ശബരിമല പൊലീസ് വലയത്തില്‍ ; സന്നിധാനത്തേക്ക് കയറാനും ഇറങ്ങാനും വെവ്വേറെ വഴികള്‍, ക്രമീകരണങ്ങള്‍ ഇങ്ങനെ

പമ്പ, നിലയ്ക്കല്‍, സന്നിധാനം, കാനനപാത എന്നിവിടങ്ങളിലെല്ലാം പൊലീസിന്റെ നിരീക്ഷണ ക്യാമറകള്‍ സ്ഥാപിച്ചിട്ടുണ്ട്
ശബരിമല പൊലീസ് വലയത്തില്‍ ; സന്നിധാനത്തേക്ക് കയറാനും ഇറങ്ങാനും വെവ്വേറെ വഴികള്‍, ക്രമീകരണങ്ങള്‍ ഇങ്ങനെ

സന്നിധാനം :  ചിത്തിര ആട്ട വിശേഷത്തിനായി നട തുറക്കാനിരിക്കെ ശബരിമല പൂര്‍ണമായും പൊലീസ് വലയത്തിലായി. കമാന്‍ഡോകള്‍ അടക്കം 2300 പൊലീസുകാരെയാണ് സുരക്ഷയ്ക്കായി നിയോഗിച്ചിരിക്കുന്നത്. നിലയ്ക്കല്‍ മുതല്‍ സന്നിധാനം വരെ 20 അംഗങ്ങളടങ്ങിയ മൂന്ന് കമാന്‍ഡോ സംഘത്തെയും നിയോഗിച്ചിട്ടുണ്ട്. 100 വനിതാ പൊലീസിനെയും വിന്യസിച്ചിട്ടുണ്ട്. എഡിജിപി അനില്‍കാന്തിനാണ് സുരക്ഷാ മേല്‍നോട്ട ചുമതല. 

യുവതികള്‍ എത്തിയാല്‍ സ്ത്രീകളെ അണിനിരത്തി സംഘപരിവാര്‍ സംഘടനകള്‍ സംഘര്‍ഷത്തിന് ശ്രമിച്ചേക്കുമെന്ന പൊലീസ് രഹസ്യാന്വേഷണ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ സന്നിധാനത്തും വനിതാ പൊലീസിനെ വിന്യസിച്ചേക്കും. 30 പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് തയ്യാറായിരിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. 50 കഴിഞ്ഞ, എസ്‌ഐ, സിഐ റാങ്കിലുള്ള വനിത പൊലീസുകാരെയാണ് സന്നിധാനത്ത് നിയോഗിക്കുക. 

കനത്ത സുരക്ഷാ വിന്യാസമാണ് പൊലീസ് ശബരിമലയിലും പരിസരത്തും ഒരുക്കിയിട്ടുള്ളത്. കഴിഞ്ഞ ദിവസങ്ങളിലെ സംഘര്‍ഷങ്ങളിലുണ്ടായിരുന്ന 450 പേരടക്കം 1500 പേരുടെ ചിത്രങ്ങള്‍ പൊലീസിന്റെ ഫേസ് ഡിറ്റക്ഷന്‍ സോഫ്റ്റ് വെയറില്‍ ഉള്‍പ്പെടുത്തി. പമ്പ, നിലയ്ക്കല്‍, സന്നിധാനം, കാനനപാത എന്നിവിടങ്ങളിലെല്ലാം പൊലീസിന്റെ നിരീക്ഷണ ക്യാമറകള്‍ സ്ഥാപിച്ചിട്ടുണ്ട്. ഇതിനൊപ്പം 12 ഫേസ് ഡിറ്റക്ഷന്‍ ക്യാമറകളും സ്ഥാപിച്ചിട്ടുണ്ട്. 1500 പേരില്‍ ആരെങ്കിലും എത്തിയാല്‍ ഫേസ് ഡിറ്റക്ഷന്‍ ക്യാമറ കണ്‍ട്രോള്‍ റൂമില്‍ മുന്നറിയിപ്പ് നല്‍കും. അവരെ ഉടന്‍ കസ്റ്റഡിയിലെടുക്കാനാണ് തീരുമാനം. 

തീര്‍ത്ഥാടനകര്‍ക്ക് സന്നിധാനത്തേക്ക് കയറാനും ഇറങ്ങാനും വെവ്വേറെ വഴികളാണ് ഒരുക്കിയിട്ടുള്ളത്. പമ്പയില്‍ നിന്ന് സന്നിധാനത്തേക്ക് നീലിമല, അപ്പാച്ചിമേട്, ശരംകുത്തി വഴി മാത്രമാകും തീര്‍ത്ഥാടകരെ കയറ്റുക. ദര്‍ശനം കഴിഞ്ഞ് സ്വാമി അയ്യപ്പന്‍ റോഡിലൂടെ മാത്രം നടയിറങ്ങാം. 

യുവതികള്‍ ദര്‍ശനത്തിനെത്തിയാല്‍ വിവരങ്ങള്‍ ശേഖരിച്ച് യഥാര്‍ത്ഥ വിശ്വാസികളാണെങ്കില്‍ മാത്രം മല കയറാന്‍ സുരക്ഷ ഒരുക്കിയാല്‍ മതിയെന്ന നിലപാട് പൊലീസ് തുടര്‍ന്നേക്കും. മല കയറുമ്പോള്‍ എതിര്‍പ്പ് ഉയര്‍ന്നാല്‍ സാഹചര്യം വിശദീകരിച്ച് തിരിച്ചിറക്കാനാണ് ആലോചന. ഇതുവരെ സുരക്ഷ ആവശ്യപ്പെട്ട് യുവതികള്‍ എത്തിയിട്ടില്ലെന്ന് പൊലീസ് അറിയിച്ചു. വാഹനങ്ങളും കര്‍ശന പരിശോധന നടത്തിയശേഷം മാത്രം കടത്തിവിട്ടാല്‍ മതിയെന്നാണ് നിര്‍ദേശം. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com