

മലപ്പുറം: കേരളത്തിലെ മതസൗഹാർദ്ദം ഇല്ലാതാക്കാൻ സംഘപരിവാർ ശ്രമിക്കുന്നതായി സിപിഐ ജനറൽ സെക്രട്ടറി എസ് സുധാകർ റെഡ്ഢി. രാജ്യത്ത് ന്യൂനപക്ഷങ്ങൾ വേട്ടയാടപ്പെടുകയാണ്. ബിജെപി ഉയർത്തുന്ന വെല്ലുവിളിക്കെതിരെ ശക്തമായ പ്രതിരോധം രാജ്യത്ത് ഉയർന്നു വരേണ്ടതുണ്ട്. ഇതിനായി വിശാലമായ പൊതുവേദി വേണമെന്നും മലപ്പുറത്ത് സിപിഐ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായുള്ള പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് സുധാകർ റെഡ്ഡി പറഞ്ഞു.
ഇടതുപക്ഷ ഐക്യം പരമപ്രധാനമാണ്. കമ്യൂണിസ്റ്റ് പാർട്ടികൾ തമ്മിൽ വ്യത്യസ്തമായ അഭിപ്രായങ്ങൾ ഉണ്ട്. വ്യത്യസ്ത അഭിപ്രായങ്ങൾ ചർച്ചകളിലൂടെ പരിഹരിക്കാനാകും. സംസ്ഥാന രാഷ്ട്രീയത്തിന് അനുസരിച്ച് തെരഞ്ഞെടുപ്പ് തന്ത്രങ്ങൾ മാറാം. എന്നാൽ രാജ്യത്തെ മുഖ്യ എതിരാളി സംഘപരിവാറും ബി.ജെ.പിയും തന്നെയാണെന്ന് സുധാകർ റെഡ്ഢി ചൂണ്ടിക്കാട്ടി.
പിന്തിരിപ്പൻ നയങ്ങളും മൂലധന താൽപര്യങ്ങളും സൃഷ്ടിക്കുന്ന ദുരിതങ്ങളുടെ കാലഘട്ടമാണിത്. അതിനെതിരെയുള്ള പ്രതിഷേധത്തെ ശക്തിപ്പെടുത്തുകയാണ് ലക്ഷ്യം. കോൺഗ്രസ് നേരത്തെ നടപ്പാക്കിയ നയങ്ങളാണ് ബി.ജെ.പി ഇപ്പോൾ നടപ്പാക്കുന്നതെന്നും സുധാകർ റെഡ്ഢി ആരോപിച്ചു.
മുതിർന്ന നേതാവ് സി.എ. കുര്യൻ പതാക ഉയർത്തിയതോടെയാണ് 23ാമത് സിപിഐ സംസ്ഥാന സമ്മേളനത്തിന് തുടക്കമായത്. ജനറൽ സെക്രട്ടറി എസ് സുധാകർ റെഡ്ഢി പ്രതിനിധി സമ്മേളനം സമ്മേളനം ഉദ്ഘാടനം ചെയ്തു. സമ്മേളനത്തിന്റെ ഭാഗമായി നാളെ വൈകീട്ട് മൂന്നിന് ‘ഇടതുപക്ഷം-പ്രതീക്ഷയും സാധ്യതകളും’ എന്ന സെമിനാർ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. വൈകീട്ട് ആറിന് സമരജ്വാല സംഗമം മേധാ പട്കർ ഉദ്ഘാടനം ചെയ്യും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates