സര്‍വകക്ഷി യോഗത്തിന്റെ സമയം മാറ്റി; പങ്കെടുക്കില്ലെന്ന് ആവര്‍ത്തിച്ച് ബിജെപി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 20th December 2021 10:12 AM  |  

Last Updated: 20th December 2021 10:12 AM  |   A+A-   |  

bjp sdpi

കൊലപാതകത്തില്‍ പ്രതിഷേധിച്ച് ബിജെപി നടത്തിയ പ്രകടനം, എസ്ഡിപിഐ നേതാവ് ഷാനിന് അന്ത്യാഞ്ജലി അര്‍പ്പിക്കുന്നവര്‍/എക്‌സ്പ്രസ്‌

 

ആലപ്പുഴ: രാഷ്ട്രീയ കൊലപാതകങ്ങള്‍ നടന്ന ആലപ്പുഴയില്‍ സര്‍ക്കാര്‍ വിളിച്ചുചേര്‍ത്ത സര്‍വകക്ഷിയോഗം വൈകിട്ട് അഞ്ചു മണിയിലേക്കു മാറ്റി. നേരത്തെ മൂന്നു മണിക്കു നിശ്ചയിച്ച യോഗത്തില്‍ പങ്കെടുക്കില്ലെന്ന് ബിജെപി അറിയിച്ചതിനെത്തുടര്‍ന്നാണ് മാറ്റം. എന്നാല്‍ അഞ്ചു മണിക്കും യോഗത്തിനെത്തില്ലെന്ന് ബിജെപി നേതാക്കള്‍ വ്യക്തമാക്കി. 

കൊല്ലപ്പെട്ട ഒബിസി മോര്‍ച്ച സംസ്ഥാന സെക്രട്ടറി രഞ്ജിത് ശ്രീനിവാസന്റെ സംസ്‌കാര ചടങ്ങിന്റെ സമയത്താണ് സര്‍വകക്ഷി യോഗമെന്നും അതിനാലാണ് വിട്ടുനില്‍ക്കുന്നതെന്നും ബിജെപി നേതാക്കള്‍ വ്യക്തമാക്കി. കലക്ടര്‍ യോഗംവിളിച്ചത് കൂടിയാലോചന ഇല്ലാതെയെന്നും അവര്‍ ആരോപിച്ചു.

ജില്ലയിലുണ്ടായ കൊലപാതകങ്ങളുടെ പശ്ചാത്തലത്തില്‍ ജില്ലാ കലക്ടറാണ് സര്‍വകക്ഷി യോഗം വിളിച്ചത്. ആലപ്പുഴ ജില്ലയുടെ ചുമതലയുള്ള മന്ത്രി സജി ചെറിയാനും മന്ത്രി പി പ്രസാദും യോഗത്തില്‍ പങ്കെടുക്കും. 

സര്‍വ്വകക്ഷി യോഗത്തിന്റെ സമയം ഇന്നലെ തീരുമാനിച്ചിരുന്നെങ്കിലും രഞ്ജിത്തിന്റെ പോസ്റ്റുമോര്‍ട്ടം നടപടകള്‍ വൈകിയതിനാല്‍ സംസ്‌കാരം ഇന്നലെ നടത്താന്‍ കഴിഞ്ഞില്ല. അതിനാല്‍ ഇന്ന് ഉച്ചയ്ക്കുശേഷമായിരിക്കും സംസ്‌കാരമെന്നും ഇത് കണക്കാകാതെയാണ് കലക്ടര്‍ യോഗം തീരുമാനിച്ചതെന്നും ബിജെപി നേതാക്കള്‍ പറഞ്ഞു. 

സമാധാന യോഗത്തിന് എതിരല്ലെന്നും എന്നാല്‍ അഞ്ചു മണിക്ക് സംസ്‌കാര ചടങ്ങുകള്‍ തീരുമോയെന്ന് അറിയില്ലെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ പറഞ്ഞു. എസ്ഡിപിഐയുടെ സൗകര്യം അനുസരിച്ചാണ് സര്‍ക്കാര്‍ യോഗം വിളിച്ചതെന്നും സുരേന്ദ്രന്‍ ആരോപിച്ചു.