ഇന്ധന വിലവര്‍ധനയില്‍ ബിജെപി സര്‍ക്കാരിനു മാത്രമല്ല കോണ്‍ഗ്രസിനും ഉത്തരവാദിത്തം; കേന്ദ്ര നികുതി 300 ശതമാനത്തിലധികം : സിപിഎം

കേരളമടക്കം അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം അന്‍പതിലധികം തവണയാണ് ഇന്ധനവില വര്‍ധിപ്പിച്ചത്
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

തിരുവനന്തപുരം:  ഇന്ധന വിലക്കയറ്റത്തിന്റെ കാര്യത്തില്‍ ബിജെപി സര്‍ക്കാരിനെപ്പോലെ കോണ്‍ഗ്രസിനും ഉത്തരവാദിത്തമുണ്ടെന്ന് സിപിഎം. 2010ല്‍ യുപിഎ സര്‍ക്കാരാണ് പെട്രോളിന്റെ വിലനിയന്ത്രണം നീക്കിയത്. 2014ല്‍ നരേന്ദ്ര മോദി വന്നപ്പോള്‍ ഡീസലിന്റെ വിലനിയന്ത്രണവും ഒഴിവാക്കി. 

കാലക്രമത്തില്‍ പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ നികുതിനിരക്ക് പൂജ്യത്തിലേക്ക് കൊണ്ടുവരുമെന്നായിരുന്നു കേന്ദ്ര സര്‍ക്കാരുകള്‍ നല്‍കിയ വാഗ്ദാനം. ഇപ്പോള്‍ എന്താണ് സ്ഥിതി? 300 ശതമാനത്തിലധികമാണ് ഇന്ധനത്തിന് മേലുള്ള കേന്ദ്ര നികുതിയെന്ന് സിപിഎം ഫെയ്‌സ്ബുക്ക് കുറിപ്പില്‍ വ്യക്തമാക്കി.

കേരളമടക്കം അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം അന്‍പതിലധികം തവണയാണ് ഇന്ധനവില വര്‍ധിപ്പിച്ചത്. അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയിലിന് വില കുറയുമ്പോള്‍ ഇന്ധനവില കുറയ്ക്കുമെന്ന് ബിജെപി ജനങ്ങള്‍ക്ക് വാഗ്ദാനം നല്‍കിയിരുന്നു. എന്നാല്‍ 2020 ഏപ്രിലില്‍ 20 ഡോളറും 2020 മെയില്‍ 28 ഡോളറുമായി കുറഞ്ഞിട്ടും ഗുണം ജനങ്ങള്‍ക്ക് കിട്ടിയില്ലെന്നും സിപിഎം വ്യക്തമാക്കി. 


കുറിപ്പിന്റെ പൂര്‍ണരൂപം : 

ഇന്ധന വിലക്കയറ്റത്തിന്റെ കാര്യത്തില്‍ ബിജെപി സര്‍ക്കാരിനെപ്പോലെ കോണ്‍ഗ്രസിനും ഉത്തരവാദിത്തമുണ്ട്. 2010ല്‍ യുപിഎ സര്‍ക്കാരാണ് പെട്രോളിന്റെ വിലനിയന്ത്രണം നീക്കിയത്. 2014ല്‍ നരേന്ദ്ര മോഡി വന്നപ്പോള്‍ ഡീസലിന്റെ വിലനിയന്ത്രണവും ഒഴിവാക്കി. കാലക്രമത്തില്‍ പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ നികുതിനിരക്ക് പൂജ്യത്തിലേക്ക് കൊണ്ടുവരുമെന്നായിരുന്നു കേന്ദ്ര സര്‍ക്കാരുകള്‍ നല്‍കിയ വാഗ്ദാനം. ഇപ്പോള്‍ എന്താണ് സ്ഥിതി? 300 ശതമാനത്തിലധികമാണ് ഇന്ധനത്തിന് മേലുള്ള കേന്ദ്ര നികുതി.
കേരളമടക്കം അഞ്ച് സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പ് നടന്നപ്പോള്‍ വില വര്‍ധിപ്പിക്കാതിരിക്കുകയും തെരഞ്ഞെടുപ്പുകള്‍ക്ക് ശേഷം വില വര്‍ധിപ്പിക്കുകയുമാണ്. ഈ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പിന് ശേഷം അന്‍പതിലധികം തവണയാണ് ഇന്ധനവില വര്‍ധിപ്പിച്ചത്. അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയിലിന് വില കുറയുമ്പോള്‍ ഇവിടെ ഇന്ധനവില കുറയ്ക്കും എന്ന വാഗ്ദാനം ബിജെപി ജനങ്ങള്‍ക്ക് നല്‍കിയിരുന്നു. 2020 ഏപ്രിലില്‍ 20 ഡോളറും 2020 മെയില്‍ 28 ഡോളറുമായിരുന്നു. എന്നാല്‍, ഇതിന്റെ ഗുണം ജനങ്ങള്‍ക്ക് കിട്ടിയില്ല. ഇന്ധന വില കുറയാതിരിക്കാന്‍ നികുതി ഗണ്യമായി വര്‍ധിപ്പിക്കുകയാണ് ചെയ്തത്. ഈ വര്‍ധിപ്പിച്ച നികുതി കേന്ദ്രസര്‍ക്കാര്‍ കുറക്കുകയാണെങ്കില്‍ പെട്രോളിയം ഉത്പന്നങ്ങളുടെ വിലയില്‍ വലിയ കുറവുണ്ടാകും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com