കൊച്ചി: തട്ടിപ്പു കേസിൽ അറസ്റ്റിലായ മോൻസൻ മാവുങ്കലിനെതിരായ പോക്സോ കേസിൽ പെൺകുട്ടിയുടെ മൊഴി പുറത്ത്. വീട്ടിലെ ചികിൽസാ കേന്ദ്രത്തിൽ വെച്ച് മോൻസൻ നിരവധി തവണ പീഡിപ്പിച്ചു. ബലാത്സംഗം ചെയ്ത് ഗർഭിണിയാക്കിയെന്നും പെൺകുട്ടി പൊലീസിന് മൊഴി നൽകി.
ഗുണ്ടകൾ ഭീഷണിപ്പെടുത്തി
പരാതി നൽകാൻ ഒരുങ്ങിയപ്പോൾ മോൻസന്റെ വീട്ടിലെ ഗുണ്ടകൾ വീട്ടിലെത്തി ഭീഷണിപ്പെടുത്തിയെന്നും പെൺകുട്ടി പൊലീസിനോട് പറഞ്ഞു. വീട്ടിൽ ജോലിക്കു നിന്ന സ്ത്രീയുടെ പ്രായപൂർത്തിയാകാത്ത മകളെയാണ് മോൻസൻ ലൈംഗികമായി പീഡിപ്പിച്ചത്.
കേസ് ക്രൈംബ്രാഞ്ചിന്
കുട്ടിയുടെ മാതാവ് കൊച്ചി സിറ്റി പൊലീസ് കമ്മിഷണർക്കു നൽകിയ പരാതിയിൽ എറണാകുളം നോർത്ത് പൊലീസാണ് കേസെടുത്തത്. ഈ കേസ് മോൻസന്റെ മറ്റു കേസുകൾ അന്വേഷിക്കുന്ന ക്രൈംബ്രാഞ്ചിന് കൈമാറി.
പെൺകുട്ടിക്ക് തുടർ വിദ്യാഭ്യാസത്തിനു സൗകര്യം ഒരുക്കാം എന്ന വാഗ്ദാനം നൽകി കലൂരിലെ വീട്ടിൽ വച്ചും മറ്റൊരു വീട്ടിൽ വച്ചും പീഡിപ്പിച്ചു എന്നാണ് പരാതി. പെൺകുട്ടിക്ക് 17 വയസുള്ളപ്പോഴായിരുന്നു പീഡനം. ഭയം മൂലം ഇത്രയും നാൾ സംഭവം മറച്ചു വയ്ക്കുകയായിരുന്നു എന്നാണ് പെൺകുട്ടിയുടെ അമ്മ പരാതിയിൽ വ്യക്തമാക്കിയിരിക്കുന്നത്.
നേരത്തെ ലൈംഗിക പീഡനക്കേസ് ഒതുക്കിത്തീർക്കുന്നതിന് മോൻസൻ ഇടപെട്ടു എന്നുകാണിച്ച് യുവതി പരാതിയുമായി രംഗത്ത് എത്തിയിരുന്നു. മോൻസനുമായി അടുപ്പമുള്ളവരെയും സാമ്പത്തിക ഇടപാടുകൾ നടത്തിയിരുന്നവരെയും അന്വേഷണ സംഘം ചോദ്യം ചെയ്തു വരികയാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates