ഡിഐജിയുടെ വാഹനം തടഞ്ഞു, കാറിന്റെ ആന്റിന ഒടിച്ചെടുത്തു; ആലുവ സിഐക്കെതിരെ വ്യാപക പ്രതിഷേധം ( വീഡിയോ)

ആലുവ പൊലീസ് സ്റ്റേഷന്റെ മുന്നില്‍ സ്ഥലം എംഎല്‍എ അന്‍വര്‍ സാദത്തും ബെന്നി ബഹനാന്‍ എംപിയും കുത്തിയിരിപ്പ് സമരം നടത്തി
കോൺ​ഗ്രസിന്റെ പ്രതിഷേധ പ്രകടനം/ ചിത്രം : എ സനേഷ് ( ന്യൂ ഇൻഡ്യൻ എക്സ്പ്രസ്)
കോൺ​ഗ്രസിന്റെ പ്രതിഷേധ പ്രകടനം/ ചിത്രം : എ സനേഷ് ( ന്യൂ ഇൻഡ്യൻ എക്സ്പ്രസ്)

കൊച്ചി : ആലുവയില്‍ നിയമവിദ്യാര്‍ത്ഥിനി മോഫിയ പര്‍വീണ്‍ ജീവനൊടുക്കിയ സംഭവത്തില്‍ ആരോപണ വിധേയനായ ആലുവ ഈസ്റ്റ് സിഐ സി എല്‍ സുധീറിനെതിരെ വ്യാപക പ്രതിഷേധം. സിഐക്കെതിരെ നടപടി വൈകുന്നതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസും യുഡിഎഫും സമരം ശക്തമാക്കി. ആലുവ പൊലീസ് സ്റ്റേഷന്റെ മുന്നില്‍ സ്ഥലം എംഎല്‍എ അന്‍വര്‍ സാദത്തും ബെന്നി ബഹനാന്‍ എംപിയും കുത്തിയിരിപ്പ് സമരം നടത്തി. ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസും സമരത്തില്‍ പങ്കെടുത്തു. 

പൊലീസ് സ്റ്റേഷന്റെ പുറത്ത് കോണ്‍ഗ്രസ്, മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ പ്രതിഷേധ പ്രകടനം നടത്തി. സമരം നടത്തിയ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ റോഡില്‍ ടയര്‍ കത്തിച്ച് പ്രതിഷേധിച്ചു. ആരോപണ വിധേയനായ സിഐക്കെതിരെ നടപടി വൈകുന്നതില്‍ പ്രതിഷേധിച്ച് മഹിളാമോര്‍ച്ച പ്രവര്‍ത്തകരും റോഡ് ഉപരോധിച്ച് പ്രതിഷേധം നടത്തി. 

ഡിഐജിയെ സമരക്കാര്‍ തടഞ്ഞു

ഇതിനിടെ, പൊലീസ് സ്റ്റേഷനിലേക്ക് എത്തിയ എറണാകുളം റേഞ്ച് ഡിഐജി നീരജ് കുമാര്‍ ഗുപ്തയെ സമരക്കാര്‍ തടഞ്ഞു. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് ഡിഐജിയെ തടഞ്ഞത്. വാഹനത്തിന്റെ ആന്റിന പ്രവര്‍ത്തകര്‍ ഒടിച്ചെടുത്തു. 

ആരോപണ വിധേയനായ സിഐ സുധീറില്‍ നിന്ന് നേരിട്ട് വിവരം തേടാനാണ് ഡിഎജി നീരജ് കുമാര്‍ ഗുപ്ത എത്തിയതെന്നാണ് സൂചന. റൂറല്‍ എസ്പി കെ കാര്‍ത്തിക്, ആലുവ ഡിവൈഎസ്പി എന്നിവരുമായും ഡിഐജി ചര്‍ച്ച നടത്തും. സംഭവത്തില്‍ അന്വേഷണത്തിന് ഡിവൈഎസ്പിക്ക് എസ് പി കാര്‍ത്തിക് നിര്‍ദേശം നല്‍കിയിരുന്നു. അന്വേഷണ റിപ്പോര്‍ട്ട് ഡിവൈഎസ്പി ഡിഐജിക്ക് കൈമാറിയേക്കും. 

പൊലീസ് മേധാവി റിപ്പോര്‍ട്ട് തേടി

അതിനിടെ ആലുവ സംഭവത്തില്‍ പൊലീസ് മേധാവി എറണാകുളം റേഞ്ച് ഡിഐജിയോട് റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. ഇന്നു തന്നെ റിപ്പോര്‍ട്ട് നല്‍കാനാണ് ആവശ്യപ്പെട്ടിട്ടുള്ളത്. ഈ സാഹചര്യത്തില്‍ ആരോപണ വിധേയനായ സിഐ സുധീറിനെതിരെ ഇന്നു തന്നെ വകുപ്പുതല നടപടി ഉണ്ടായേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അതിനിടെ, സിഐക്കെതിരെ മറ്റൊരു യുവതി കൂടി പരാതിയുമായി രംഗത്തെത്തിയിട്ടുണ്ട്. ഇക്കാര്യം അന്വേഷിക്കാന്‍ എസ്പി കാര്‍ത്തിക് സ്‌പെഷല്‍ ബ്രാഞ്ചിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. 

ഗാര്‍ഹിക പീഡന പരാതിയില്‍ ചര്‍ച്ചയ്ക്ക് വിളിച്ച സിഐ അവഹേളിച്ചെന്നും, ചീത്ത വിളിച്ചെന്നും ആത്മഹത്യാക്കുറിപ്പില്‍ എഴുതിവെച്ചിട്ടാണ് നിയമവിദ്യാര്‍ത്ഥിനിയായ മോഫിയ പര്‍വീണ്‍ ജീവനൊടുക്കിയത്. പൊലീസില്‍ നിന്ന് നീതി കിട്ടില്ലെന്നും യുവതി പറഞ്ഞിരുന്നു. സംഭവം വിവാദമായതോടെ, ഗാര്‍ഹിക പീഡനപരാതിയിന്മേല്‍ ഭര്‍ത്താവ് സൂഹൈല്‍, ഇയാളുടെ മാതാപിതാക്കള്‍ എന്നിവരെ പൊലീസ് രാവിലെ കസ്റ്റഡിയിലെടുത്തിരുന്നു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com