സിഡ്‌നി: ഓസ്‌ട്രേലിയക്കെതിരായ അഞ്ചാമത്തേതും അവസാനത്തേതുമായ ക്രിക്കറ്റ് ടെസ്റ്റില്‍ ആദ്യം ബാറ്റ് ചെയ്യുന്ന ഇന്ത്യയ്ക്ക് തുടക്കത്തിലേ തിരിച്ചടി. 57 റണ്‍സെടുക്കുന്നതിനിടെ മൂന്നു വിക്കറ്റുകള്‍ നഷ്ടമായി. 17 റണ്‍സെടുക്കുന്നതിനിടെ രണ്ട് ഓപ്പണര്‍മാരെയും ഇന്ത്യയ്ക്ക് നഷ്ടമായിരുന്നു. നാലു റണ്‍സെടുത്ത കെ എല്‍ രാഹുലിനെ സ്റ്റാര്‍ക്കും, 10 റണ്‍സെടുത്ത യശസ്വി ജയ്‌സ്വാളിനെ ബോളണ്ടുമാണ് പുറത്താക്കിയത്.
സ്‌കോര്‍ 11ല്‍ നില്‍ക്കെ രാഹുലിനെ മിച്ചല്‍ സ്റ്റാര്‍ക്കിന്റെ പന്തില്‍ സാം കോണ്‍സ്റ്റാസ് ക്യാച്ചെടുത്തു പുറത്താക്കുകയായിരുന്നു. സ്‌കോര്‍ 17 ലെത്തിയപ്പോള്‍ ബോളണ്ടിന്റെ പന്തില്‍ ബ്യൂ വെബ്സ്റ്റര്‍ പിടിച്ചാണ് യശസ്വി ജയ്‌സ്വാള്‍ പുറത്തായത്. രോഹിത് ശര്‍മ്മയ്ക്ക് പകരം ടീമിലെത്തിയ ഗില്‍ 20 റണ്‍സെടുത്ത് പുറത്തായി. 64 പന്തില്‍ 20 റണ്‍സെടുത്ത ഗില്ലിനെ ലിയോണ്‍ ആണ് പുറത്താക്കിത്. സ്മിത്ത് ക്യാച്ചെടുത്തു.
രോഹിത് ശര്‍മ്മയ്ക്ക് പകരം ജസ്പ്രീത് ബുംറയാണ് ഇന്ത്യയെ നയിക്കുന്നത്. ടോസ് നേടിയ ഇന്ത്യന്‍ നായകന്‍ ബുംറ ബാറ്റിങ്ങ് തെരഞ്ഞെടുക്കുകയായിരുന്നു. ഇന്ത്യന്‍ നിരയില്‍ രോഹിതിന് പകരം ശുഭ്മാന്‍ ഗില്ലും, പരിക്കേറ്റ ആകാശ്ദീപിന് പകരം പ്രസിദ്ധ് കൃഷ്ണയും അന്തിമ ഇലവനില്‍ ഇടം നേടി.
ഓസ്‌ട്രേലിയക്കു വേണ്ടി ഓള്‍റൗണ്ടര്‍ ബ്യൂ വെബ്‌സറ്റര്‍ അരങ്ങേറ്റം കുറിച്ചു. രോഹിത് ശര്‍മ്മ പുറത്തിരിക്കാന്‍ സ്വയം തീരുമാനിക്കുകയായിരുന്നു എന്നും ടീമിന്റെ ഐക്യമാണ് അതു കാണിക്കുന്നതെന്നും ഇന്ത്യന്‍ നായകന്‍ ജസ്പ്രീത് ബുംറ പറഞ്ഞു. ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിന് യോഗ്യത നേടണമെങ്കില്‍ ഈ ടെസ്റ്റില്‍ ഇന്ത്യയ്ക്ക് വിജയം അനിവാര്യമാണ്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക