ഇടുക്കിയില്‍ ജലനിരപ്പ് ഉയരുന്നു ; മുന്‍കരുതല്‍ നടപടികളുമായി സര്‍ക്കാര്‍, 100 മീറ്റര്‍ ചുറ്റളവിലുള്ള പ്രദേശത്തിന്റെ ഉപഗ്രഹചിത്രങ്ങള്‍ ശേഖരിച്ചു

ഇടുക്കിയില്‍ ജലനിരപ്പ് ഉയരുന്നു ; മുന്‍കരുതല്‍ നടപടികളുമായി സര്‍ക്കാര്‍, 100 മീറ്റര്‍ ചുറ്റളവിലുള്ള പ്രദേശത്തിന്റെ ഉപഗ്രഹചിത്രങ്ങള്‍ ശേഖരിച്ചു

പുഴയോരത്തെ 100 മീറ്റര്‍ ചുറ്റളവിലുള്ള ചിത്രങ്ങള്‍ ശേഖരിച്ചു. ഈ പരിധിയിലുള്ള വീടുകളുടെയും അവിടത്തെ താമസക്കാരുടേയും വിവരങ്ങള്‍ ശേഖരിക്കുകയാണ്
Published on

തിരുവനന്തപുരം :  ഇടുക്കി ഡാം തുറന്നുവിടുമ്പോള്‍ സ്വീകരിക്കേണ്ട മുന്‍കരുതല്‍ നടപടികള്‍ തുടങ്ങി. പുഴയോരത്തെ 100 മീറ്റര്‍ ചുറ്റളവിലുള്ള ഉപഗ്രഹ ചിത്രങ്ങള്‍ ശേഖരിച്ചു. ഈ പരിധിയിലുള്ള വീടുകളുടെയും അവിടത്തെ താമസക്കാരുടേയും വിവരങ്ങള്‍ ശേഖരിക്കുകയാണ്. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗമാണ് ഇടുക്കി അണക്കെട്ടിലെ ജലനിരപ്പും, സ്വീകരിക്കേണ്ട മുന്‍കരുതല്‍ നടപടികളും വിലയിരുത്തിയത്. 

അണക്കെട്ട് തുറന്നുവിടേണ്ട ചാലുകളിലെ തടസ്സം കണ്ടെത്താന്‍ സര്‍വേ നടത്താനും ഉന്നത തല യോഗം നിര്‍ദേശം നല്‍കി. അണക്കെട്ടിലെ ജലനിരപ്പ് സംബന്ധിച്ച് കെഎസ്ഇബിയോടും വിവരങ്ങള്‍ തേടി. ഏത് അടിയന്തര സാഹചര്യവും നേരിടാന്‍ ഇടുക്കി, എറണാകുളം ജില്ലാ ഭരണകൂടങ്ങള്‍ക്ക് സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. അണക്കെട്ട് തുറക്കേണ്ടി വരുമെന്ന വിലയിരുത്തലിലാണ് അധികൃതര്‍. ഡാം തുറന്നുവിടുന്നതോടെ, വെള്ളക്കെട്ട് ഉണ്ടാകാന്‍ സാധ്യതയുള്ള സുപ്രധാന സ്ഥലങ്ങള്‍ വിലയിരുത്താനും, വേണ്ട നടപടികള്‍ സ്വീകരിക്കാനും ഉന്നത തലയോഗം നിര്‍ദേശം നല്‍കി. 

സംസ്ഥാന ചരിത്രത്തിലെ ഏറ്റവും വലിയ നീരൊഴുക്കാണ് ഇപ്പോള്‍ ഡാമുകളിലുള്ളത്. കനത്ത മഴയെ തുടര്‍ന്ന് ഇടുക്കി ഡാമിലെ ജലനിരപ്പ് 2390 അടിയില്‍ എത്തിയിരിക്കുകയാണ്. പരമാവധി ജലനിരപ്പായ 2400 അടി എത്തിയാല്‍ ഡാം ഷട്ടറുകള്‍ തുറന്ന് ജലം പുറത്തേക്ക് ഒഴുക്കി കളയാനാണ് തീരുമാനം. അങ്ങനെയെങ്കില്‍ 26 വര്‍ഷത്തിനു ശേഷമാണ് ഇടുക്കി ഡാം തുറക്കുക. 1981, 1992 വര്‍ഷങ്ങളില്‍ ഡാം തുറന്നു വിട്ടിരുന്നു. 1981 ഒക്ടോബര്‍ 29 നും 1992 ഒക്ടോബര്‍ 12 നുമാണ് മുമ്പ് ഇടുക്കി അണക്കെട്ട് പൂര്‍ണമായും നിറഞ്ഞത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com