ബിനീഷ് കോടിയേരി ജയിൽ മോചിതനായി

ഒരു വർഷത്തെ ജയിൽ വാസത്തിന് ശേഷമാണ് ബിനീഷ് പുറത്തിറങ്ങുന്നത്
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

ബംഗളൂരു: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ജാമ്യം ലഭിച്ച ബിനീഷ് കോടിയേരി ജയിൽ മോചിതനായി. ഒരു വർഷത്തെ ജയിൽ വാസത്തിന് ശേഷമാണ് ബിനീഷ് പുറത്തിറങ്ങുന്നത്. പരപ്പന അഗ്രഹാര ജയിലില്‍ നിന്നാണ് ബിനീഷ് പുറത്തിറങ്ങിയത്. സഹോദരന്‍ ബിനോയ് കോടിയേരിയും സുഹൃത്തുക്കളുമാണ് സ്വീകരിക്കാന്‍ എത്തിയത്. ബിനീഷ് നാളെ കേരളത്തിലെത്തും. 

സത്യം ജയിക്കുമെന്ന് ജയിലില്‍ നിന്ന് പുറത്തിറങ്ങിയ ബിനീഷ് പ്രതികരിച്ചു. ചില പേരുകള്‍ പറയാന്‍ തയ്യാറാകത്തതാണ് തന്നെ വേട്ടയാടാന്‍ കാരണമെന്ന് ബിനീഷ് കോടിയേരി പറഞ്ഞു. ഇഡി ആവശ്യപ്പെട്ട പേരുകള്‍ പറഞ്ഞിരുന്നെങ്കില്‍ പത്ത് ദിവസത്തിനകം ജയില്‍ മോചിതനാകുമായിരുന്നു. രാജ്യത്തെ വലിയ രാഷ്ട്രീയ പാര്‍ട്ടിയാണ് തന്നെ വേട്ടയാടിയതിന് പിന്നിലെന്നും ബിനീഷ് വ്യക്തമാക്കി. വേട്ടയാടലിന് കാരണം ബിനീഷ് അല്ല പേരിനൊപ്പമുള്ള കോടിയേരിയാണെന്നും കേരളത്തിലെത്തിയ ശേഷം കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്തുമെന്നും ബിനീഷ് കൂട്ടിച്ചേര്‍ത്തു. 

ജാമ്യക്കാർ പിന്മാറിയതോടെ ഇന്നലെ ബിനീഷിന്റെ ജയിൽ മോചനം സാധ്യമാകാതെ പോയിരുന്നു. പുതിയ ജാമ്യക്കാരെ ഹാജരാക്കിയപ്പോഴേക്കും സമയം വൈകി. പിന്നാലെയാണ് ഇന്ന് ജയിൽ മോചനം സാധ്യമായത്. ബിനീഷിനെ ഇന്നലെ തന്നെ പുറത്തിറക്കാൻ സഹോദരൻ ബിനോയ് കോടിയേരിയും സുഹൃത്തുക്കളും ശ്രമിച്ചിരുന്നു. എന്നാൽ അവസാന നിമിഷം അത് നടക്കാതെ പോയി. 

അഞ്ച് ലക്ഷത്തിന്റെ രണ്ട് ആൾ ജാമ്യത്തിലാണ് കോടതി ജാമ്യം അനുവദിച്ചത്. ഇതിന് കർണാടകയിൽ നിന്ന് തന്നെ ആളുകൾ വേണമായിരുന്നു. ഇതിനായി കണ്ടെത്തിയ രണ്ട് കടുത്ത ജാമ്യ വ്യവസ്ഥകൾ കാരണം അവസാന നിമിഷം കോടതിയിൽ വെച്ച് പിന്മാറുകയായിരുന്നു. പകരം രണ്ട് പേരെ കണ്ടെത്തി എത്തിച്ചെങ്കിലും അപ്പോഴേക്കും കോടതി സമയം കഴിഞ്ഞിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com