'ക്യാപ്റ്റന്‍ സ്ഥാനം ഒഴിയരുതെന്ന് സെപ്തംബറില്‍ ആവശ്യപ്പെട്ടു'; കോഹ്‌ലിയുടെ വാദങ്ങള്‍ തള്ളി ബിസിസിഐ വൃത്തങ്ങള്‍
By സമകാലിക മലയാളം ഡെസ്‌ക് | Published: 16th December 2021 12:44 PM |
Last Updated: 16th December 2021 12:51 PM | A+A A- |

ഫോട്ടോ: ബിസിസിഐ, ട്വിറ്റര്‍
ന്യൂഡല്‍ഹി: ഏകദിന ക്യാപ്റ്റന്‍ സ്ഥാനത്തെ മാറ്റം സംബന്ധിച്ചുള്ള കാര്യങ്ങളില്‍ കോഹ് ലിയും കണ്ണിയായിരുന്നതായി ബിസിസിഐ വൃത്തങ്ങള്‍. പ്രസ് കോണ്‍ഫറന്‍സ് കോഹ് ലി കൈകാര്യം ചെയ്ത വിധത്തില്‍ ബിസിസിഐക്ക് അതൃപ്തിയുണ്ടെന്നാണ് ദേശിയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
ക്യാപ്റ്റന്‍സിയിലെ മാറ്റം ചെറിയ വിഷയം അല്ല. തീരുമാനം എടുക്കുന്നതിന് മുന്‍പ് കോഹ്‌ലിയുമായി ബന്ധപ്പെട്ടിരുന്നു. സൗത്ത് ആഫ്രിക്കയിലേക്കുള്ള ടീമിനെ തെരഞ്ഞെടുക്കുന്ന ദിവസം രാവിലെ സെലക്ഷന്‍ കമ്മറ്റി ചെയര്‍മാന്‍ കോഹ് ലിയെ വിളിക്കുകയും ഏകദിന ക്യാപ്റ്റന്‍സിയെ കുറിച്ച് സംസാരിക്കുകയും ചെയ്തു എന്നാണ് ബിസിസിഐ വൃത്തങ്ങള്‍ പ്രതികരിക്കുന്നത്.
വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ രണ്ട് ക്യാപ്റ്റന്മാര്‍ എന്നത് ബുദ്ധിമുട്ടായി
വിരാട് കോഹ് ലിയോട് ടി20 ക്യാപ്റ്റന്‍സി ഒഴിയരുത് എന്ന് ആവശ്യപ്പെട്ടിരുന്നതായും ബിസിസിഐ വൃത്തങ്ങള്‍ ആവര്‍ത്തിക്കുന്നു. കോഹ്‌ലിയുമായി സെപ്തംബറില്‍ ഞങ്ങള്‍ സംസാരിച്ചിരുന്നു. ടി20 ക്യാപ്റ്റന്‍സി ഒഴിയരുത് എന്ന് അപ്പോള്‍ ആവശ്യപ്പെട്ടു. ടി20 ക്യാപ്റ്റന്‍സി കോഹ് ലി ഒഴിഞ്ഞതോടെ വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ രണ്ട് ക്യാപ്റ്റന്മാര്‍ എന്നത് ബുദ്ധിമുട്ടായതായും ബിസിസിഐ വൃത്തങ്ങള്‍ പറയുന്നു.
ടി20 ക്യാപ്റ്റന്‍സി ഒഴിയരുത് എന്ന് ആരും തന്നോട് ആവശ്യപ്പെട്ടിട്ടില്ല എന്നാണ് കോഹ് ലി പ്രസ് കോണ്‍ഫറന്‍സില്‍ പറഞ്ഞത്. ഞാന്‍ ടി20 ക്യാപ്റ്റന്‍സി ഒഴിയുന്നതില്‍ ബിസിസിഐയില്‍ ആരും എതിര്‍പ്പ് പ്രകടിപ്പിച്ചില്ല. എന്റെ കാഴ്ചപ്പാട് ഞാന്‍ അവരോട് വ്യക്തമാക്കിയിരുന്നു. വളരെ പോസിറ്റീവായാണ് അവര്‍ പ്രതികരിച്ചത് എന്നും കോഹ് ലി പറഞ്ഞിരുന്നു.