

പശുവിൻ പാലിന് പകരമായി ബദാം മിൽക്ക്, ഓട്സ് മിൽക്ക്, സോയ മിൽക്ക് തുടങ്ങിയ പ്ലാന്റ് ബേസ്ഡ് പാലുകൾ ഉപയോഗിക്കുന്നവരുടെ എണ്ണം വർധിച്ചുവരികയാണ്. ലാക്ടോസ് അസഹിഷ്ണുത, പാലിനോടുള്ള അലർജി, ശുദ്ധമായ സസ്യാഹാരരീതി, ആരോഗ്യപരമായ താൽപര്യങ്ങൾ തുടങ്ങിയവയാണ് പലരെയും ഇത്തരത്തിൽ പ്ലാൻ്റ് ബേസ്ഡ് പാൽ ഉൽപ്പന്നങ്ങൾ തിരഞ്ഞെടുക്കാൻ പ്രോത്സാഹിപ്പിക്കുന്നത്. എന്നാൽ സ്ഥിരമായി ഇത്തരം പ്ലാൻ്റ് ബേസ്ഡ് പാൽ ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ടെന്ന് മുന്നറിയിപ്പ് നൽകുകയാണ് പുതിയ പഠനം.
ഡയറി ഉൽപ്പന്നങ്ങൾക്ക് പകരം പ്ലാന്റ് ബേസ്ഡ് പാൽ സ്ഥിരമായി ഉപയോഗിക്കുന്നത്, ചെറുപ്പക്കാരിലും സ്ത്രീകളിലും ചില അവശ്യ മൈക്രോന്യൂട്രിയൻ്റുകളുടെ അഭാവം ഉണ്ടാക്കാമെന്ന് 2026ൽ ദി ലാൻസെൻ്റ് പ്ലാനറ്ററി ഹെൽത്ത് ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ വിശദീകരിക്കുന്നു. യുകെയിൽ നടന്ന പഠനത്തിൽ അവിടുത്തെ ഭക്ഷണരീതിയും വിപണിയിൽ ലഭ്യമായ 289 പ്ലാന്റ് ബേസ്ഡ് ഡയറി ഉൽപ്പന്നങ്ങളുടെ പോഷകഘടനയും വിലയിരുത്തി.
പാൽ, ചീസ്, തൈര് എന്നിവയ്ക്ക് പകരമായി സോയ, ബദാം, ഓട്സ് തുടങ്ങിയവയിൽ നിന്നുള്ള സസ്യാധിഷ്ഠിത ഉൽപ്പന്നങ്ങൾ ഭാഗികമായി ഉപയോഗിച്ചാൽ പോലും അവ ഫോർട്ടിഫൈഡ് അല്ലായെങ്കിൽ അയഡിൻ, കാൽസ്യം, റൈബോഫ്ലേവിൻ (വിറ്റാമിൻ ബി2), വിറ്റാമിൻ ബി12 എന്നിവയുടെ അളവ് ശരീരത്തിൽ കുറയാമെന്ന് പഠനത്തിൽ പറയുന്നു. വിപണിയിൽ ലഭിക്കുന്ന ഉൽപ്പന്നങ്ങൾ ഫോട്ടിഫൈഡ് ആണെന്ന് പറയുമെങ്കിലും, വെറും 12 ശതമാനം ഉൽന്നപ്പങ്ങളിൽ മാത്രമാണ് അവശ്യ പോഷകമായ അയഡിൻ ചേർത്തിരുന്നതെന്ന് ഗവേഷകർ ചൂണ്ടിക്കാണിക്കുന്നു.
19 ശതമാനത്തിൽ താഴെ ഉൽപ്പന്നങ്ങളിൽ മാത്രമാണ് റൈബോഫ്ലേവിൻ ചേർത്തിരുന്നത്. പഠനത്തിൽ പരിശോധിച്ച ഉൽപ്പന്നങ്ങളിൽ 61 ശതമാനത്തിൽ കാൽസ്യവും 46 ശതമാനത്തിൽ വിറ്റാമിൻ ബി12 ഉം അധികമായി ചേർത്തിരുന്നതായി ഗവേഷകർ പറഞ്ഞു. ഓസ്ട്രേലിയയിലെ ഫുഡ് സ്റ്റാൻഡേർഡ്സ് ഏജൻസിയും പ്ലാന്റ് ബേസ്ഡ് പാൽ ഉൽപന്നങ്ങൾക്ക് പശുവിൻപാലിന് തുല്യമായ പോഷകഘടനയില്ലെന്ന് വ്യക്തമാക്കുന്നുണ്ട്.
തൈറോയ്ഡ് ഗ്രന്ഥിയുടെ ശരിയായ പ്രവർത്തനത്തിന് അയഡിൻ അത്യാവശ്യമാണ്. ശരീരത്തിലെ മെറ്റബോളിക് പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്ന തൈറോയ്ഡ് ഹോർമോണുകളുടെ ഉൽപാദനത്തിനും കുട്ടികളുടെ തലച്ചോറിൻ്റെ വളർച്ചയ്ക്കും അയഡിൻ പ്രധാന പങ്കുവഹിക്കുന്നുണ്ട്. പ്ലാന്റ് ബേസ്ഡ് പാൽ ഉൽപന്നങ്ങളിൽ പലതിലും അയഡിൻ ചേർക്കാത്തതിനാൽ ഇവ മാത്രം ആശ്രയിക്കുന്നവരിൽ അയഡിന്റെ അഭാവം ഉണ്ടാകാൻ സാധ്യതയുണ്ട്, പ്രത്യേകിച്ച് കൗമാരക്കാരിൽ.
നാഡീവ്യവസ്ഥയുടെ ആരോഗ്യത്തിനും ചുവന്ന രക്താണുക്കളുടെ ഉൽപാദനത്തിനും വിറ്റാമിൻ ബി12 ആവശ്യമാണ്. സ്വാഭാവികമായി സസ്യാഹാരങ്ങളിൽ നിന്ന് ഈ വിറ്റാമിൻ കാര്യമായ അളവിൽ ലഭിക്കാറില്ല. ഡയറി ഉൽപ്പന്നങ്ങൾക്ക് പകരമായി ബി12 ചേർക്കാത്ത ബദാം പാൽ, ഓട്സ് പാൽ തുടങ്ങിയവ ഉപയോഗിക്കുകയും മറ്റ് ഭക്ഷണങ്ങളിലൂടെ ബി12 ലഭിക്കാതിരിക്കുകയും ചെയ്താൽ അപകടമാകാം.
എല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യത്തിന് കാൽസ്യം ആവശ്യമാണ്. പേശികളുടെ പ്രവർത്തനത്തിനും നാഡികളുടെ പ്രവർത്തനത്തിനും ഇതിന് പങ്കുണ്ട്. ഊർജോൽപാദനത്തിലും കോശങ്ങളുടെ പ്രവർത്തനത്തിലും വിറ്റാമിൻ ബി2 പ്രധാനമാണ്. ഇവയുടെ അളവ് പ്ലാന്റ് ബേസ്ഡ് പാൽ ഉൽപന്നങ്ങളിൽ ഒരുപോലെയല്ല. ചില ഉൽപന്നങ്ങളിൽ ഇവ ചേർക്കുന്നുണ്ടെങ്കിലും മറ്റുചിലതിൽ ആവശ്യത്തിന് ലഭിക്കണമെന്നില്ല.
ബദാം മിൽക്ക്, ഓട്സ് മിൽക്ക്, സോയ മിൽക്ക്, തേങ്ങാപ്പാൽ, റൈസ് മിൽക്ക് എന്നിവയുടെ പോഷകഘടന വ്യത്യസ്തമാണ്.
സോയ: മറ്റ് പല പ്ലാന്റ് ബേസ്ഡ് പാലുകളെ അപേക്ഷിച്ച് കൂടുതൽ പ്രോട്ടീൻ ലഭിക്കുന്ന ഒരു ഓപ്ഷനാണ് സോയ മിൽക്ക്. ചില ഉൽപന്നങ്ങളിൽ പശുവിൻപാലിന് സമാനമായ അളവിൽ പ്രോട്ടീൻ ഉണ്ടായിരിക്കും.
ബദാം: സാധാരണയായി പ്രോട്ടീൻ കുറവാണ്. കാൽസ്യം, വിറ്റാമിൻ ഡി തുടങ്ങിയവ ചേർത്ത ഉൽപന്നങ്ങൾ വിപണിയിൽ ലഭ്യമാണ്.
ഓട്സ്: കാർബോഹൈഡ്രേറ്റ് ലഭിക്കുന്നതിനൊപ്പം ചില ഉൽപന്നങ്ങളിൽ ഫൈബറും അടങ്ങിയിരിക്കും. എന്നാൽ പ്രോട്ടീന്റെ അളവ് താരതമ്യേന കുറവായിരിക്കാം.
റൈസ് മിൽക്ക്: പ്രോട്ടീന്റെ അളവ് വളരെ കുറവായിരിക്കാം. അതുകൊണ്ട് കുട്ടികൾക്ക് പശുവിൻപാലിന് പകരമായി ഇത് നൽകുമ്പോൾ പ്രത്യേക ശ്രദ്ധ ആവശ്യമാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates