കൊല്ലത്ത് ആരുടെ ചെങ്കൊടി പാറും?: ആര്‍എസ്പിയുടെ അഭിമാന പോരാട്ടം; പിടിച്ചെടുക്കാന്‍ ബാലഗോപാല്‍

ദേശീയ തലത്തില്‍ ഒരുമിച്ചു നില്‍ക്കുന്ന ഇടത് പാര്‍ട്ടികള്‍ തമ്മിലാണ് കൊല്ലത്ത് പോരാട്ടം
കൊല്ലത്ത് ആരുടെ ചെങ്കൊടി പാറും?: ആര്‍എസ്പിയുടെ അഭിമാന പോരാട്ടം; പിടിച്ചെടുക്കാന്‍ ബാലഗോപാല്‍

ദേശീയ തലത്തില്‍ ഒരുമിച്ചു നില്‍ക്കുന്ന ഇടത് പാര്‍ട്ടികള്‍ തമ്മിലാണ് കൊല്ലത്ത് പോരാട്ടം. എന്‍കെ പ്രേമചന്ദ്രനിലൂടെ മണ്ഡലം നിലനിര്‍ത്താന്‍ ആര്‍എസ്പിയും കെഎന്‍ ബാലഗോപാലിലൂടെ അട്ടിമറിക്കാന്‍ സിപിഎമ്മും നേര്‍ക്കുനേര്‍ പോരാടുന്നു. സിപിഎമ്മിനും സിപിഐയ്ക്കും ആര്‍എസ്പിക്കും ഒരുപോലെ സ്വാധീനമുണ്ടെങ്കിലും ഇടതിനെയും വലതിനെയും മാറിമാറി തുണയ്ക്കാന്‍ മടിയില്ല കൊല്ലംകാര്‍ക്ക്. ഇപ്പോള്‍ മണ്ഡലം ആര്‍എസ്പിയുടെ കുത്തക. ദീര്‍ഘകാലത്തെ ആര്‍എസ്പി ആധിപത്യം അവസാനിപ്പിച്ച് കോണ്‍ഗ്രസിനൊപ്പം അഞ്ചുതവണ നിന്നു. ആര്‍എസ്പി പിളര്‍ന്നപ്പോള്‍ 1999ല്‍ സിപിഎം മണ്ഡലം പിടിച്ചെടുത്തു. രണ്ടുവട്ടത്തെ സിപിഎം ഭരണത്തിനൊടുവില്‍ 2009ല്‍ പീതാംബരക്കുറുപ്പിലൂടെ വീണ്ടും കോണ്‍ഗ്രസിലേക്ക്. 

കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ആര്‍എസ്പി യുഡിഎഫിനൊപ്പം. എല്‍ഡിഎഫ് വിട്ടത് കൊല്ലം സീറ്റിനെക്കുറിച്ചുള്ള തര്‍ക്കത്തെ തുടര്‍ന്ന്. സിപിഎം പോളിറ്റ് ബ്യൂറോ അംഗവും കുണ്ടറ എംഎല്‍എയുമായിരുന്ന എംഎ ബേബിയെ പരാജയപ്പെടുത്തി എന്‍കെ പ്രേമചന്ദ്രന്‍ ആര്‍എസ്പിയുടെ ചെങ്കൊടി പാറിച്ചു. 

2014 ലോക്‌സഭ തെരഞ്ഞെടുപ്പ്

ചവറ, പുനലൂര്‍, ചടയമംഗലം, കുണ്ടറ, കൊല്ലം, ഇരവിപുരം, ചാത്തന്നൂര്‍ എന്നിവയാണ് കൊല്ലം ലോക്‌സഭ മണ്ഡലത്തിന് കീഴിലുള്ള നിയമസഭ മണ്ഡലങ്ങള്‍. ചവറ, കുണ്ടറ, കൊല്ലം, ഇരവിപുരം നിയമസഭാമണ്ഡലങ്ങളില്‍ പ്രേമചന്ദ്രന്‍ മുന്നിലെത്തിയപ്പോള്‍ പുനലൂര്‍, ചടയമംഗലം, ചാത്തന്നൂര്‍ മണ്ഡലങ്ങളില്‍  ബേബിക്കായിരുന്നു മുന്‍തൂക്കം. പ്രേമചന്ദ്രന്‍ 46. 47 ശതമാനം നേടിയപ്പോള്‍ എംഎ ബേബി 42.19 ശതമാനം വോട്ട് നേടി. ബിജെപിയുടെ പിഎം വേലായുധന് ലഭിച്ചത് 6.67ശതമാനം വോട്ട് മാത്രം. 

2016 നിമസഭ തെരഞ്ഞെടുപ്പ്

രണ്ട് വര്‍ഷത്തിന് ശേഷം നടന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ ഏഴ് നിയമസഭ മണ്ഡലങ്ങളും ഇടത് മുന്നണി തൂത്തുവാരി. കഴിഞ്ഞ തെരഞ്ഞെടുപ്പിനുശേഷം ആര്‍എസ്പിയും ആര്‍എസ്പി.(ബി)യും ലയിച്ച് ഒന്നായി. ചവറയില്‍നിന്ന് നിയമസഭാപ്രാതിനിധ്യം നേടിയ  സിഎംപി(എം.കെ. കണ്ണന്‍ വിഭാഗം) സിപിഎമ്മില്‍ ലയിച്ചു. ആര്‍ ബാലകൃഷ്ണപിള്ള നേതൃത്വംനല്‍കുന്ന കേരള കോണ്‍ഗ്രസ് ഇടതുമുന്നണിയില്‍  സ്ഥാനം പിടിച്ചു. പ്രബല സമുദായവിഭാഗങ്ങളൊക്കെ ഏറക്കുറെ തുല്യശക്തികളാണ് മണ്ഡലത്തില്‍. ഇത്തവണ ബിജെപി സ്ഥാനാര്‍ത്ഥിയായി സുരേഷ് ഗോപിയുടെ പേരാണ് ഉയര്‍ന്നുകേള്‍ക്കുന്നത്. 

വോട്ടുനില (2014)
എന്‍കെ പ്രേമചന്ദ്രന്‍ (ആര്‍എസ്പി)   4,08,528 
എംഎ ബേബി (സിപിഎം)  3,70,879  
പിഎം വേലായുധന്‍ (ബി.ജെ.പി.) 58,671
ഭൂരിപക്ഷം  37,649

ആകെ വോട്ടര്‍മാര്‍ 12,59,400
പുരുഷന്മാര്‍ 5,99,800
സ്ത്രീകള്‍ 6,59,599
ട്രാന്‍സ്‌ജെന്‍ഡര്‍ 1
 
പുതിയ വോട്ടര്‍മാര്‍  17,097 
പുരുഷന്മാര്‍ 8858
സ്ത്രീകള്‍ 8238 
ട്രാന്‍സ്‌ജെന്‍ഡര്‍ 1
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com