തിയേറ്റര്‍ പീഡനം ഒതുക്കാന്‍ ശ്രമം  :  ഡിവൈഎസ്പിയുടെ പങ്ക് പരിശോധിക്കാന്‍ ഡിജിപിയുടെ നിര്‍ദേശം

തിയേറ്റര്‍ പീഡനം ഒതുക്കാന്‍ ശ്രമം  :  ഡിവൈഎസ്പിയുടെ പങ്ക് പരിശോധിക്കാന്‍ ഡിജിപിയുടെ നിര്‍ദേശം

കേസ് രജിസ്റ്റര്‍ ചെയ്യാന്‍ വൈകിയതില്‍ മലപ്പുറം എസ്പിയോട് വിശദീകരണം തേടുമെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ


മലപ്പുറം : എടപ്പാളില്‍ സിനിമാ തിയേറ്ററില്‍ ബാലികയെ പീഡിപ്പിച്ച സംഭവത്തില്‍ കേസ് ഒതുക്കാന്‍ ശ്രമം നടത്തിയെന്ന ആരോപണത്തില്‍ തിരൂർ
ഡിവൈഎസ്പിയുടെ പങ്ക് പരിശോധിക്കാന്‍ ഡിജിപിയുടെ നിര്‍ദേശം. കേസ് രജിസ്റ്റര്‍ ചെയ്യാന്‍ വൈകിയതില്‍ മലപ്പുറം എസ്പിയോട് വിശദീകരണം തേടുമെന്നും ഡിജിപി ലോക്‌നാഥ് ബെഹ്‌റ വ്യക്തമാക്കി.  കേസില്‍ അന്വേഷണം പുരോഗമിക്കുകയാണ്. ആരൈയും ഒഴിവാക്കിയിട്ടില്ലെന്നും ഡിജിപി പറഞ്ഞു.
ചങ്ങരംകുളം സ്‌റ്റേഷനില്‍ ചൈല്‍ഡ്‌ലൈന്‍ പ്രവര്‍ത്തകര്‍ പരാതി നല്‍കിയെങ്കിലും രണ്ടാഴ്ചയായി കേസ് എടുത്തിരുന്നില്ല. കേസ് എടുക്കുന്നതില്‍ വീഴ്ച വരുത്തിയതിന് എസ്‌ഐ ബേബിയെ ഇന്നലെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. 

എന്നാല്‍ പരാതി എസ്‌ഐ മേലുദ്യോഗസ്ഥരുടെ ശ്രദ്ധയില്‍ പെടുത്തിയിരുന്നതായാണ് റിപ്പോര്‍ട്ട്. എന്നാല്‍ ഡിവൈഎസ്പി അടക്കമുള്ള മേലുദ്യോഗസ്ഥര്‍ നടപടി എടുക്കുന്നതില്‍ തടഞ്ഞുവെന്നാണ് ആരോപണം ഉയര്‍ന്നത്. പ്രതി മൊയ്തീന്‍കുട്ടിയെ രക്ഷപ്പെടുത്താന്‍ സഹായകരമായ നിലപാടെടുത്ത പൊലീസ് ഉദ്യോഗസ്ഥന്‍ അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കുന്നത് സത്യസന്ധമായ അന്വേഷണത്തിന് വിഘാതമാണെന്നും ആരോപണം ഉയര്‍ന്നിട്ടുണ്ട്. 

എടപ്പാളില്‍ തീയേറ്ററില്‍ കുട്ടിയ പീഡിപ്പിച്ച സംഭവത്തില്‍ പൊലീസിന് ജാഗ്രതക്കുറവുണ്ടായെന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷ എംസി ജോസഫൈന്‍ ആരോപിച്ചു. പൊലീസിനുള്ളില്‍ ഇപ്പോഴും സ്ത്രീ വിരുദ്ധരുണ്ട്. ഇവരാണ് കുഴപ്പക്കാര്‍. കേസെടുക്കാതിരിക്കാന്‍ ഇടപെട്ട പൊലീസുകാര്‍ക്കെതിരെ നടപടി വേണമെന്നും ജോസഫൈന്‍ ആവശ്യപ്പെട്ടു. 

പൊലീസിന്റെ ഭാഗത്ത് ഗുരുതര വീഴ്ചയുണ്ടായി എന്ന് വ്യക്തമാണ്. എന്നാല്‍ ഇതിനെ സര്‍ക്കാരിനെതിരായ അജന്‍ഡയാക്കി മാറ്റേണ്ട. എന്നാല്‍ ജനാധിപത്യ രാജ്യം എന്ന നിലയ്ക്ക് സര്‍ക്കാരിനെയും ഭരണാധികാരികളെയും വിമര്‍ശിക്കുന്നതില്‍ തെറ്റില്ല. എടപ്പാളില്‍ അമ്മയെന്ന് പറയപ്പെടുന്ന സ്ത്രീയുടെ അറിവോടെയാണ് കുട്ടിയെ ഉപദ്രവിച്ചത്. സംഭവത്തില്‍ അമ്മയ്‌ക്കെതിരെ കടുത്ത നടപടി എടുക്കണമെന്നും ജോസഫൈന്‍ ആവശ്യപ്പെട്ടു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com