കന്യാസ്ത്രീയെ സ്വാധീനിക്കാന്‍ ശ്രമിച്ച സംഭവം;  ഫാദര്‍ ജെയിംസ് എര്‍ത്തയിലിനെതിരെ പൊലീസ് കേസെടുത്തു

പരാതിക്കാരെ സ്വാധീനിക്കാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് പൊലീസ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഇതേത്തുടര്‍ന്നാണ് കോടതിയുടെ നിര്‍ദ്ദേശ പ്രകാരം ഇപ്പോള്‍  കേസെടുത്തത്
കന്യാസ്ത്രീയെ സ്വാധീനിക്കാന്‍ ശ്രമിച്ച സംഭവം;  ഫാദര്‍ ജെയിംസ് എര്‍ത്തയിലിനെതിരെ പൊലീസ് കേസെടുത്തു

കോട്ടയം: കന്യാസ്ത്രീയെ സ്വാധീനിക്കാന്‍ ശ്രമിച്ചതിന് ഫാദര്‍ ജെയിംസ് എര്‍ത്തയിലിനെതിരെ കുറുവിലങ്ങാട് പൊലീസ് കേസെടുത്തു. പാലാ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ്  കോടതിയുടെ നിര്‍ദ്ദേശ പ്രകാരമാണ് കേസ്.  ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ ലൈംഗീകമായി പീഡിപ്പിച്ചുവെന്ന കന്യാസ്ത്രീയുടെ പരാതി പിന്‍വലിക്കുന്നതിന് സഹായിച്ചാല്‍ പത്തേക്കര്‍ സ്ഥലവും മഠവും നല്‍കാമെന്നായിരുന്നു വാഗ്ദാനം. 

വൈദികന്‍ സ്വാധീനിക്കാന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് പരാതിക്കാരിയുടെ സുഹൃത്തായ കന്യാസ്ത്രീ പൊലീസില്‍ പരാതി നല്‍കുകയും ഇവരുടെ മൊഴി എടുക്കുകയും ചെയ്തിരുന്നു. പരാതിക്കാരെ സ്വാധീനിക്കാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് പൊലീസ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഇതേത്തുടര്‍ന്നാണ് കോടതിയുടെ നിര്‍ദ്ദേശ പ്രകാരം ഇപ്പോള്‍  കേസെടുത്തിരിക്കുന്നത്. ആരോപണ വിധേയനായ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ സുഹൃത്താണ് ഫാദര്‍ ജെയിംസ് എര്‍ത്തയില്‍.

ഫോണ്‍ സംഭാഷണം പുറത്തായതിനെ തുടര്‍ന്ന്  വൈദികനെ കുര്യനാട് ആശ്രമത്തിന്റെ ചുമതലയില്‍ നിന്ന് നേരത്തെ മാറ്റിയിരുന്നു. ഇടുക്കിയിലെ സ്ഥാപനത്തിലേക്കാണ് ഫാദര്‍ ജെയിംസ് എര്‍ത്തയിലിനെ സ്ഥലം മാറ്റിയത്. ആശ്രമത്തിന്റെ പ്രിയോര്‍, സ്‌കൂളകളുടെ മാനേജര്‍ എന്നീ പദവികളില്‍ നിന്നാണ് മാറ്റിയത്. സംഭവത്തില്‍ വിശദീകരണം നല്‍കണമെന്നും ഇദ്ദേഹത്തോട് സിഎംഐ സഭ ആവശ്യപ്പെട്ടിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com