കെ സുരേന്ദ്രന്‍ ജയില്‍ മോചിതനായി ; ജയിൽ കവാടത്തിന് പുറത്ത് ബിജെപി പ്രവർത്തകരുടെ വൻ വരവേൽപ്പ്

സന്നിധാനത്ത് വെച്ച് സ്ത്രീയെ ആക്രമിക്കാന്‍ ഗൂഡാലോചന നടത്തിയ കേസില്‍ ഇന്നലെയാണ് ഹൈക്കോടതി സുരേന്ദ്രന് ഉപാധികളോടെ ജാമ്യം അനുവദിച്ചത്
കെ സുരേന്ദ്രന്‍ ജയില്‍ മോചിതനായി ; ജയിൽ കവാടത്തിന് പുറത്ത് ബിജെപി പ്രവർത്തകരുടെ വൻ വരവേൽപ്പ്

തിരുവനന്തപുരം: സന്നിധാനത്ത് സ്ത്രീയെ ആക്രമിച്ച കേസിൽ ജാമ്യം ലഭിച്ച ബിജെപി ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍ ജയില്‍മോചിതനായി. രാവിലെ പത്തരയോടെയാണ് നടപടികൾ പൂർത്തിയാക്കി സുരേന്ദ്രൻ ജയിലിൽ നിന്നും പുറത്തിറങ്ങിയത്. 22 ദിവസത്തെ ജയിൽവാസത്തിന് ശേഷമാണ് സുരേന്ദ്രൻ മോചിതനായത്. സന്നിധാനത്ത് വെച്ച് സ്ത്രീയെ ആക്രമിക്കാന്‍ ഗൂഡാലോചന നടത്തിയ കേസില്‍ ഇന്നലെയാണ് ഹൈക്കോടതി സുരേന്ദ്രന് ഉപാധികളോടെ ജാമ്യം അനുവദിച്ചത്. 

ജയിലിൽ നിന്നും പുറത്തിറങ്ങിയ സുരേന്ദ്രന് ബിജെപി പ്രവർത്തകർ‌ വന്‍ സ്വീകരണം നൽകി. പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ നിന്നും ഇരുചക്രവാഹനങ്ങളുടെ അകമ്പടിയോടെ ബിജെപി പ്രവര്‍ത്തകര്‍ സുരേന്ദ്രനെ സെക്രട്ടേറിയറ്റിനു മുന്നിലെ സമരപ്പന്തലിലെത്തിക്കും. കൂടാതെ, ജയില്‍മോചിതനായെത്തുന്ന സുരേന്ദ്രന് വിവിധ ജില്ലകളില്‍ സ്വീകരണം നല്‍കാനും പാര്‍ട്ടിയില്‍ ആലോചനയുണ്ട്. 

ജാമ്യം അനുവദിക്കാന്‍ സുരേന്ദ്രന്  കര്‍ശന വ്യവസ്ഥകളാണ് ഹൈക്കോടതി വെച്ചിട്ടുള്ളത്. കേസ് ആവശ്യത്തിനല്ലാതെ മൂന്നു മാസത്തേക്ക് പത്തനംതിട്ട ജില്ലയില്‍ പ്രവേശിക്കരുത്, നിശ്ചിത ദിവസങ്ങളില്‍ അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകണം, രണ്ടുലക്ഷം രൂപയുടെ സ്വന്തം ജാമ്യവും തുല്യ തുകയ്ക്കുള്ള ആള്‍ ജാമ്യവും നല്‍കണം തുടങ്ങിയവയാണ് ജാമ്യവ്യവസ്ഥകള്‍.  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com