മരിച്ചശേഷം കയ്യിലെ ഞരമ്പ് മുറിക്കാന്‍ ശ്രമിച്ചു ; നെറ്റിയിലും കഴുത്തിലും പരിക്കുകള്‍ ; കൊലപാതകമെന്ന് പിതാവ് ; വിസ്മയ കൂട്ടുകാരിക്ക് അയച്ച സന്ദേശവും പുറത്ത്

കൊടുത്ത കാറിന് മൈലേജില്ല, കൊള്ളത്തില്ല, ആ വണ്ടി വേണ്ട എന്നു പറഞ്ഞായിരുന്നു മര്‍ദ്ദനം
മരിച്ച വിസ്മയ, പിതാവ് ത്രിവിക്രമന്‍ നായര്‍ / ടെലിവിഷന്‍ ചിത്രം
മരിച്ച വിസ്മയ, പിതാവ് ത്രിവിക്രമന്‍ നായര്‍ / ടെലിവിഷന്‍ ചിത്രം


കൊല്ലം : കൊല്ലം ശാസ്താംകോട്ടയില്‍ ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ വിസ്മയയുടെ മരണം കൊലപാതകമെന്ന് യുവതിയുടെ പിതാവ്. മൃതദേഹം കണ്ടാല്‍ ആത്മഹത്യ ചെയ്തതിന്റെ ലക്ഷണമില്ല. നെറ്റിയിലും കഴുത്തിന്റെ മറ്റുഭാഗങ്ങളിലുമുളള പാടുകള്‍ ഉള്ളതിനാല്‍ ഇതൊരു കൊലപാതകമാണെന്ന് നല്ല സംശയമുണ്ടെന്ന് വിസ്മയയുടെ പിതാവ് ത്രിവിക്രമന്‍ നായര്‍ പറഞ്ഞു. 

കൈയിലെ ഞരമ്പ് മരിച്ചതിന് ശേഷം മുറിക്കാന്‍ ശ്രമിച്ചതിന്റെ പാടുകളുണ്ട്. ഭര്‍ത്താവ് കിരണ്‍ ചെയ്തതാകാമെന്നാണ് കരുതുന്നത്. വിസ്മയ ഇട്ട വസ്ത്രത്തില്‍ രക്തമില്ല. എന്നാല്‍  തുടയില്‍ രക്തവുമുണ്ട്. നിരന്തരമായി മര്‍ദിക്കാറുണ്ടായിരുന്നുവെന്നാണ് ഞങ്ങള്‍ക്ക് ലഭിച്ച വിവരമെന്നും പിതാവ് പറഞ്ഞു. 

വിസ്മയയുടെ നഖത്തിന് നല്ല നീളമുണ്ട്. തൂങ്ങി മരിക്കുന്ന ഘട്ടത്തില്‍ എവിടെയെങ്കിലും ഇത് മൂലം പോറല്‍ ഏല്‍പ്പിക്കേണ്ടതല്ലേയെന്നും പിതാവ് ചോദിച്ചു. തങ്ങള്‍ കൊടുത്ത കാര്‍ വിറ്റ് പണം നല്‍കണമെന്നായിരുന്നു കിരണിന്റെ ആവശ്യം. കൊടുത്ത കാറിന് മൈലേജില്ല, കൊള്ളത്തില്ല, ആ വണ്ടി വേണ്ട എന്നു പറഞ്ഞായിരുന്നു മര്‍ദ്ദനം.

തങ്ങളെ ഫോണില്‍ വിളിക്കാന്‍ കിരണ്‍ വിസ്മയയെ അനുവദിച്ചിരുന്നില്ല. ബന്ധുക്കളെ ആരെയെങ്കിലും വിളിക്കുന്നത് കണ്ടാല്‍ ഫോണ്‍ എറിഞ്ഞ് പൊട്ടിക്കുമായിരുന്നു. കഴിഞ്ഞദിവസം ഫാദേഴ്‌സ് ഡേയ്ക്ക് വിസ്മയ തന്നെ വിളിച്ചതാണ് ഒടുവില്‍ വഴക്കിന് കാരണമായത്. ഒളിച്ചിരുന്നാണ് വിളിക്കുന്നതെന്ന് മകള്‍ പറഞ്ഞെന്നും പിതാവ് ത്രിവിക്രമന്‍ നായര്‍ പറഞ്ഞു. 

മകള്‍ ആത്മഹത്യ ചെയ്യില്ലെന്നും, നല്ല സഹനശേഷിയുള്ള കുട്ടിയാണെന്നും പിതാവ് കൂട്ടിച്ചേര്‍ത്തു. അതിനിടെ, വിസ്മയ കൂട്ടുകാരിക്ക് അയച്ച സന്ദേശവും പുറത്തുവന്നു. ഭര്‍ത്താവ് കിരണിന് പുറമെ, വീട്ടുകാരും മര്‍ദ്ദനത്തിന് കൂട്ടുനില്‍ക്കാറുണ്ടായിരുന്നു എന്നാണ് സന്ദേശത്തിലുള്ളത്. കിരണിന്റെ അമ്മയും മര്‍ദ്ദിച്ചിരുന്നതായും വിസ്മയ കൂട്ടുകാരിയെ അറിയിച്ചിരുന്നു.  

ഞാൻ സർക്കാർ ഉദ്യോഗസ്ഥനാണ്, എനിക്ക് ഇതിലും കൂടുതൽ സ്ത്രീധനം ലഭിക്കും എന്നു പറഞ്ഞ് കിരൺ വിസ്മയയെ മർദിക്കുമായിരുന്നു എന്ന് സഹോദരൻ വിജിത്ത് പറഞ്ഞു. മാസങ്ങൾക്കു മുൻപ് കിരൺ മദ്യലഹരിയിൽ ഞങ്ങളുടെ വീട്ടിൽ വന്നു ബഹളമുണ്ടാക്കി. ഞങ്ങളുടെ മുൻപിൽ വച്ച് വിസ്മയയെ അടിച്ചു. 

തടസ്സം പിടിച്ചപ്പോൾ തനിക്കും മർദനമേറ്റു. ആളുകൾ ഓടിക്കൂടിയപ്പോൾ അയാൾ ഇറങ്ങിയോടി. പൊലീസ് പിടിച്ചപ്പോൾ അവരെ ആക്രമിക്കാൻ ശ്രമിച്ചു. മോട്ടർ വെഹിക്കിൾ ഡിപ്പാർട്ടുമെന്റിലെയും പൊലീസിലെയും ചിലർ ഇടപെട്ടാണ് കേസ് ഒത്തുതീർപ്പാക്കിയത്. ഭർത്താവ് തന്നെ കൊല്ലുമെന്ന് വിസ്മയ കൂട്ടുകാരിയോടു പറഞ്ഞിരുന്നു. ആ തെളിവെല്ലാം പൊലീസിനു കൈമാറിയിട്ടുണ്ടെന്നും വിജിത്ത് പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com