'ഹിറ്റ്മാന്‍' കസറി; രണ്ടാം ട്വന്റി-20യില്‍ ഇന്ത്യ ഓസീസിനെ തകര്‍ത്തു

നായകന്‍ രോഹിത് ശര്‍മ്മയുടെ മികവിലാണ് ജയത്തോടെ ഇന്ത്യ പരമ്പരയില്‍ ഒപ്പമെത്തിയത്
വിജയം നേടിയശേഷം രോഹിതും ദിനേഷ് കാര്‍ത്തിക്കും/ പിടിഐ
വിജയം നേടിയശേഷം രോഹിതും ദിനേഷ് കാര്‍ത്തിക്കും/ പിടിഐ

നാഗ്പുര്‍: ഓസ്‌ട്രേലിയക്കെതിരായ ട്വന്റി 20 പരമ്പരയിലെ രണ്ടാം മത്സരത്തില്‍ ഇന്ത്യയ്ക്ക് വിജയം. എട്ട് ഓവറാക്കി ചുരുക്കിയ മത്സരത്തില്‍ ഓസീസിനെ ആറു വിക്കറ്റിനാണ് ഇന്ത്യ തകര്‍ത്തത്. നായകന്‍ രോഹിത് ശര്‍മ്മയുടെ മികവിലാണ് ജയത്തോടെ ഇന്ത്യ പരമ്പരയില്‍ ഒപ്പമെത്തിയത്. 

ഓസ്‌ട്രേലിയ ഉയര്‍ത്തിയ 91 റണ്‍സ് വിജയലക്ഷ്യം നാലു പന്തുകള്‍ ബാക്കിനില്‍ക്കേ നാല് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ഇന്ത്യ മറികടന്നു. ഇതോടെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ഇന്ത്യ ഒപ്പമെത്തി (1-1). അവസാന മത്സരം ഞായറാഴ്ച ഹൈദരാബാദില്‍ നടക്കും. 

മഴമൂലം നനഞ്ഞ ഔട്ട്ഫീല്‍ഡ് കാരണം മത്സരം തുടങ്ങാന്‍ വൈകിയതിനാല്‍ എട്ട് ഓവറാക്കി ചുരുക്കുകയായിരുന്നു. 20 പന്തില്‍ നിന്ന് നാല് സിക്‌സും നാല് ഫോറുമടക്കം 46 റണ്‍സോടെ പുറത്താകാതെ നിന്ന ക്യാപ്റ്റന്‍ രോഹിത് ശര്‍മയാണ് ഇന്ത്യന്‍ വിജയം അനായാസമാക്കിയത്. 

ഡാനിയല്‍ സാംസെറിഞ്ഞ എട്ടാം ഓവറില്‍ ആദ്യ പന്ത് സിക്‌സും രണ്ടാം പന്ത് ഫോറും അടിച്ച് ദിനേഷ് കാര്‍ത്തിക്ക് ഇന്ത്യയെ വിജയത്തിലെത്തിച്ചു. കെ എല്‍ രാഹുല്‍ (6 പന്തില്‍ 10), വിരാട് കോഹ്‌ലി (6 പന്തില്‍ 11), സൂര്യകുമാര്‍ യാദവ് (പൂജ്യം), ഹാര്‍ദിക് പാണ്ഡ്യ (9 പന്തില്‍ 9) എന്നിങ്ങനെയാണ് മറ്റു ബാറ്റര്‍മാരുടെ സ്‌കോറുകള്‍.

നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റുചെയ്ത ഓസീസ് എട്ട് ഓവറില്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 90 റണ്‍സെടുത്തു. 20 പന്തില്‍ നിന്ന് മൂന്ന് സിക്‌സും നാല് ഫോറുമടക്കം 43 റണ്‍സോടെ പുറത്താകാതെ നിന്ന മാത്യു വെയ്ഡാണ് ഓസ്‌ട്രേലിയയുടെ ടോപ് സ്‌കോറര്‍. 

ക്യാപ്റ്റന്‍ ആരോണ്‍ ഫിഞ്ച് 15 പന്തില്‍ നിന്ന് ഒരു സിക്‌സും നാല് ഫോറുമടക്കം 31 റണ്‍സെടുത്തു. സ്റ്റീവ് സ്മിത്ത് എട്ടു റണ്‍സോടെ പുറത്താകാതെ നിന്നു. കാമറൂണ്‍ ഗ്രീന്‍ (5), ഗ്ലെന്‍ മാക്‌സ്‌വെല്‍ (0), ടിം ഡേവിഡ് (2) എന്നിവരാണ് പുറത്തായ മറ്റ് ഓസീസ് താരങ്ങള്‍.

രണ്ട് ഓവറില്‍ 13 റണ്‍സ് മാത്രം വഴങ്ങി ഗ്ലെന്‍ മാക്‌സ്‌വെല്ലിനെയും ടിം ഡേവിഡിനെയും പുറത്താക്കിയ അക്ഷര്‍ പട്ടേലാണ് ഇന്ത്യന്‍ ബൗളര്‍മാരില്‍ തിളങ്ങിയത്. ടോസ് നേടിയ ഇന്ത്യ ഓസീസിനെ ബാറ്റിങ്ങിന് അയയ്ക്കുകയായിരുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com