ചൂരലിന് അടിച്ചു, വിലങ്ങണിയിച്ച് കൈവരിയിൽ കെട്ടിയിട്ടു, പരാതി നൽകാനെത്തിയ ആളോട് പൊലീസിന്റെ ക്രൂരത: സർക്കാരിനെതിരെ കോടതി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 22nd December 2021 08:40 AM  |  

Last Updated: 22nd December 2021 08:40 AM  |   A+A-   |  

Police brutality against a person who came to lodge a complaint

പ്രതീകാത്മക ചിത്രം

 

കൊച്ചി; പരാതി നൽകാനെത്തിയ ആളെ മർദിക്കുകയും വിലങ്ങണിയിച്ച് കൈവരിയിൽ കെട്ടിയിടുകയും ചെയ്ത സംഭവത്തിൽ സർക്കാരിനെതിരെ ഹൈക്കോടതി. സർക്കാർ കർശന നടപടി എടുത്താൽ മാത്രമേ പ്രശ്നക്കാരായ പോലീസ് ഉദ്യോഗസ്ഥർക്ക് നിയമ വ്യവസ്ഥയെ പേടിയുണ്ടാകൂ എന്ന് കോടതി ചൂണ്ടിക്കാട്ടി. ബന്ധു ഫോണില്‍ അസഭ്യം പറഞ്ഞതിന് പരാതി നല്‍കാനെത്തിയ രാജീവന്‍ എന്നയാളെ തെന്മല  പൊലീസ് കൈവിലങ്ങ് അണിയിച്ച് മര്‍ദ്ദിക്കുകയും കേസെടുക്കുകയുമായിരുന്നു. ഇതിനെ ചോദ്യം ചെയ്തുകൊണ്ടാണ് രാജീവൻ കോടതിയെ സമീപിച്ചത്. 

പ്രശ്നക്കാരായ പൊലീസുകാരെ പേടിപ്പിക്കാൻ കർശന നടപടിവേണം

പരാതിക്കാരനെതിരെ പൊലീസിന്റെ കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിന് കേസെടുത്തതിൽ വിശദീകരണം നൽകാൻ ഹൈക്കോടതി നിര്‍ദ്ദേശിച്ചു. രാജീവന്‍ ജോലി തടസ്സപ്പെടുത്തിയതിന് സിസിടി വി ദൃശ്യങ്ങള്‍ ഇല്ലെന്നാണ് മുമ്പ് സര്‍ക്കാര്‍ അറിയിച്ചത്. എന്നാല്‍ പൊലീസ് ദൃശ്യങ്ങൾ വീണ്ടെടുക്കാൻ ശ്രമിക്കുന്നുവെന്ന് ഇപ്പോള്‍ പറയുന്നത് അംഗീകരിക്കാനാകില്ല സിസിടിവി ദൃശ്യങ്ങളില്ലെങ്കിൽ എന്തിന്റെ അടിസ്ഥാനത്തിൽ കേസുമായി മുന്നോട്ടു പോകുന്നുവെന്നും കോടതി ചോദിച്ചു.

അസഭ്യം പറഞ്ഞതിൽ പരാതി നൽകാനെത്തി, നേരിട്ടത് മർദനം

ഫെബ്രുവരി മൂന്നിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. ബന്ധു ഫോണിലൂടെ അസഭ്യം പറഞ്ഞതില്‍ പരാതി നല്‍കാനായിരുന്നു രാജീവ് സ്റ്റേഷനിലെത്തിയത്.   ചൂരല്‍ കൊണ്ട് അടിക്കുകയും പിന്നീട് രസീത് ചോദിച്ചതിന്റെ പേരില്‍ വിലങ്ങണിയിച്ച് തടഞ്ഞുവെക്കുകയും ചെകിടത്ത് അടിക്കുകയും ചെയ്തതായി രാജീവ് പറയുന്നു. സംഭവം വിവാദമായതോടെ എസ്ഐ വിശ്വംഭരനെ സസ്‌പെൻഡ് ചെയ്തിരുന്നു. ഉദ്യോഗസ്ഥര്‍ കുറ്റക്കാരാണെന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കാത്തത് പൊലീസ് സംവിധാനത്തിന്റെ തകര്‍ച്ചയാണെന്ന് കോടതി നേരത്തെ വിമര്‍ശിച്ചിരുന്നു.