
ബംഗളൂരു: ഇന്ത്യ- പാകിസ്ഥാന്‍ സംഘര്‍ഷത്തെ തുടര്‍ന്നു നിര്‍ത്തി വച്ച ഐപിഎല്‍ പോരാട്ടങ്ങള്‍ ഇന്ന് വീണ്ടും തുടങ്ങുന്നു. പത്ത് ദിവസത്തെ ഇടവേളയ്ക്കു ശേഷമാണ് ഐപിഎല്‍ ആവേശം ക്രീസിലേക്ക് മടങ്ങിയെത്തുന്നത്. ഇന്ന് റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരു- കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് പോരാട്ടത്തോടെയാണ് മത്സരങ്ങള്‍ പുനരാരംഭിക്കുന്നത്. രാത്രി 7.30നു ബംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിലാണ് മത്സരം.
ഇന്നത്തെ മത്സരം ജയിച്ചാല്‍ ആര്‍സിബിക്ക് പ്ലേ ഓഫ് ഉറപ്പിക്കാം. പരിക്കേറ്റ് പുറത്തായ ഓസ്‌ട്രേലിയന്‍ പേസര്‍ ജോഷ് ഹെയ്‌സല്‍വുഡ്, മിന്നും ഫോമിലുള്ള ദേവ്ദത്ത് പടിക്കല്‍ എന്നിവരുടെ അഭാവം ടീമിനെ ബാധിക്കും. ദേവ്ദത്തിനു പകരം മായങ്ക് അഗര്‍വാള്‍ ആര്‍സിബി ക്യാംപിലെത്തി. പരിക്കു മാറി രജത് പടിദാര്‍ ഇന്ന് കളിക്കാനിറങ്ങും.
സൂപ്പര്‍ ബാറ്റര്‍ വിരാട് കോഹ്‌ലി കത്തും ഫോമില്‍ നില്‍ക്കുന്നതാണ് ആര്‍സിബിയുടെ പ്ലസ് പോയിന്റ്. ഇതുവരെയായി താരം 505 റണ്‍സാണ് അടിച്ചുകൂട്ടിയത്.
നേരിയ പ്രതീക്ഷയുടെ പാലത്തില്‍ നിന്നാണ് കെകെആര്‍ ഇന്ന് ഇറങ്ങുന്നത്. വിദേശ താരങ്ങള്‍ ഭൂരിഭാഗവും ടീമിനൊപ്പമുണ്ട് എന്നത് അവര്‍ക്ക് ആശ്വാസം നല്‍കുന്നു. 11 പോയിന്റുമായി അവര്‍ ആറാം സ്ഥാനത്താണ്. ഇന്ന് മികച്ച വിജയത്തിലൂടെ നെറ്റ് റണ്‍റേറ്റ് കയറ്റി ജയം പിടിച്ച് പ്ലേ ഓഫ് സാധ്യത നിലനിര്‍ത്തുക എന്ന വലിയ കടമ്പയാണ് അവര്‍ക്ക് മുന്നിലുള്ളത്. സ്വന്തം മണ്ണിലെ തോല്‍വിക്ക് ഇന്ന് എതിരാളിയുടെ ഗ്രൗണ്ടില്‍ മറുപടി പറയാനുള്ള ആവേശവും ടീമിനുണ്ട്.
ക്യാപ്റ്റന്‍ അജിന്‍ക്യ രഹാനെ, അംഗ്കൃഷ് രഘുവംശി, റിങ്കു സിങ് അടക്കമുള്ള ബാറ്റിങ് നിരയാണ് പ്രതീക്ഷ. അവസാന മത്സരങ്ങളില്‍ ബാറ്റിങ് മികവിലേക്ക് മടങ്ങിയെത്തിയ ആന്ദ്രെ റസ്സലിന്റെ ഫോമും നിര്‍ണായകമാണ്. വരുണ്‍ ചക്രവര്‍ത്തി, സുനില്‍ നരെയ്ന്‍ എന്നിവരുടെ സ്പിന്നും ഫലം കണ്ടിട്ടുണ്ട്. അതേസമയം ഇംഗ്ലീഷ് സ്പിന്നര്‍ മോയിന്‍ അലി ടീമില്‍ ഇല്ലാത്തത് തിരിച്ചടിയാണ്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ക്ലിക്ക് ചെയ്യൂ