടെ ഏകദേശം 18 ശതമാനം അമേരിക്കയിലേക്കാണ്. ഇന്ത്യയുടെ ഇറക്കുമതിയില്‍ അമേരിക്കയുടെ വിഹിതം 6.22 ശതമാനമാണ്. ഇന്ത്യയുടെ മൊത്തം ഉഭയകക്ഷി വ്യാപാരത്തില്‍ അമേരിക്കയുമായി നടക്കുന്നത് 10.73 ശതമാനമാണ്.
2023-24 കണക്കനുസരിച്ച് അമേരിക്കയുമായുള്ള വ്യാപാരത്തില്‍ ഇന്ത്യയ്ക്ക് മിച്ചമാണ് ഉള്ളത്. 3532 കോടി ഡോളറാണ് ഇന്ത്യയുടെ വ്യാപാര മിച്ചം. മുന്‍ വര്‍ഷങ്ങളില്‍ ഇത് കുറവായിരുന്നു. 2022-23 സാമ്പത്തികവര്‍ഷത്തില്‍ 2770 കോടി ഡോളറാണ് ഇന്ത്യയുടെ വ്യാപാര മിച്ചം. 2024 ലെ കണക്കനുസരിച്ച് അമേരിക്കയിലേക്ക് ഇന്ത്യ ഏറ്റവുമധികം കയറ്റുമതി ചെയ്തത് ഡ്രഗ് ഫോര്‍മുലേഷനുകളും ബയോളജിക്കലുകളുമാണ്. 810 കോടി ഡോളറിന്റെ കയറ്റുമതിയാണ് നടന്നത്. രണ്ടാം സ്ഥാനത്ത് ടെലികോം ഉപകരങ്ങളാണ്. 650 കോടി ഡോളറിന്റെ ടെലികോം ഉപകരണങ്ങളാണ് ഇന്ത്യ കയറ്റുമതി ചെയ്തത്. മൂന്നാം സ്ഥാനത്ത് വിലയേറിയ കല്ലുകളുടെ കയറ്റുമതിയാണ്. 530 കോടി ഡോളറിന്റെ ആഢംബര കല്ലുകളാണ് ഇന്ത്യ അമേരിക്കയിലേക്ക് കയറ്റുമതി ചെയ്തത്. പെട്രോളിയം ഉല്‍പ്പന്നങ്ങളാണ് നാലാം സ്ഥാനത്ത്. 410 കോടി ഡോളറിന്റെ പെട്രോളിയം ഉല്‍പ്പന്നങ്ങളാണ് അമേരിക്കയിലേക്ക് കയറ്റുമതി ചെയ്തത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക