

രാവിലെ ഒരു കപ്പ് കപ്പി അല്ലെങ്കിൽ ചായ കുടിച്ചുകൊണ്ട് ദിവസം ആരംഭിക്കുന്നവരാണ് ഭൂരിഭാഗം മലയാളികളും. എന്നാൽ പാൽ ചായ അല്ലെങ്കിൽ പാൽക്കാപ്പി കുടിക്കുന്നതിനെക്കാൾ കട്ടൻ കുടിക്കുന്നതാണ് ആരോഗ്യകരമെന്ന തരത്തിൽ ഇപ്പോൾ സോഷ്യൽമീഡിയയിലടക്കം ചർച്ചകൾ സജീവമാണ്. എന്നാൽ ഇതിൽ എന്തെങ്കിലും വസ്തുതയുണ്ടോ?
കട്ടൻ കാപ്പി അല്ലെങ്കിൽ ചായയിലോട്ട് പാൽ ചേർക്കുന്നതു കൊണ്ട് കാപ്പിയുടെ അല്ലെങ്കിൽ ചായയുടെ മുഴുവൻ ആരോഗ്യഗുണങ്ങളും നഷ്ടപ്പെടുമെന്ന വാദം ശരിയല്ലെന്ന് ആരോഗ്യവിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു. എന്നാൽ ചില ആന്റിഓക്സിഡന്റുകളുടെ പ്രവർത്തനത്തിൽ ചെറിയ മാറ്റങ്ങൾ പാൽ ചേർക്കുമ്പോൾ സംഭവിക്കാമെന്ന് ലാബോറട്ടറി പഠനങ്ങൾ തെളിയിക്കുന്നു.
കോഫിയിലും ചായയിലും ധാരാളം പോളിഫീനോളുകളും ആന്റിഓക്സിഡന്റുകളും അടങ്ങിയിട്ടുണ്ട്. ഇവയ്ക്ക് നിരവധി ഗുണങ്ങളുമുണ്ട്. ഇത് ശരീരത്തിലെ കോശങ്ങളെ ഓക്സിഡേറ്റീവ് നാശത്തിൽ നിന്ന് സംരക്ഷിക്കുന്നു. ഹൃദ്രോഗസാധ്യത കുറയ്ക്കാൻ സഹായിച്ചേക്കാം. ടൈപ്പ് 2 പ്രമേഹ സാധ്യത കുറയ്ക്കാൻ സഹായിക്കുന്നതായി ചില പഠനങ്ങൾ പറയുന്നു. മസ്തിഷ്കത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്താൻ സഹായിച്ചേക്കാം. ശരീരത്തിലെ വീക്കം കുറയ്ക്കാൻ സഹായിക്കും. കരളിന്റെ ആരോഗ്യത്തിനും നല്ലതാണ്.
പാലിലുള്ള കേസീൻ (Casein) എന്ന പ്രോട്ടീൻ, ചായയിലെയും കോഫിയിലെയും ചില പോളിഫീനോളുകളുമായി ബന്ധപ്പെടാം. ഇത് കാരണം, ചില ആന്റിഓക്സിഡന്റുകളുടെ ആഗിരണം അല്പം മാറാം. ലബോറട്ടറി പരീക്ഷണങ്ങളിൽ ആന്റിഓക്സിഡന്റ് പ്രവർത്തനം കുറയുന്നതായി ചില പഠനങ്ങൾ കണ്ടെത്തിയിട്ടുണ്ട്. എന്നാൽ ലബോറട്ടറിയിൽ കണ്ട ഫലങ്ങൾ മനുഷ്യശരീരത്തിലും അതേ രീതിയിൽ സംഭവിക്കണമെന്നില്ല.
പുതിയ പഠനങ്ങളിൽ, പാൽ ചേർത്താലും ആന്റിഓക്സിഡന്റുകൾ ശരീരത്തിൽ പ്രവർത്തിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. ചില സന്ദർഭങ്ങളിൽ പാൽ ചേർന്നതിലൂടെ ചില ആന്റി-ഇൻഫ്ലമേറ്ററി (വീക്കം കുറയ്ക്കുന്ന) പ്രവർത്തനങ്ങൾ കൂടുതൽ ശക്തമാകാമെന്നും ഗവേഷകർ നിരീക്ഷിച്ചിട്ടുണ്ട്.
പഞ്ചസാര
ഒരു കപ്പ് ചായയിൽ രണ്ടോ മൂന്നോ സ്പൂൺ പഞ്ചസാര ചേർക്കുന്നത് ആരോഗ്യത്തെ ബാധിക്കും.
ഫ്ലേവേർഡ് സിറപ്പുകൾ
കഫേകളിൽ ഫ്ലേവേർഡ് സിറപ്പ് ചേർത്ത് ലഭിക്കുന്ന മധുരമുള്ള കോഫികളിൽ കലോറി വളരെ കൂടുതലാണ്.
അധിക ക്രീം
ഹെവി ക്രീം ചേർത്താൽ കൊഴുപ്പും കലോറിയും വർധിക്കും.
ബ്ലാക്ക് കോഫിയിലോ ബ്ലാക്ക് ടീയിലോ പാൽ ചേർത്താൽ അതിന്റെ എല്ലാ ആരോഗ്യഗുണങ്ങളും നഷ്ടമാകുമെന്ന് പറയുന്നത് ഒരു മിഥ്യയാണ്. പാലിലെ പ്രോട്ടീൻ ചില ആന്റിഓക്സിഡന്റുകളുമായി ഇടപെടാമെങ്കിലും, അതിന്റെ ആരോഗ്യഗുണങ്ങൾ വലിയ തോതിൽ കുറയുന്നുവെന്ന് തെളിയിക്കുന്ന ശാസ്ത്രീയ തെളിവുകളില്ല. എന്നാൽ, പാൽ പ്രോട്ടീനും കാൽസ്യവും പോലുള്ള അധിക പോഷകങ്ങൾ നൽകുന്നു. അതിനാൽ ബ്ലാക്ക് കോഫിയോ മിൽക്ക് കോഫിയോ, ബ്ലാക്ക് ടീയോ മിൽക്ക് ടീയോ എന്ന തിരഞ്ഞെടുപ്പ് നിങ്ങളുടെ ആരോഗ്യലക്ഷ്യങ്ങൾ, രുചി, കലോറി ആവശ്യകത എന്നിവയെ ആശ്രയിച്ചായിരിക്കണം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates