

കഴിഞ്ഞ ദിവസം നടൻ അനുപം ഖേർ ബൈപോളാർ ഡിസോർഡറുമായി ബന്ധപ്പെട്ട തന്റെ അനുഭവം തുറന്നുപറഞ്ഞതോടെ ഈ മാനസികാരോഗ്യ അവസ്ഥ വീണ്ടും ചർച്ചയായി. വർഷങ്ങൾക്ക് മുൻപ് ഉറക്കക്കുറവിനെ തുടർന്ന് ഡോക്ടറെ സമീപിച്ചപ്പോഴാണ് തനിക്ക് 'മാനിക് ഡിപ്രഷൻ' എന്ന അവസ്ഥയാണെന്ന് സ്ഥിരീകരിക്കുന്നതെന്ന് അദ്ദേഹം അടുത്തിടെ ഒരു പോഡ്കാസ്റ്റിൽ പറഞ്ഞു.
മൂഡ് മാറുന്നത് എല്ലാവരിലും സ്വാഭാവികമാണ്. സന്തോഷം, ദുഃഖം, സമ്മർദം, ആവേശം തുടങ്ങിയ വികാരങ്ങൾ സാഹചര്യങ്ങൾക്കനുസരിച്ച് മാറാം. എന്നാൽ ബൈപോളാർ ഡിസോർഡർ എന്ന അവസ്ഥയിൽ ഉണ്ടാകുന്ന മാറ്റങ്ങൾ സാധാരണ മൂഡ് സ്വിങുകളിൽ നിന്ന് വ്യത്യസ്തമാണ്. മാനസികാവസ്ഥ, ഊർജം, ഉറക്കം, സംസാരരീതി, ചിന്ത, പ്രവർത്തനങ്ങൾ, തീരുമാനമെടുക്കുന്ന രീതി എന്നിവയിൽ പ്രകടമായ മാറ്റങ്ങൾ ഉണ്ടാകാം.
ഇതിൽ വ്യക്തികൾക്ക് ചില ഘട്ടങ്ങളിൽ അസാധാരണമായി ഉയർന്ന ഊർജവും ഉത്സാഹവും ഉണ്ടാകാം. മറ്റുചില ഘട്ടങ്ങളിൽ കടുത്ത വിഷാദം, ക്ഷീണം, പ്രതീക്ഷയില്ലായ്മ തുടങ്ങിയവ അനുഭവപ്പെടാം. ഈ ഉയർന്ന മാനസികാവസ്ഥയെ മാനിയ (Mania) അല്ലെങ്കിൽ അതിന്റെ കുറഞ്ഞ തീവ്രതയിലുള്ള രൂപമായ ഹൈപ്പോമാനിയ എന്നും താഴ്ന്ന ഘട്ടത്തെ ഡിപ്രസീവ് എപ്പിസോഡ് എന്നും വിളിക്കുന്നു. എല്ലാ സമയത്തും രോഗലക്ഷണങ്ങൾ ഉണ്ടാകണമെന്നില്ല.
2011ൽ 'ദ ബെസ്റ്റ് ദിങ് എബൗട്ട് യു ഈസ്' എന്ന തൻ്റെ പുസ്തകം പുറത്തിറങ്ങിയ കാലത്ത് പകലും രാത്രിയിലും ഉറങ്ങാൻ കഴിയാത്ത അവസ്ഥ ഉണ്ടായിരുന്നുവെന്നും പകൽ വെളിച്ചത്തിലേക്ക് നേക്കുമ്പോൾ കണ്ണിന് കഠിനമായ വേദന അനുഭവപ്പെട്ടിരുന്നുവെന്നും അദ്ദേഹം പറയുന്നു. കണ്ണിന്റെ പ്രശ്നമാണെന്ന് കരുതി ആദ്യം കണ്ണ് ഡോക്ടറെ കാണാൻ പോയി. എന്നാൽ ഉറക്കമില്ലായ്മയെക്കുറിച്ച് പറഞ്ഞപ്പോൾ സൈക്യാട്രിസ്റ്റിനെ കാണണമെന്നായിരുന്നു ഡോക്ടറുടെ നിർദേശം.
തുടർന്ന് നടത്തിയ പരിശോധനയിലാണ് തനിക്ക് മാനിക് ഡിപ്രഷൻ ഉണ്ടെന്ന് കണ്ടെത്തിയതെന്ന് അനുപം ഖേർ പറയുന്നു. ആ സംഭവത്തിന് ശേഷമാണ് താന്‍ മാനസികാരോഗ്യത്തെക്കുറിച്ച് കൂടുതല്‍ ബോധവാന്‍ ആയതെന്നും നിലവിൽ ചികിത്സ തുടരുകയാണെന്നും അദ്ദേഹം വെളിപ്പെടുത്തി. ‘മാനിക് ഡിപ്രഷൻ’ എന്നത് പഴയ കാലത്ത് ഉപയോഗിച്ചിരുന്ന പേരാണ്. ഇന്ന് പൊതുവെ ബൈപോളാർ ഡിസോർഡർ എന്നാണ് ഈ അവസ്ഥയെ വിളിക്കുന്നത്.
വളരെ കുറച്ച് ഉറങ്ങിയിട്ടും ക്ഷീണം തോന്നാതിരിക്കുക
അമിതമായ ഊർജവും ഉത്സാഹവും
വളരെ വേഗത്തിൽ സംസാരിക്കുക
ചിന്തകൾ അതിവേഗം മാറുക
ഒരേസമയം നിരവധി കാര്യങ്ങൾ ചെയ്യാൻ ശ്രമിക്കുക
അമിതമായ ആത്മവിശ്വാസം
അസാധാരണമായ രീതിയിൽ പണം ചെലവഴിക്കുക
അപകടസാധ്യതയുള്ള തീരുമാനങ്ങൾ എടുക്കുക
പതിവിൽ നിന്ന് വ്യത്യസ്തമായ പെരുമാറ്റം
എളുപ്പത്തിൽ ദേഷ്യം വരിക
ശ്രദ്ധ കേന്ദ്രീകരിക്കാൻ ബുദ്ധിമുട്ട്
ഉറക്കക്കുറവ് മാത്രം ബൈപോളാറിന്റെ ലക്ഷണമായി കാണാൻ കഴിയില്ല. ജോലി സമ്മർദം, ഉത്കണ്ഠ, മറ്റ് ആരോഗ്യപ്രശ്നങ്ങൾ, ജീവിതശൈലി തുടങ്ങിയ നിരവധി കാരണങ്ങൾ ഉറക്കക്കുറവിന് പിന്നിലുണ്ടാകാം. എന്നാൽ വളരെ കുറച്ച് ഉറങ്ങിയിട്ടും ഉറക്കം ആവശ്യമില്ലെന്ന് തോന്നുന്നതിനൊപ്പം ഊർജം, സംസാരശീലം, പ്രവർത്തനനിലവാരം, പെരുമാറ്റം എന്നിവയിൽ വലിയ മാറ്റങ്ങൾ ഉണ്ടാകുന്നത് മാനിയയുമായി ബന്ധപ്പെട്ട ഒരു പ്രധാന സൂചനയായേക്കാം. മറ്റൊരു ഘട്ടത്തിൽ വ്യക്തി കടുത്ത വിഷാദത്തിലേക്കും പോകാം.
ഒറ്റ കാരണമാണ് ബൈപോളാറിന് പിന്നിലെന്ന് പറയാനാകില്ല. ജനിതകവും ജൈവപരവും പാരിസ്ഥിതികവുമായ നിരവധി ഘടകങ്ങൾ ഈ അവസ്ഥയെ സ്വാധീനിക്കാമെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു.
കുടുംബത്തിൽ ബൈപോളാർ ഡിസോർഡർ ഉള്ളത് അപകടസാധ്യതയുമായി ബന്ധപ്പെട്ട മറ്റൊരു ഘടകമാണ്. ചില ലഹരിവസ്തുക്കളുടെ ഉപയോഗവും ഉറക്കത്തിലെ വലിയ മാറ്റങ്ങളും സമ്മർദവും രോഗലക്ഷണങ്ങളെ മോശമാക്കാൻ സാധ്യതയുണ്ട്. അതേസമയം ശരിയായ ചികിത്സയിലൂടെ ബൈപോളാർ ഡിസോർഡറിന്റെ ലക്ഷണങ്ങൾ നിയന്ത്രിക്കാനും ജീവിതനിലവാരം മെച്ചപ്പെടുത്താനും കഴിയും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates