കേരളം വര്‍ഗീയമായി രണ്ട് ചേരിയാവാന്‍ അനുവദിക്കരുത്; ആലപ്പുഴ കൊലപാതകങ്ങളില്‍ പ്രതിപക്ഷ നേതാവ്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 19th December 2021 11:24 AM  |  

Last Updated: 19th December 2021 11:24 AM  |   A+A-   |  

V D Satheesan

വി ഡി സതീശന്‍ / ഫയല്‍ ചിത്രം

 

തിരുവനന്തപുരം: കേരളത്തില്‍ വര്‍ഗീയ ചേരിതിരിവ് ഉണ്ടാക്കാനാണ് ബിജെപിയും എസ്ഡിപിഐയും ശ്രമിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ആലപ്പുഴയിലെ ഇരട്ട കൊലപാതകങ്ങളെപ്പറ്റി പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഒരുകൂട്ടര്‍ ചെയ്യുന്ന കുഴപ്പം മറുകൂട്ടര്‍ക്ക് പ്രസക്തിയുണ്ടാക്കി കൊടുക്കുകയാണ്. ഭൂരിപക്ഷ വര്‍ഗീയതയേയും ന്യൂനപക്ഷ വര്‍ഗീയതയേയും വാരിവാരി പുണരുന്ന സര്‍ക്കാരിന്റെ സമീപനമാണ് ഈ അവസ്ഥയില്‍ എത്തിച്ചിരിക്കുന്നത്. 

കഴിഞ്ഞ തെരഞ്ഞെടുപ്പിന് ശേഷം ബിജെപിക്ക് കേരള രാഷ്ട്രീയത്തില്‍ ഇടമില്ല. അതുണ്ടാക്കാനുള്ള ശ്രമമാണ്. പൊതുസമൂഹവും മുഖ്യധാര രാഷ്ട്രീയ പാര്‍ട്ടികളും ഇതില്‍ നിന്ന് ഒഴിഞ്ഞുനില്‍ക്കാന്‍ പൊതുസമൂഹത്തെ പ്രേരിപ്പിക്കുകയാണ് ചെയ്യേണ്ടത്. വര്‍ഗീയത പരത്തുന്നവര്‍ ഒരുക്കിയിരിക്കുന്ന കെണിയില്‍ ഒരു മലയാളിയും വീഴാതിരിക്കണം. കേരളം വര്‍ഗീയമായി രണ്ട് ചേരിയാവാന്‍ അനുവദിക്കരുത്. സര്‍ക്കാര്‍ ഇക്കാര്യത്തില്‍ ശക്തമായ നടപടികള്‍ സ്വീകരിച്ചാല്‍ പ്രതിപക്ഷം പിന്തുണയ്ക്കും. മറിച്ച് നേട്ടമുണ്ടാക്കാനാണ് ശ്രമിക്കുന്നതെങ്കില്‍ ചെറുത്തു തോല്‍പ്പിക്കും. 
പൊതുസമൂഹം ജാഗ്രത പാലിക്കണം.- അദ്ദേഹം പറഞ്ഞു. 

സംസ്ഥാനത്ത് ജാഗ്രതാ നിര്‍ദേശം

അതേസമയം, ആലപ്പുഴയിലെ എസ്ഡിപിഐ-ബിജെപി നേതാക്കളുടെ കൊലപാതകങ്ങളുടെ പശ്ചാത്തലത്തില്‍ കരുതല്‍ നടപടികള്‍ക്ക് പൊലീസിന് നിര്‍ദേശം. സംസ്ഥാനവ്യാപകമായി ജാഗ്രതപുലര്‍ത്തണമെന്ന് ഡിജിപി അനില്‍കാന്ത് നിര്‍ദേശം നല്‍കി. സംഘര്‍ഷ സാധ്യതമേഖലകളില്‍ മുന്‍കൂര്‍ പൊലീസിനെ വിന്യസിക്കാനും പട്രോളിങ് ശക്തമാക്കാനും നിര്‍ദേശം നല്‍കി.

എല്ലാ മേഖലകളിലും വാഹനപരിശോധന കര്‍ശനമാക്കാനും നിര്‍ദേശം നല്‍കി. ആലപ്പുഴ ജില്ലയില്‍ ഇന്നും നാളെയും നിരോധനാജ്ഞ പ്രഖ്യാപിച്ചു. 12 മണിക്കൂറിനിടെ രണ്ട് കൊലപാതകങ്ങള്‍ നടന്ന സാഹചര്യത്തിലാണ് ജില്ലാ കലക്ടര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചത്. എസ്ഡിപിഐ, ബിജെപി നേതാക്കളാണ് കൊല്ലപ്പെട്ടത്.

ശനിയാഴ്ചയായിരുന്നു ആദ്യ കൊലപാതകം. എസ്ഡിപിഐ. സംസ്ഥാന സെക്രട്ടറി കെഎസ് ഷാനെ കാറിലെത്തിയ സംഘമാണ് വെട്ടിക്കൊലപ്പെടുത്തിയത്. ശരീരത്തില്‍ നാല്‍പ്പതോളം വെട്ടേറ്റിരുന്നു. മണ്ണഞ്ചേരി സ്‌കൂള്‍ കവലയ്ക്കു കിഴക്ക് ആളൊഴിഞ്ഞ കുപ്പേഴം ജങ്ഷനില്‍ വെച്ചായിരുന്നു ആക്രമണം. കാറിലെത്തിയ സംഘം സ്‌കൂട്ടറില്‍ ഇടിപ്പിച്ച് ഷാനെ വീഴ്ത്തിയശേഷം തുടരെ വെട്ടുകയായിരുന്നു.

ഇതിനു തൊട്ടുപിന്നാലെയാണ് ഞായറാഴ്ച പുലര്‍ച്ചെ ഒബിസി മോര്‍ച്ച സംസ്ഥാന സെക്രട്ടറി രഞ്ജിത് ശ്രീനിവാസാനെ ഒരുസംഘം ആളുകള്‍ വെട്ടിക്കൊന്നത്. ആലപ്പുഴ വെള്ളക്കിണറിലെ വീട്ടില്‍ക്കയറിയാണ് രഞ്ജിത്തിനെ വെട്ടിക്കൊന്നത്.