കണ്ണൂര്‍, കരുണ ബില്ലിന് പിന്നില്‍ കോടികളുടെ അഴിമതി ; പ്രതിപക്ഷവും സംശയത്തിന്റെ നിഴലില്‍, വിമര്‍ശനവുമായി ബെന്നി ബെഹനാന്‍
By സമകാലിക മലയാളം ഡെസ്‌ക് | Published: 05th April 2018 03:23 PM |
Last Updated: 05th April 2018 03:23 PM | A+A A- |

തിരുവനന്തപുരം : കണ്ണൂര്‍, കരുണ സ്വാശ്രയ മെഡിക്കല്‍ കോളേജുകളിലെ പ്രവേശനവുമായി ബന്ധപ്പെട്ട ബില്‍ നിയമസഭയില്‍ പാസ്സാക്കാന്‍ കൂട്ടുനിന്ന പ്രതിപക്ഷത്തിന്റെ നടപടിക്കെതിരെ കോണ്‍ഗ്രസ് നേതാവ് ബെന്നി ബെഹനാന്‍ രംഗത്ത്. തിരക്കിട്ട് സര്‍ക്കാര്‍ ബില്ല് അവതരിപ്പിച്ചതിന് പിന്നില്‍ ഇടതു സര്‍ക്കാരിലെ ഉന്നതര്‍ ഉള്‍പ്പെടുന്ന വന്‍ അഴിമതി നടന്നിട്ടുണ്ട് എന്ന ആരോപണം ഉയര്‍ന്നിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ബില്ല് പാസാക്കാന്‍ സര്‍ക്കാരിനെ സഹായിച്ച പ്രതിപക്ഷത്തിന്റെ നടപടി ജനങ്ങള്‍ സംശയത്തോടെയാണ് കാണുന്നതെന്നും ബെന്നി ബെഹനാന്‍ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ അഭിപ്രായപ്പെട്ടു.
കണ്ണൂര്‍, കരുണാ മെഡിക്കല്‍ കോളേജുകളിലെ വിദ്യാര്‍ത്ഥി പ്രവേശനത്തിന്‍ ക്രമക്കേട് ഉണ്ട് എന്ന് ഹൈക്കോടതിയിലും സുപ്രീം കോടതിയിലും വാദിച്ച സര്‍ക്കാര്‍ മാസങ്ങള്‍ക്ക് ശേഷം പൊടുന്നനെ യാതൊരു കാരണവുമില്ലാതെ വിദ്യാര്‍ത്ഥികളുടെ ഭാവി എന്ന പേരില്‍ മലക്കം മറിഞ്ഞു. തങ്ങള്‍ തന്നെ ഹൈക്കോടതിയിലും സുപ്രീം കോടതിയിലും പൊരുതി നേടിയ വിധി അട്ടിമറിച്ച് കൊണ്ട് കണ്ണൂര്‍, കരുണാ മെഡിക്കല്‍ കോളേജുകളിലെ അഴിമതി വിദ്യാര്‍ത്ഥി പ്രവേശനം ക്രമപെടുത്താന്‍ തീരുമാനിക്കുകയായിരുന്നു. ഇതിന് പിന്നില്‍ കോടികളുടെ ക്രമക്കേടുണ്ടെന്നാണ് ആക്ഷേപം.
സുപ്രീം കോടതി വിഷയത്തിന്‍ അന്തിമ വിധി പ്രഖ്യാപിക്കാനിരിക്കേ വിദ്യാര്‍ത്ഥികളുടെ ഭാവി എന്ന പേരില്‍ സ്വാശ്രയ മാനേജ്‌മെന്റുകള്‍ക്ക് സഹായകരമാകുന്ന ബില്ല് തിരക്കിട്ട് പാസാക്കിയത് ജനങ്ങള്‍ക്കിടയില്‍ സംശയത്തിന് ഇടവരുത്തിയിട്ടുണ്ടെന്നും ബെന്നി ബെഹനാന്‍ ആരോപിക്കുന്നു. കോണ്‍ഗ്രസില്‍ വന്‍ പ്രത്യാഘാതങ്ങള്‍ക്ക് വഴിവെക്കുന്നതാണ് ബെന്നി ബെഹനാന്റെ അഭിപ്രായപ്രകടനം.
ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
കണ്ണൂര്‍ കരുണാ സ്വാശ്രയ മെഡിക്കല്‍ കോളേജുകളിലെ പ്രവേശനവുമായി ബന്ധപ്പെട്ട് പിണറായി സര്‍ക്കാര്‍ നിയമസഭയില്‍ ബില്ല് അവതരിപ്പിച്ചതിന് പിന്നില്‍ സര്‍ക്കാരിലെ ഉന്നതര്‍ ഉള്‍പ്പെടുന്ന വന്‍ അഴിമതി നടന്നിട്ടുണ്ട് എന്ന ആരോപണം ഉയര്‍ന്നിരിക്കുന്ന സാഹചര്യത്തില്‍ ബില്ല് പാസാക്കാന്‍ സര്‍ക്കാരിനെ സഹായിച്ച പ്രതിപക്ഷത്തിന്റെ നടപടി ജനങ്ങള്‍ സംശയത്തോടെയാണ് കാണുന്നത്.
കണ്ണൂര്‍ കരുണാ, മെഡിക്കല്‍ കോളേജുകളിലെ 2016-2017 വര്‍ഷത്തിലേക്കുള്ള വിദ്യാര്‍ത്ഥി പ്രവേശനത്തില്‍ വന്‍ ക്രമക്കേട് കണ്ടെത്തിയതിനെ തുടര്‍ന്ന് കേരള ഹൈക്കോടതി വിദ്യാര്‍ത്ഥി പ്രവേശനം റദ്ദാക്കിയിരുന്നു. ക്രമക്കേട് നടന്നുവെന്ന പിണറായി സര്‍ക്കാരിന്റെ വാദം അംഗീകരിച്ച ഹൈക്കോടതി വിദ്യാര്‍ത്ഥി പ്രവേശനം റദ്ദാക്കിയതിനെ തുടര്‍ന്ന് സുപ്രിം കോടതി ഹൈക്കോടതിയുടെ വിധി ശരിവക്കുകയുമുണ്ടായി. പിണറായി സര്‍ക്കാരിന്റെ വാദം അംഗീകരിച്ച് കൊണ്ട് സുപ്രിം കോടതിയും ഹൈക്കോടതിയുടെ വിധി അംഗീകരിച്ചു. പതിറ്റാണ്ടുകള്‍ക്ക് ശേഷം ആദ്യമായാണ് സുപ്രീം കോടതിയില്‍ സംസ്ഥാന സര്‍ക്കാര്‍ സ്വാശ്രയ മാനേജ്‌മെന്റുകള്‍ക്കെതിരെ അഭിമാനാര്‍ഹമായ വിജയം കൈക്കലാക്കിയത്.
എന്നാല്‍ കണ്ണൂര്‍, കരുണാ മെഡിക്കല്‍ കോളേജുകളിലെ വിദ്യര്‍ത്ഥിപ്രവേശനത്തിന്‍ ക്രമക്കേട് ഉണ്ട് എന്ന് ഹൈക്കോടതിയിലും സുപ്രീം കോടതിയിലും വാദിച്ച സര്‍ക്കാര്‍ മാസങ്ങള്‍ക്ക് ശേഷം പൊടുന്നനെ യാതൊരു കാരണവുമില്ലാതെ വിദ്യാര്‍ത്ഥികളുടെ ഭാവി എന്ന പേരില്‍ മലക്കം മറിഞ്ഞ് , തങ്ങള്‍ തന്നെ ഹൈക്കോടതിയിലും സുപ്രീം കോടതിയിലും പൊരുതി നേടിയ വിധി അട്ടിമറിച്ച് കൊണ്ട് കണ്ണൂര്‍, കരുണാ മെഡിക്കല്‍ കോളേജുകളിലെ അഴിമതി വിദ്യാര്‍ത്ഥി പ്രവേശനം ക്രമപെടുത്താന്‍ തീരുമാനിക്കുകയായിരുന്നു. ഇതിന് പിന്നില്‍ കോടികളുടെ അഴിമതി ഉണ്ടെന്ന് ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്.
വിദ്യാര്‍ത്ഥികളുടെ ഭാവി മുന്‍നിര്‍ത്തിയാന്ന് സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് പുറപ്പെടുവിച്ചത് എന്ന പിണറായി സര്‍ക്കാരിന്റെ വാദം , ഓര്‍ഡിനന്‍സിനെതിരെ മെഡിക്കല്‍ കൗണ്‍സില്‍ നല്‍കിയ ഹര്‍ജി പരിഗണിക്കവേ കഴിഞ്ഞ ദിവസം സുപ്രിം കോടതി തള്ളി കളഞ്ഞിരിക്കുന്നു. പിണറായി സര്‍ക്കാരിന്റെ വാദം അംഗീകരിക്കപ്പെട്ടാല്‍ മധ്യ പ്രദേശിലെ വ്യാപം കുഭംകോണം പോലും ന്യായികരിക്കേണ്ടി വരില്ലേ എന്ന് സുപ്രീം കോടതി ചോദിച്ചിട്ടുണ്ട്. ഓര്‍ഡിനന്‍സ് അംഗീകരിക്കപ്പെട്ടാല്‍ മറ്റെല്ലാ സംസ്ഥാനങ്ങളില്‍ നിന്നും സ്വാശ്രയമെഡിക്കല്‍ കോളേജുകള്‍ ഇതേ വാദവുമായി വരുമെന്നും, കേരളത്തിന്റെ അനുഭവം കീഴ് വഴക്കമായി ചൂണ്ടിക്കാട്ടുമെന്നും ഇതിനെല്ലാം അംഗീകാരം നല്‌കേണ്ടി വരുമെന്നും കോടതി പറഞ്ഞിരുന്നു. സുപ്രീം കോടതി ഈ വിഷയത്തിന്‍ അന്തിമ വിധി പ്രഖ്യാപിക്കാനിരിക്കേ വിദ്യാര്‍ത്ഥികളുടെ ഭാവി എന്ന പേരില്‍ സ്വാശ്രയ മാനേജ്‌മെന്റുകള്‍ക്ക് സഹായകരമാകുന്ന ബില്ല് തിരക്കിട്ട് പാസാക്കിയത് ജനങ്ങള്‍ക്കിടയില്‍ സംശയത്തിന്് ഇടവരുത്തിയിട്ടുണ്ട്.
ബെന്നി ബെഹനാന്‍
KPCC രാഷ്ട്രീയ കാര്യ സമിതി അംഗം