രഹസ്യയോഗം അറിഞ്ഞെത്തിയ മാധ്യമപ്രവര്‍ത്തകരെ മര്‍ദിച്ച സംഭവം; 20 കോണ്‍ഗ്രസ് നേതാക്കള്‍ക്ക് എതിരെ കേസ്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 13th November 2021 08:04 PM  |  

Last Updated: 13th November 2021 08:04 PM  |   A+A-   |  

kozhikode_congress_attack

വീഡിയോ ദൃശ്യം


കോഴിക്കോട്: കോണ്‍ഗ്രസ് ഗ്രൂപ്പ് യോഗം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകരെ അക്രമിച്ച സംഭവത്തില്‍ ഇരുപത് നേതാക്കള്‍ക്ക് എതിരെ കേസ്. കോഴിക്കോട് കസബ പൊലീസാണ് കേസെടുത്തത്. ഡിസിസി മുന്‍ പ്രസിഡന്റ് യു രാജീവന്‍ അടക്കമുള്ളവര്‍ക്ക് എതിരെയാണ് കേസെടുത്തിരിക്കുന്നത്. 

കോഴിക്കോട് ചേര്‍ന്ന കോണ്‍ഗ്രസ് എ ഗ്രൂപ്പിന്റെ രഹസ്യ യോഗം അറിഞ്ഞെത്തിയ മാധ്യമപ്രവര്‍ത്തകരെയാണ് ഒരുസംഘം പ്രവര്‍ത്തകരും നേതാക്കളും ആക്രമിച്ചത്. വനിതാ മാധ്യമപ്രവര്‍ത്തകയെ കയ്യേറ്റം ചെയ്യുകയും അസഭ്യവര്‍ഷം നടത്തുകയും ചെയ്തു. 

കല്ലായിലെ സ്വകാര്യ ഹോട്ടലില്‍ ആയിരുന്നു കോണ്‍ഗ്രസ് എ ഗ്രൂപ്പ് നേതാക്കളുടെ രഹസ്യയോഗം. ഇക്കാര്യം മാധ്യമപ്രവര്‍ത്തകരെ അറിയിച്ചതും കോണ്‍ഗ്രസ് നേതാക്കള്‍ തന്നെയാണ്. വിവരം അറിഞ്ഞ് സ്ഥലത്തെത്തി ഫോട്ടോ പകര്‍ത്തിയ മാതൃഭൂമി പത്രത്തിന്റെ ഫോട്ടോഗ്രാഫര്‍ സാജനെ കോണ്‍ഗ്രസുകാര്‍ ക്രുരമായി മര്‍ദിക്കുകയായിരുന്നു. 

ഇതിന് പിന്നാലെയെത്തിയ വനിതാ ദൃശ്യമാധ്യമപ്രവര്‍ത്തകയെയും കോണ്‍ഗ്രസ് നേതാക്കള്‍ മര്‍ദ്ദിച്ചു. കൂടാതെ അസഭ്യവര്‍ഷം നടത്തുകയും ചെയ്തു. കൈരളി ടിവി റിപ്പോര്‍ട്ടര്‍ മേഘ, ഏഷ്യാനെറ്റ് റിപ്പോര്‍ട്ടര്‍ സിആര്‍ രാജേഷ് എന്നിവര്‍ക്കുമാണ് പരിക്കേറ്റത്.

സംഭവമറിഞ്ഞ് കസബ പൊലീസ് സ്ഥലത്ത് എത്തി. എന്നാല്‍ രഹസ്യയോഗമല്ല ചേര്‍ന്നതെന്നും നെഹ്രു അനുസ്മരണം നടത്തുകയാണ് ഉണ്ടായതെന്നുമാണ് കോണ്‍ഗ്രസ് നേതാക്കളുടെ വിശദീകരണം.