

രാത്രിയിൽ നോൺവെജ് വിഭവങ്ങൾ കഴിക്കാറുണ്ടോ? അത്താഴത്തിന് അധികമായി മാംസാഹാരങ്ങൾ കഴിക്കുന്നത് ആരോഗ്യത്തിന് അത്ര നല്ലതല്ലെന്നാണ് ആരോഗ്യവിദഗ്ധർ ചൂണ്ടിക്കാണിക്കുന്നത്. ഇത് ദഹനക്കേടു ഉണ്ടാവാനും ശരീരഭാരം വർധിക്കാനും കാരണമാകാം.
രാത്രിയിൽ അമിത അളവിൽ, ഉയർന്ന കലോറിയുള്ള മാംസവിഭവങ്ങൾ പതിവായി കഴിക്കുന്നത് ശരീരഭാരം വർധിക്കാൻ കാരണമായേക്കാം. ഭാരം കൂടുമ്പോൾ പ്രമേഹ സാധ്യതയും വർധിക്കാം. പ്രോസസ് ചെയ്തതും കൊഴുപ്പു കൂടുതലുള്ളതുമായ മാംസം പതിവായി കഴിക്കുന്നതും അനാരോഗ്യകരമായ ജീവിതശൈലിയും ഒട്ടേറെ ആരോഗ്യപ്രശ്നങ്ങളുടെ സാധ്യതയും വർധിപ്പിക്കാം.
മട്ടൻ, ബീഫ്, പോർക്ക് എന്നിവയാണ് പൊതുവെ റെഡ്മീറ്റ് ആയി പരിഗണിക്കുന്നത്. റെഡ്മീറ്റ് പ്രത്യേകിച്ച്, പ്രോസസ് ചെയ്ത റെഡ്മീറ്റ് പതിവായി അമിതമായി കഴിക്കുന്നത് ഹൃദ്രോഗം, ഉയർന്ന കൊളസ്ട്രോൾ തുടങ്ങിയ ആരോഗ്യ പ്രശ്നങ്ങളുടെ സാധ്യത വർധിപ്പിക്കാമെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു. റെഡ്മീറ്റിന്റെ അളവ് കൂടിയാൽ യൂറിക് ആസിഡ് വർധിക്കുന്നതുൾപ്പെടെ നിരവധി ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകാം.
മാംസവിഭവങ്ങൾ ദഹിക്കുന്നതിന് ഏറെ സമയം ആവശ്യമാണ്. അതിനു കാരണം മാംസത്തിലെ ഉയർന്ന അളവിലുള്ള പ്രോട്ടീൻ ദഹിക്കുന്നതിന് ഏറെ സമയമെടുക്കുമെന്നതാണ്. എണ്ണയും കൊഴുപ്പുമെല്ലാം ഏറെയുള്ള മാംസ വിഭവങ്ങൾ ദഹിക്കുന്നതിന് ദീർഘസമയമെടുക്കും.
രാത്രിയിൽ ഇവ കഴിച്ച് ഉടനെ കിടക്കുമ്പോൾ അസിഡിറ്റി വർധിക്കാം. വയറുവീർക്കൽ , വയറുകമ്പിക്കൽ, നെഞ്ചെരിച്ചിൽ, ഗ്യാസ് പോലുള്ള ലക്ഷണങ്ങളും ഉണ്ടാകാം. ഗ്യാസ്ട്രൈറ്റിസ് വരുന്നതിനുള്ള സാധ്യതയും കൂടുതലാണ്.
പ്രോസസ് ചെയ്ത മാംസവും അമിതമായി റെഡ്‌മീറ്റും കഴിക്കുന്നതു ചില കാൻസറുകളുടെ സാധ്യത വർധിപ്പിക്കാമെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു. എണ്ണയിൽ വറുത്തു മൊരിച്ചെടുത്ത ചിക്കനും ബീഫും മട്ടനും പോർക്കുമൊക്കെ പതിവായി കഴിക്കുമ്പോൾ പലതവണ ചൂടായ എണ്ണയിലെ കാർസിനോജനുകൾ വില്ലന്മാരാകും.
അതു കാൻസർ സാധ്യത വർധിപ്പിക്കുമെന്നു പുതിയ പഠനങ്ങൾ പറയുന്നു. കോളൻ കാൻസർ സാധ്യതയും കൂടുതലാകുന്നതായി വിദഗ്ധപഠനങ്ങൾ പറയുന്നു. നാരുകളുടെ അഭാവമാണ് കോളൻ കാൻസറിലേക്ക് നയിക്കുന്നത്. വറുത്തു പൊരിച്ച മാംസവിഭവങ്ങളുടെ അമിത ഉപഭോഗം സ്ത്രീകളിൽ സ്തനാർബുദത്തിലേക്ക് വഴിതെളിക്കുമെന്നും പഠനങ്ങളുണ്ട്. ചില പഠനങ്ങളിൽ പുരുഷന്മാരിൽ പ്രോസ്‌റ്റേറ്റ് കാൻസർ സാധ്യത വർധിക്കാമെന്നും പറയുന്നു.
അത്താഴത്തിന് വീട്ടിലോ പുറത്തോ മാംസവിഭവങ്ങൾ കഴിക്കുമ്പോൾ ഒപ്പം ധാരാളം പച്ചക്കറികളും കഴിക്കുക. സാലഡോ തോരനോ കറികളോ ഒക്കെ ആയി പച്ചക്കറി കഴിക്കാം.
പാർട്ടിയിൽ അല്ലെങ്കിൽ പുറത്തു പോകുമ്പോൾ സ്റ്റാർട്ടർ ആയി സൂപ്പ് കഴിക്കുക. ശേഷം സാലഡ് കഴിക്കാം. പിന്നീട് ഫ്രൂട്ട്സ് കഴിക്കാം. ഇതെല്ലാം കഴിഞ്ഞേ നോൺവെജ് തുടങ്ങാവൂ. അപ്പോഴേക്കും വയറു പകുതിയോളം നിറഞ്ഞിട്ടുണ്ടാകും.
മാംസവിഭവങ്ങൾ ഫ്രൈ ചെയ്തു കഴിക്കുന്നതിനെക്കാൾ കറി വയ്ക്കുന്നതാണ് ആരോഗ്യത്തിന് നല്ലത്.
വ്യക്തിയുടെ ആരോഗ്യനിലയും ഡോക്ടറുടെയും ഡയറ്റീഷന്റെയും നിർദേശവും അനുസരിച്ചു മാംസഭക്ഷണത്തിന്റെ അളവിൽ വ്യത്യാസം വരുത്താം.
ഉറങ്ങുന്നതിനു രണ്ടോ മൂന്നോ മണിക്കൂർ മുൻപെങ്കിലും അത്താഴം കഴിക്കുന്നതിനു ശ്രദ്ധിക്കുന്നതും പ്രധാനമാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates