ബേബി ഡാം ശക്തിപ്പെടുത്തണം; കേരളത്തിന് കേന്ദ്ര സര്‍ക്കാരിന്റെ കത്ത് 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 09th November 2021 12:58 PM  |  

Last Updated: 09th November 2021 12:58 PM  |   A+A-   |  

tamilnadu ministers in mullaperiyar

തമിഴ്നാട് മന്ത്രിമാർ മുല്ലപ്പെരിയാർ സന്ദർശിക്കുന്നു/ ഫയൽ ചിത്രം

 

തിരുവനന്തപുരം: മുല്ലപ്പെരിയാർ അണക്കെട്ടിന്റെ ഭാഗമായ ബേബി ഡാം ശക്തിപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രസർക്കാർ സംസ്ഥാനത്തിന് കത്തയച്ചു. കേന്ദ്ര ജല വിഭവ വകുപ്പ് സെക്രട്ടറി, സംസ്ഥാന ജലവിഭവ, പരിസ്ഥിതി വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ടി കെ ജോസിനാണ് കത്തയച്ചിരിക്കുന്നത്. 

എർത്ത് ഡാം ശക്തിപ്പെടുത്തണമെന്നും അപ്രോച്ച് റോഡിന്റെ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കണമെന്നും കത്തിൽ കേന്ദ്രം ആവശ്യപ്പെട്ടു. തമിഴ്‌നാടിന്റെ ആവശ്യങ്ങളാണ് ഇപ്പോള്‍ കേന്ദ്രം കേരളത്തോട് നിര്‍ദേശിച്ചിരിക്കുന്നത്. സെക്രട്ടറിതല യോഗത്തില്‍ തമിഴ്‌നാട് ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് ബേബി ഡാമിന്റെ സമീപത്തെ മരങ്ങള്‍ മുറിക്കാന്‍ കേരളം അനുമതി നല്‍കിയിരുന്നു. 

ബേബി ഡാം ശക്തിപ്പെടുത്താനാണ് അണക്കെട്ടിനോട് ചേർന്ന 23 മരങ്ങൾ മുറിക്കാൻ തമിഴ്നാട് ആവശ്യപ്പെട്ടത്. സംസ്ഥാനം 15 മരങ്ങൾ മുറിക്കാൻ അനുമതി കൊടുത്തു. പിന്നീട് വിവാദമായതിനെത്തുടർന്ന് ഉത്തരവ് മരവിപ്പിച്ചു. ഇതിനിടെയാണ് ബേബി ഡാം ശക്തിപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട്‌ കേന്ദ്ര സര്‍ക്കാരും കത്തയച്ചിരിക്കുന്നത്. 

സർക്കാർ നിയമോപദേശം തേടി

ഇതിനിടെ, മുല്ലപ്പെരിയാർ മരംമുറി ഉത്തരവ് റദ്ദാക്കാനാവുമോ എന്ന് കേരള സർക്കാർ നിയമോപദേശം തേടി. അഡ്വക്കേറ്റ് ജനറലിനോടാണ് നിയമോപദേശം തേടിയത്. ഉദ്യോഗസ്ഥർക്കെതിരെ നടപടി നിയമോപദേശം ലഭിച്ച ശേഷം മാത്രം മതിയെന്നാണ് തീരുമാനം. ചീഫ് വൈൽഡ് ലൈഫ് വാർഡൻ ബെന്നിച്ചൻ തോമസിനെതിരെ മാത്രം നടപടി എടുത്താൽ ചോദ്യം ചെയ്യപ്പെടുമോ എന്ന് സർക്കാരിന് ആശങ്കയുണ്ട്.