ശ്രീലങ്കയ്‌ക്കെതിരായ മൂന്നാം ഏകദിനം ഇന്ന് കാര്യവട്ടത്ത്; ഇന്ത്യന്‍ ടീമില്‍ മാറ്റത്തിന് സാധ്യത

രാവിലെ 11 മണി മുതൽ സ്റ്റേഡിയത്തിലേക്ക് കാണികളെ പ്രവേശിപ്പിക്കും
ഇന്ത്യന്‍ ടീം കാര്യവട്ടത്ത് പരിശീലനത്തില്‍/ പിടിഐ
ഇന്ത്യന്‍ ടീം കാര്യവട്ടത്ത് പരിശീലനത്തില്‍/ പിടിഐ

തിരുവനന്തപുരം: ശ്രീലങ്കയ്‌ക്കെതിരായ മൂന്നാം ഏകദിനം ഇന്ന് തിരുവനന്തപുരം കാര്യവട്ടം സ്റ്റേഡിയത്തില്‍ നടക്കും. ഉച്ചയ്ക്ക് 1.30 മുതലാണ് മത്സരം. ആദ്യ രണ്ടു മത്സരങ്ങളും ഇന്ത്യ വിജയിച്ചിരുന്നു. മൂന്നാം ഏകദിനവും വിജയിച്ച് സമ്പൂര്‍ണ പരമ്പര നേട്ടമാണ് രോഹിത് ശര്‍മ്മയും സംഘവും ലക്ഷ്യമിടുന്നത്. 

പരമ്പര നേടിയ സാഹചര്യത്തില്‍ ഇന്ത്യന്‍ ടീമില്‍ മാറ്റത്തിന് സാധ്യതയുണ്ട്. മുഹമ്മദ് ഷമിക്ക് വിശ്രമം നല്‍കി, അര്‍ഷ്ദീപ് സിങ്ങിന് അവസരം നല്‍കിയേക്കും. ബാറ്റിങ്ങില്‍, ശുഭ്മാന്‍ ഗില്‍, ശ്രേയസ് അയ്യര്‍ എന്നിവര്‍ക്ക് പകരം ഇഷാന്‍ കിഷന്‍, സൂര്യകുമാര്‍ യാദവ് എന്നിവര്‍ക്കും അവസരം നല്‍കിയേക്കും. 

അക്‌സര്‍ പട്ടേലിന് പകരം വാഷിംഗ്ടണ്‍ സുന്ദറിനും അവസരം നല്‍കുന്നത് മാനേജ്‌മെന്റിന്റെ പരിഗണനയിലുണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ട്. കഴിഞ്ഞ സെപ്റ്റംബറില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ കാര്യവട്ടത്ത് നടന്ന ട്വന്റി 20 മത്സരത്തില്‍ ഇന്ത്യയ്ക്ക് വേണ്ടി സൂര്യകുമാര്‍ യാദവാണ് തിളങ്ങിയത്. അതുകൊണ്ടു തന്നെ സ്‌കൈ ഇന്നും കാര്യവട്ടത്ത് ബാറ്റിങ്ങ് വെടിക്കെട്ടൊരുക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.

കഴിഞ്ഞ രണ്ടു മത്സരങ്ങളും തോറ്റ ശ്രീലങ്ക ആശ്വാസ വിജയമാണ് ലക്ഷ്യമിടുന്നത്. വലിയ താരങ്ങള്‍ ഇല്ലെന്നതാണ് ലങ്കയുടെ ശക്തിയും ദൗര്‍ബല്യവും. ഗ്രീന്‍ഫീല്‍ഡിലെ പിച്ച് ബൗളര്‍മാരോട് ചായ്‌വ് കാണിക്കുന്നതാണെന്ന് സൂചനയുണ്ട്. അതിനാല്‍ ടോസ് നിര്‍ണായകമായേക്കും. രാവിലെ 11 മണി മുതൽ സ്റ്റേഡിയത്തിലേക്ക് കാണികളെ പ്രവേശിപ്പിക്കും. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com