നൂറേ നൂറില്‍ റെജില്‍ കുതിച്ചു; പിഞ്ചു കുഞ്ഞിന്റെ ജീവന്‍ ഭദ്രം!

(പ്രതീകാത്മക ചിത്രം)
(പ്രതീകാത്മക ചിത്രം)

തൃശൂര്‍: ട്രാഫിക്കിനെ പഴിച്ചു റോഡില്‍ കിടക്കുന്ന ആംബുലന്‍സുകള്‍ കണ്ടിട്ടാക്കും. എന്നാല്‍ ഇതിനൊന്നും സിഎന്‍ ബാലകൃഷ്ണന്‍ സപ്തതി സ്മാരക ആംബുലന്‍സ് ഡ്രൈവര്‍ റെജില്‍ ഒരുക്കമല്ലായിരുന്നു. വണ്ടിക്കുള്ളില്‍ ഇതുവരെ ലോകം എന്തന്നറിയാത്ത വേദന എന്തെന്നറിയാത്ത പിഞ്ചു കുഞ്ഞ് ജീവതിത്തിനും മരണത്തിനുമിടയില്‍ മല്ലിട്ടു കിടക്കുകയാണ്. ഒന്നും നോക്കിയില്ല, പേരാമംഗലത്തു നിന്നും കൊച്ചി അമൃതയിലേക്കു ആംബുലന്‍സ് നൂറേ നൂറില്‍ പറന്നു. ഫലമോ, കുട്ടിയുടെ ജീവന്‍ തലനാരിഴയ്ക്കു രക്ഷപ്പെട്ടിരിക്കുന്നു. റെജില്‍ ഹീറോയുമായി.

കേച്ചേരി മുണ്ടോത്തിക്കോട് കൊട്ടിയോട്ടില്‍ വിജിത്തിന്റെയും ജയശ്രീയുടെയും എട്ടുമാസം പ്രായമുള്ള മകനു അമ്മയുടെ കയ്യിലിരിക്കുമ്പോള്‍ തലയില്‍ തേങ്ങവീണു ഗുരുതര പരുക്കേറ്റു. ഉടന്‍ അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ കാണിച്ചെങ്കിലും അമൃതയിലേക്കു ഉടനെത്തിക്കാന്‍ അവിടെനിന്നും നിര്‍ദേശം കിട്ടി. തലച്ചോറില്‍ രക്തസ്രാവമുണ്ടാവുകയും രക്തം കട്ടപിടിക്കുകയും ചെയ്തതോടെ കുഞ്ഞിന്റെ ജീവനു ഭീഷണിയായി. എത്രെയും പെട്ടന്ന് അമൃതയിലെത്തിക്കണം. അല്ലെങ്കില്‍ കുഞ്ഞിന്റെ ജീവന്‍...

പരിക്ക് അതീവ ഗുരുതരമായതിനാല്‍ തന്നെ ഐസിയു സൗകര്യമുള്ള ആംബുലന്‍സ് തന്നെ വേണമെന്നാണ് ആശുപത്രി നിര്‍ദേശിച്ചത്. സമയം, കളയാനില്ല. കുഞ്ഞിന്റെ ജീവനാണ് തുലാസിലാടിക്കൊണ്ടിരിക്കുന്നത്. നിരവധി ആംബുലന്‍സ് സേവനങ്ങളുമായി ബന്ധപ്പെട്ടെങ്കിലും ട്രാഫിക്ക് സിനിമയെ വെല്ലുന്ന ദൗത്യമായതിനാല്‍ ഡ്രൈവര്‍മാര്‍ക്കു റിസ്‌ക്കെടുക്കാന്‍ വയ്യെന്നായി. 

അവസാനമാണ് ചിറ്റിശേരി മണിക്കപ്പറമ്പില്‍ റെജില്‍ പിഞ്ചുകുഞ്ഞിന്റെ ജീവന്‍ രക്ഷിക്കാനായുള്ള മാലാഖയായി എത്തുന്നത്. ഡ്രൈവിംഗ് സീറ്റില്‍ റെജിലും കുട്ടിയുടെ സംരക്ഷണത്തിനായി സപ്പോര്‍ട്ട് സ്റ്റാഫ് ജിയോ ജോസ് കുട്ടിയും ഇരുന്നപ്പോള്‍ സഹായത്തിനു പോലീസും എത്തി. പേരാമംഗലത്തു നിന്നും കൊച്ചി അമൃത ആശുപത്രി ലക്ഷ്യമാക്കി ആംബുലന്‍സ് നൂറേ നൂറില്‍ കുതിച്ചു. 80 കിലോമീറ്ററാണ് ദൂരം. കുട്ടിയുടെ ജീവനും ആശുപത്രിക്കും ഇടയില്‍ റെജിലിന്റെ കയ്യിലുണ്ടായിരുന്നതാകട്ടെ 45 മിനുട്ടും. കൊച്ചിയിലെ ട്രാഫിക്ക് പ്രത്യേകിച്ച് ഇടപ്പള്ളിയിലെ. എല്ലാം അറിഞ്ഞിട്ടും റെജില്‍ വണ്ടി പായിച്ചു.

പ്രതീകാത്മക ദൃശ്യങ്ങള്‍

കൃത്യം 5.45നു പുറപ്പെട്ട ആംബുലന്‍സ് 6.30നു അമൃതയിലെത്തി. കുഞ്ഞിനെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. പരിശോധന നടത്തിയ കുട്ടിയ ഇന്നു ശസ്ത്രക്രിയ നടത്തും. ഒരല്‍പ്പം വൈകിയിരുന്നെങ്കില്‍ അല്ലെങ്കില്‍ റെജിലിന്റെ കാല്‍ വണ്ടിയുടെ ആക്‌സലറേറ്ററില്‍ നിന്നും ഒന്നു പൊങ്ങിയിരുന്നെങ്കില്‍ ഒരു പക്ഷെ പിഞ്ചു കുഞ്ഞിന്റെ ജീവന്‍ പൊലിഞ്ഞേനെയെന്ന് നന്ദിയോട് ഓര്‍ക്കുകയാണ് കുട്ടിയുടെ ഗ്രാമം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com