
കൊച്ചി: ഐപിഎൽ 18ാം അധ്യായത്തിനു തിരി തെളിയാൻ മണിക്കൂറുകൾ മാത്രം നിൽക്കെ മലയാളി ആരാധകർക്ക് സന്തോഷ വാർത്ത. ഐപിഎൽ പോരാട്ടത്തോടനുബന്ധിച്ചു ഇന്ത്യയിലെ വിവിധ നഗരങ്ങളിൽ ബിസിസിഐ ഫാൻ പാർക്കുകൾ നടത്താറുണ്ട്. ഈ വർഷം കേരളത്തിൽ കൊച്ചിയിലും പാലക്കാടും ആരാധകർക്ക് വലിയ സ്ക്രീനിൽ മത്സരങ്ങൾ ആസ്വദിക്കാൻ അവസരമൊരുങ്ങുന്നു. പ്രവേശനം സൗജന്യമായിരിക്കും.
മാർച്ച് 22, 23 തീയതികളിലെ മത്സരങ്ങളാണ് കൊച്ചിയിൽ സജ്ജീകരിക്കുന്ന ഫാൻ പാർക്കിലൂടെ പ്രദർശിപ്പിക്കുന്നത്. ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൻറെ കിഴക്ക് ഭാഗത്തെ പാർക്കിങ് ഗ്രൗണ്ടാണ് കൊച്ചിയിലെ വേദി. കൊൽക്കത്ത നൈറ്റ്റൈഡേഴ്സ്- റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവും തമ്മിൽ നാളെ നടക്കുന്ന ഉദ്ഘാടന മത്സരവും 23ലെ സൺറൈസേഴ്സ് ഹൈദരാബാദ്- രാജസ്ഥാൻ റോയൽസ്, ചെന്നൈ സൂപ്പര്‍ കിങ്‌സ്- മുംബൈ ഇന്ത്യന്‍സ് പോരാട്ടങ്ങളുമാണ് കൊച്ചിയിലെ ഫാൻ പാർക്കിൽ പ്രദർശിപ്പിക്കുന്നത്.
22നു 7.30 മുതലാണ് ഉദ്ഘാടന പോരാട്ടം. 23നു ആദ്യ പോരാട്ടം വൈകീട്ട് 3.30 മുതലും രണ്ടാം പോരാട്ടം 7.30 മുതലും ആരംഭിക്കും.
മാർച്ച് 29, 30 തീയതികളിൽ നടക്കുന്ന മത്സരങ്ങളാണ് പാലക്കാട് കോട്ട മൈതാനത്തിൽ സജ്ജീകരിച്ചിരിക്കുന്ന ഫാൻ പാർക്കിലൂടെ പ്രദർശിപ്പിക്കുന്നത്. 29ലെ ഗുജറാത്ത് ടൈറ്റൻസ്- മുംബൈ ഇന്ത്യൻസ്, 30നു നടക്കുന്ന ഡൽഹി ക്യാപിറ്റൽസ്- സൺറൈസേഴ്സ് ഹൈദരാബാദ്, രാജസ്ഥാന്‍ റോയല്‍സ്- ചെന്നൈ സൂപ്പര്‍ കിങ്സ് മത്സരങ്ങളാണ് പാലക്കാട് പ്രദർശിപ്പിക്കുന്നത്.
29നു 7.30 മുതലാണ് ഉദ്ഘാടന പോരാട്ടം. 30നു ആദ്യ പോരാട്ടം വൈകീട്ട് 3.30 മുതലും രണ്ടാം പോരാട്ടം 7.30 മുതലും ആരംഭിക്കും.
മത്സരങ്ങളുടെ തത്സമയ സംപ്രേക്ഷണം കൂടാതെ ഫുഡ് സ്റ്റാൾ, സംഗീത നിശ, കുട്ടികളുടെ വിവിധ ഗെയിമുകൾ എന്നിവയും ആരാധകർക്ക് ആസ്വദിക്കാനായി ഫാൻ പാർക്കുകളിൽ സംഘാടകർ ഒരുക്കിയിട്ടുണ്ട്. രാജ്യത്തെ 50 നഗരങ്ങളിലാണ് ബിസിസിഐ ഫാൻ പാർക്കുകൾ ഒരുക്കിയിട്ടുള്ളത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക