ഭിക്ഷാടനം നടത്തിയ വയോധിക മരിച്ചു; അലമാരയിൽ ഒന്നര ലക്ഷത്തിലേറെ രൂപ!

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 04th December 2021 08:46 PM  |  

Last Updated: 04th December 2021 08:46 PM  |   A+A-   |  

money

ടെലിവിഷൻ ദൃശ്യം

 

കൊച്ചി: പള്ളിമുറ്റത്ത് ഭിക്ഷയെടുത്തിരുന്ന വയോധിക മരിച്ചതിന് പിന്നാലെ വീട്ടിൽ നിന്ന് കണ്ടെത്തിയത് ഒന്നര ലക്ഷത്തിലേറെ രൂപ. മട്ടാഞ്ചേരി സ്വദേശിനി ഐഷാബി (73) ആണ് വെള്ളിയാഴ്ച മരിച്ചത്. ഇതിന് പിന്നാലെ വീട്ടിലെ അലമാര പരിശോധിച്ചപ്പോഴാണ് പണം കണ്ടെത്തിയത്.  1,67,620 രൂപയാണ് അലമാരയിൽ ഉണ്ടായിരുന്നത്. 

കുഴുവേലിപ്പടി മുസ്‌ലിം ജമാഅത്ത് പള്ളിയുടെ കെട്ടിടത്തിൽ വാടകയ്ക്കു താമസിച്ചായിരുന്നു ഭിക്ഷാടനം നടത്തിയിരുന്നത്. പള്ളികളിലൂടെയായിരുന്നു ഭിക്ഷാടനം ഏറെയും നടത്തിയിരുന്നത്. മരിച്ച ദിവസം രാവിലെയും ഭക്ഷണം കഴിച്ചതായി അയൽക്കാരോട് പറഞ്ഞിരുന്നു. പിന്നീട് പുറത്തു കാണാതായതോടെ അന്വേഷിച്ചു ചെന്നവരാണ് മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. 

മൃതദേഹം പരിശോധനയ്ക്ക് അയയ്ക്കുന്നതിനു മുന്നോടിയായി ഇൻക്വസ്റ്റ് നടത്താൻ ഒരുങ്ങുന്നതിനിടെ മുറിയിലെ അലമാര പരിശോധിച്ചപ്പോഴാണ് പണം കണ്ടെത്തിയത്.

പൊലീസും വാഴക്കുളം ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി ചെയർമാൻ അസീസ് മൂലയിൽ, വാർഡംഗം എഎസ്കെ സലീം തുടങ്ങിയവർ ചേർന്നാണ് പണം എണ്ണി തിട്ടപ്പെടുത്തിയത്. ഐഷാബിയുടെ ഭർത്താവ് 35 വർഷം മുൻപു മരിച്ചിരുന്നു. ഐഷാബി അഞ്ച് വർഷമായി കുഴുവേലിപ്പടിയിലാണ് താമസം.