മരിച്ച കൃഷ്ണപ്രിയയെക്കുറിച്ച് മോശം പ്രചാരണം; പരാതി നൽകാൻ കുടുംബം
By സമകാലിക മലയാളം ഡെസ്ക് | Published: 25th December 2021 08:26 AM |
Last Updated: 25th December 2021 08:26 AM | A+A A- |

മരിച്ച കൃഷ്ണപ്രിയ / ടെലിവിഷൻ ദൃശ്യം
കോഴിക്കോട്; യുവാവ് തീകൊളുത്തി കൊലപ്പെടുത്തിയ കൃഷ്ണപ്രിയക്കെതിരെ സോഷ്യൽ മീഡിയയിൽ മോശം പ്രചാരണം. ഇതിനെതിരെ പൊലീസിൽ പരാതി നൽകാൻ ഒരുങ്ങുകയാണ് കുടുംബം. കോഴിക്കോട് തിക്കൊടിയിലാണ് കൃഷ്ണപ്രിയയെ തീകൊളുത്തി കൊന്നശേഷം നന്ദു എന്ന യുവാവും ജീവനൊടുക്കിയത്.
ശബ്ദ സന്ദേശങ്ങൾ വൈറൽ
പ്രതി നന്ദു വീട്ടിൽ വന്ന ദിവസം പ്രശ്നമുണ്ടാകരുതെന്ന് കരുതി സംസാരിച്ച കാര്യങ്ങൾ നന്ദു റെക്കോഡ് ചെയ്തിരുന്നെന്നും ഇത് ഉപയോഗിച്ചാണ് കൃഷ്ണപ്രിയയെ മോശക്കാരിയാക്കാൻ ശ്രമിക്കുന്നത്. നന്ദു മോശം സ്വഭാവം ഉള്ളയാളല്ല എന്ന് അച്ഛൻ മനോജൻ പറയുന്ന തരത്തിലുള്ള ശബ്ദ സന്ദേശമാണ് നവമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. ഈ ശബ്ദ സന്ദേശം തെറ്റായി ഉപയോഗിച്ച് കൃഷ്ണപ്രിയയുടെ സ്വഭാവ ദൂഷ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് ചിലർ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുന്നതിന് എതിരെയാണ് കുടുംബത്തിന്‍റെ പരാതി.
കൃഷ്ണപ്രിയയെ നന്ദുവും ബന്ധുക്കളും നിരന്തരം ശല്യം ചെയ്തിരുന്നു. മറ്റുള്ളവരോട് മിണ്ടാന്‍ പോലും അനുവാദമില്ല. ഇഷ്ടവസ്ത്രം ധരിക്കാൻ സമ്മതിച്ചിരുന്നില്ലെന്നും ബന്ധുക്കള്‍ പറയുന്നു. തുടർന്ന് പ്രണയം ഉപേക്ഷിച്ചതാണ് കൊലപാതകത്തിലേക്ക് നയിച്ചത്. കൃഷ്ണപ്രിയയെ തീകൊളുത്തിയ ശേഷം നന്ദുവും സ്വയം തീകൊളുത്തുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ ഇരുവരും ആശുപത്രിയിൽ വച്ചാണ് മരിക്കുന്നത്. മരണാനന്തര ചടങ്ങുകൾക്ക് ശേഷം പരാതി നൽകാനാണ് കുടുംബത്തിന്‍റെ തീരുമാനം.