എം വിന്‍സെന്റ് എംഎല്‍എ 14 ദിവസത്തേക്കു റിമാന്‍ഡില്‍; നെയ്യാറ്റിന്‍കര സബ്ജയിലിലേക്കു മാറ്റി

കേവലം പരിചയം മാത്രമുളള വീട്ടമ്മയെ ഇത്രയധികം പ്രാവശ്യം വിന്‍സെന്റ് ഫോണില്‍ വിളിക്കേണ്ട കാര്യമില്ലെന്നും ഇത് വിന്‍സെന്റിനെതിരായ ശക്തമായ തെളിവാണെന്ന്‌ പോലീസ്
എം വിന്‍സെന്റ് എംഎല്‍എ പേരൂര്‍ക്കട പോലീസ് സ്‌റ്റേഷനില്‍-ടിവി ചിത്രം
എം വിന്‍സെന്റ് എംഎല്‍എ പേരൂര്‍ക്കട പോലീസ് സ്‌റ്റേഷനില്‍-ടിവി ചിത്രം

തിരുവനന്തപുരം: വീട്ടമ്മയെ പീഡിപ്പിച്ചെന്ന കേസില്‍ അറസ്റ്റിലായ കോവളം എംഎല്‍എ എം വിന്‍സെന്റിനെ റിമാന്‍ഡ് ചെയ്തു. 14 ദിവസത്തേക്കു നെയ്യാറ്റിന്‍കര കോടതിയാണ് എംഎല്‍എയെ റിമാന്‍ഡ് ചെയ്തത്. നെയ്യാറ്റിന്‍കര സബ്ജയിലേലേക്കു വിന്‍സെന്റിനെ മാറ്റി.

വീട്ടമ്മയെ പീഡിപ്പിച്ചതുമായി ബന്ധപ്പെട്ടു എംഎല്‍എ ഹോസ്റ്റലില്‍ വച്ച് മണിക്കൂറുകളോളം ചോദ്യം ചെയ്ത ശേഷമാണ് വിന്‍സന്റിനെ അറസ്റ്റ് രേഖപ്പെടുത്തിയത്. വീട്ടില്‍ അതിക്രമിച്ചു കയറി ബലാത്സംഗം ചെയ്‌തെന്നും നിരന്തരം പീഡിപ്പിച്ചെന്നുമാണ് വീട്ടമ്മയുടെ പരാതിയെ തുടര്‍ന്നായിരുന്നു അറസ്റ്റ്. 

പരാതിക്കാരിയായ വീട്ടമ്മയെ കഴിഞ്ഞ അഞ്ചു മാസത്തിനിടെ 900 തവണ വിന്‍െസന്റ് വിളിച്ചിട്ടുണ്ടെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. എംഎല്‍എക്കെതിരേ കേസുമായി ബന്ധപ്പെട്ടുള്ള ശാസ്ത്രീയ തെളിവുകളും സാഹചര്യ തെളിവുകളും ശക്തമാണെന്ന് പൊലീസ് വ്യക്തമാക്കി. കേവലം പരിചയം മാത്രമുളള വീട്ടമ്മയെ ഇത്രയധികം പ്രാവശ്യം വിന്‍സെന്റ് ഫോണില്‍ വിളിക്കേണ്ട കാര്യമില്ലെന്നും ഇത് വിന്‍സെന്റിനെതിരായ ശക്തമായ തെളിവാണെന്നും ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടുന്നു. വിന്‍സെന്റിന്റെ ഫോണിലേക്ക് വീട്ടമ്മ തിരിച്ചുവിളിച്ചിട്ടുള്ളത് വളരെ കുറച്ചു തവണ മാത്രമാണ്.

ആരോപണം തെളിയിച്ചാല്‍ മാത്രമാണ് എംഎല്‍എ വിന്‍സെന്റിനെതിരേ നടപടിയെടുക്കുകയെന്ന് കെപിസിസി പ്രസിഡന്റ് എംഎം ഹസന്‍ വ്യക്തമാക്കിയിരുന്നു. അതേസമയം, ഷാനിമോള്‍ ഉസ്മാന്‍, ബിന്ദുകൃഷ്ണ തുടങ്ങിയ വനിതാ നേതാക്കള്‍ വിന്‍സെന്റ് രാജിവെക്കണമെന്നാവശ്യപ്പെട്ടിരുന്നു.

തനിക്കെതിരേയുള്ള ആരോപണം രാഷ്ട്രീയ പകപോക്കലെന്ന് റിമാന്‍ഡ് ചെയ്യപ്പെട്ട എം വിന്‍സെന്റ് ഇക്കാര്യത്തില്‍ പ്രതികരിച്ചു. തന്റെ നിരപരാധിത്വം തെളിയിക്കുമെന്നു പറഞ്ഞ വിന്‍സെന്റ് മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നുള്ള സമ്മര്‍ദ്ദമാണ് അറസ്റ്റിനു കാരണമെന്നും കൂട്ടിച്ചേര്‍ത്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com